ന്യൂദൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ദൽഹിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ജൂൺ 15നായിരിക്കും തെരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനമിറങ്ങുക. ജൂൺ 29വരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാം. ജൂൺ 30നായിരിക്കും സ്ഥാനാർത്ഥി വിവരങ്ങൾ സൂക്ഷമപരിശോധന ചെയ്യുക.
ജൂലൈ രണ്ട് വരെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ അവസരമുണ്ട്. നിലവിൽ ജൂലൈ 18ന് തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഇലക്ഷൻ കമ്മീഷൻ വ്യക്തമാക്കി. ദൽഹിയിൽ ജൂലൈ 21നായിരിക്കും വോട്ടെണ്ണൽ നടത്തുക.
തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കാൻ പ്ലാസ്റ്റിക്
സാമഗ്രികളുടെ ഉപയോഗം ഒഴിവാക്കാൻ കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ എല്ലാ ഘട്ടത്തിലും കൃത്യമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും നിർദേശമുണ്ട്.
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24ന് അവസാനിക്കാനുന്നതിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. രാംനാഥ് കോവിന്ദിനെ രണ്ടാമതും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ സാധ്യതയില്ലെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.
നിലവിലെ രാഷ്ട്രപതിയുടെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് അടുത്ത രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഭരണഘടനയിൽ പറഞ്ഞിട്ടുള്ളത്. 2017 ജൂലൈ 17-നാണ് അവസാനത്തെ രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടന്നത്.
ലോക്സഭയിലെയും രാജ്യസഭയിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും സംസ്ഥാന നിയമസഭകളിലേയും ദൽഹിയിലേയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഉൾപ്പെടുന്ന ഇലക്ടറൽ കോളേജ് ആണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. ഇലക്ടറൽ കോളേജിൽ ഏറ്റവും കൂടുതൽ വോട്ട് മൂല്യമുള്ളത് ഉത്തർപ്രദേശിനാണ്.
ഇക്കുറി 5,43,200 ആണ് എം.പിമാരുടെ വോട്ട് മൂല്യം. എം.എൽ.എമാരുടേത് 5,43,231 ആയിരിക്കും.
നിലവിലെ സാഹചര്യത്തിൽ ബി.ജെ.പിയ്ക്ക് തങ്ങളുടെ സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ അനായാസം സാധിക്കുമെന്നാണ് വിലയിരുത്തൽ. അടുത്തിടെ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, തുടങ്ങിയ സംസ്ഥാനങ്ങളിൽ നേടിയ വിജയം രാഷ്ട്രപതി തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് അനുകൂലമാകുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്.
Content highlight: Presidential elections will be held in 18th of july says election commission of India