| Saturday, 16th April 2022, 1:08 pm

നാറ്റോ മിലിറ്ററി കമാന്‍ഡില്‍ നിന്ന് ഫ്രാന്‍സിനെ പിന്‍വലിക്കും; നാറ്റോ-റഷ്യ അനുരജ്ഞനം സാധ്യമാക്കും: പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലേ പെന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരിസ്: തെരഞ്ഞെടുപ്പില്‍ വിജയിച്ച് ഫ്രാന്‍സിന്റെ പുതിയ പ്രസിഡന്റായി അധികാരമേല്‍ക്കുകയാണെങ്കില്‍ നാറ്റോയില്‍ നിന്നും ഫ്രാന്‍സിനെ ഭാഗികമായി പിന്‍വലിക്കുമെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മരിന്‍ ലേ പെന്‍.

നാറ്റോയുടെ ഇന്റഗ്രേറ്റഡ് മിലിറ്ററി കമാന്‍ഡില്‍ നിന്നും ഫ്രാന്‍സിന്റെ പിന്മാറ്റത്തിന് വഴിയൊരുക്കുമെന്നും നാറ്റോ സഖ്യവും റഷ്യയും തമ്മിലുള്ള തന്ത്രപരമായ അനുരജ്ഞനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നുമായിരുന്നു പത്രസമ്മേളനത്തില്‍ വെച്ച് ലേ പെന്‍ പറഞ്ഞത്.

എന്നാല്‍ നാറ്റോ സൈനിക കമാന്‍ഡില്‍ നിന്നുള്ള പിന്മാറ്റം ഫ്രാന്‍സ് റഷ്യക്ക് കീഴടങ്ങി എന്നല്ല അര്‍ത്ഥമാക്കുന്നത് എന്നും ലേ പെന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ നാറ്റോ സഖ്യത്തില്‍ നിന്നും ഫ്രാന്‍സ് പൂര്‍ണമായും പിന്മാറണമെന്ന് മരിന്‍ ലേ പെന്‍ ആവശ്യമുന്നയിച്ചിരുന്നു.

2009ലായിരുന്നു ഫ്രാന്‍സ് നാറ്റോയുടെ മിലിറ്ററി കമാന്‍ഡിന്റെ ഭാഗമായത്. അതുമുതല്‍ നാറ്റോ സഖ്യത്തിലെ മൂന്നാമത്തെ വലിയ സൈനിക ശക്തിയാണ് ഫ്രാന്‍സ്.

1966 മുതല്‍ 2009 വരെ ഫ്രാന്‍സ് ഇന്റഗ്രേറ്റഡ് മിലിറ്ററി കമാന്‍ഡില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയും എന്നാല്‍ രാഷ്ട്രീയ കാരണങ്ങളാല്‍ നാറ്റോ സഖ്യത്തില്‍ തുടരുകയുമായിരുന്നു.

അധികാരത്തിലേറിയാല്‍ 2009ന് മുമ്പുള്ള ഈ സ്ഥിതിയിലേക്ക് ഫ്രാന്‍സിനെ എത്തിക്കും എന്നാണ് ഇപ്പോള്‍ ലേ പെന്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഫ്രാന്‍സിന്റെ നിലവിലെ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ മുഖ്യ എതിരാളിയാണ് തെരഞ്ഞെടുപ്പില്‍ ലേ പെന്‍. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണ് ലേ പെന്‍.

ഒന്നാം റൗണ്ട് തെരഞ്ഞെടുപ്പ് ഏപ്രില്‍ 10നായിരുന്നു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം മരിന്‍ ലേ പെന്നിന് 23.1 ശതമാനം വോട്ടം മക്രോണിന് 27.8 ശതമാനം വോട്ടുമാണ് ലഭിച്ചത്.

രണ്ടാം റൗണ്ട് തെരഞ്ഞെടുപ്പ് ഏപ്രില്‍ 24നാണ് നടക്കുന്നത്.

Content Highlight: Presidential candidate Marine Le Pen says France will withdrew from NATO Military Command, if elected president

We use cookies to give you the best possible experience. Learn more