National
എല്ലാ അവാര്‍ഡുകളും രാഷ്ട്രപതി നല്‍കേണ്ട; അവാര്‍ഡ് വിതരണത്തിന് സ്മൃതി ഇറാനിയെ നിയോഗിച്ച് കേന്ദ്രസര്‍ക്കാര്‍: പ്രതിഷേധവുമായി പുരസ്‌കാര ജേതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 May 02, 01:58 pm
Wednesday, 2nd May 2018, 7:28 pm

 

ന്യൂദല്‍ഹി: ഈ വര്‍ഷത്തെ ദേശീയ അവാര്‍ഡ് വിതരണ വേദിയില്‍ പുരസ്‌കാര ജേതാക്കളുടെ പ്രതിഷേധം. സാധാരണയായി രാഷ്ട്രപതി വിതരണം ചെയ്യുന്ന അവാര്‍ഡുകളില്‍  ഇത്തവണ മാറ്റം കൊണ്ടുവന്നുള്ള സര്‍ക്കാര്‍ നയത്തിനെതിരെയാണ് ഇപ്പോള്‍ പുരസ്‌കാര ജേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തുന്നത്.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആദ്യത്തെ 15 അവാര്‍ഡുകള്‍ മാത്രം വിതരണം ചെയ്താല്‍ മതിയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. ബാക്കിയുള്ള അവാര്‍ഡുകള്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി നല്‍കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

കേന്ദ്രത്തിന്റെ ഈ നയത്തിനെതിരെ അവാര്‍ഡ് ജേതാക്കള്‍ രംഗത്തെത്തിയിരിക്കയാണ്. ഇത്രയും കാലം തുടര്‍ന്നതുപോലെ എല്ലാ അവാര്‍ഡുകളും രാഷ്ട്രപതി തന്നെ നല്‍കണമെന്നാണ് പുരസ്‌കാര ജേതാക്കളുടെ പ്രധാന ആവശ്യം.


ALSO READ: ‘പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാര്‍ കൂടെയുണ്ടായിരുന്നു; ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ തെറ്റായ പ്രചരണം നടത്തുന്നു’: ലിഗയുടെ സഹോദരി ഇലിസ്


സാധാരണനിലയില്‍ ഇന്ത്യയില്‍ ദേശീയ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നത് രാഷ്ട്രപതിയാണ്. ഇതാദ്യമായാണ് കേന്ദ്രമന്ത്രി അവാര്‍ഡ് വിതരണം ചെയ്യണമെന്ന നയവുമായി സര്‍ക്കാര്‍ മുന്നോട്ടെത്തിയിരിക്കുന്നത്.

മെയ് മൂന്നിന് വിജ്ഞാന്‍ ഭവനില്‍ വച്ചാണ് പുരസ്‌കാര വിതരണ ചടങ്ങ് നടത്താനിരിക്കുന്നത്.

അവാര്‍ഡ് വാങ്ങാനെത്തിയ എല്ലാ പുരസ്‌കാര ജേതാക്കള്‍ക്കും ലഭിച്ച ഔദ്യോഗിക കത്തില്‍ രാഷ്ട്രപതി ആണ് പുരസ്‌കാര വിതരണം നടത്തുന്നത് എന്നാണുള്ളത്. അതേസമയം പുരസ്‌കാരം സ്വീകരിക്കുന്ന ചടങ്ങിന്റെ റിഹേര്‍സല്‍ ക്യാംപില്‍ വച്ചാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാകും ബാക്കി അവാര്‍ഡുകള്‍ നല്‍കുക എന്ന പ്രഖ്യാപനം ഉണ്ടായത്.

ഇതോടെയാണ് ചടങ്ങിനെത്തിയ പുരസ്‌കാര ജേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതേത്തുടര്‍ന്ന് സ്മൃതി ഇറാനി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്താന്‍ എത്തിയിരുന്നു. എന്നാല്‍ തങ്ങളുടെ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന രീതിയിലാണ് പുരസ്‌കാര ജേതാക്കള്‍ എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.