'വിദ്വേഷം പരത്തുന്ന പ്രസിഡന്റ്'; ട്രംപിനെതിരെ ദേശീയഗാന സമയത്ത് മുട്ടുകുത്തി പ്രതിഷേധിച്ച് കായികതാരം
ലിമ: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ മത്സരവേദിയില്‍ മുട്ടുകുത്തി നിന്ന് പ്രതികരിച്ച് അമേരിക്കന്‍ കായിക താരം റേസ് ഇംബൊഡെന്‍.
ഫെന്‍സിങ് താരമായ റേസ് പെറുവിലെ ലിമയില്‍ നടന്ന പാന്‍അമേരിക്കന്‍ ഗെയിംസ് വേദിയില്‍ പോഡിയത്തിന് മുകളില്‍ വെച്ചാണ് പ്രതിഷേധിച്ചത്. ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ അമേരിക്കന്‍ ടീമിന്റെ ഭാഗമായിരുന്നു റേസ്.
‘വംശീയതയ്ക്കും തോക്ക് നിയമത്തിനും കുടിയേറ്റക്കാര്‍ക്കെതിരായ മോശം പെരുമാറ്റത്തിനെതിരെയും വിദ്വേഷ പ്രചരിപ്പിക്കുന്ന പ്രസിഡന്റിനെതിരെയുമാണ് തന്റെ പ്രതിഷേധമെന്ന് റേസ് പറഞ്ഞു.
ഈ വിഷയങ്ങള്‍ ആളുകളുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നുള്ളത് കൊണ്ടാണ് പോഡിയത്തില്‍ നിന്ന് പ്രതിഷേധിച്ചതെന്നും മറ്റുള്ളവരും അവരുടെ വേദികള്‍ ഉപയോഗിക്കണമെന്ന് റേസ് പറഞ്ഞു.
തന്റെ രണ്ട് സഹതാരങ്ങള്‍ നില്‍ക്കുന്ന സമയത്താണ് റേസ് ഒറ്റയാള്‍ പ്രതിഷേധം നടത്തിയത്. അമേരിക്കയില്‍ വര്‍ദ്ധിച്ച് വരുന്ന വംശീയ ആക്രമണങ്ങളും ട്രംപിനെ പോലുള്ളവര്‍ നടത്തുന്ന കുടിയേറ്റ വിരുദ്ധ പ്രസ്താവനകളും ചര്‍ച്ചയാവുന്ന ഘട്ടത്തിലാണ് റേസ് ഇംബൊഡെന്റെ പ്രതിഷേധം.
അമേരിക്കയില്‍ 22 പേരെ വെടിവെച്ചു കൊലപ്പെടുത്തിയ എല്‍പാസോ ഷൂട്ടിങ് സംഭവത്തിലെ പ്രതി പറഞ്ഞിരുന്നത് താന്‍ മെക്‌സിക്കോക്കാരെയാണ് ലക്ഷ്യം വെച്ചതെന്നാണ്.