ഇന്ത്യയേക്കാള്‍ പത്ത് വര്‍ഷം മുമ്പിലാണ് ചൈനയെന്നും രാഹുല്‍ ഗാന്ധി
ന്യൂദല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ പാര്‍ലമെന്റ് പ്രസംഗത്തിനെതിരെ വിമര്‍ശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാഷ്ടപതിയുടെ പ്രസംഗം കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങളുടെ അലക്ക് ലിസ്റ്റിന് സമാനമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പാര്‍ലമെന്റിലെ നന്ദിപ്രമേയ ചര്‍ച്ചയിലായിരുന്നു രാഹുലിന്റെ വിമര്‍ശനം.
കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റിലെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് സംസാരിച്ച അതേ പ്രസംഗമാണ് രാഷ്ട്രപതി ഇത്തവണയും നടത്തിയതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രസംഗത്തിലെ ആവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടിയെന്നും അദ്ദേഹം പ്രതികരിച്ചു.
താന്‍ പ്രതീക്ഷിച്ച തരത്തിലുള്ള രാഷ്ട്രപതിയുടെ പ്രസംഗമല്ല പാര്‍ലമെന്റില്‍ കേട്ടതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാഷ്ട്രപതി ഉന്നയിച്ച കാര്യങ്ങളെ വിമര്‍ശിക്കുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്റിലെ സംയുക്ത സമ്മേളനത്തിന് ശേഷം രാഷ്ട്രപതിയുടെ പ്രസംഗത്തെ സംബന്ധിച്ച് രാജ്യസഭ എം.പി സോണിയ ഗാന്ധി നടത്തിയ പ്രതികരണം വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.
‘പ്രസംഗത്തിന്റെ അവസാനമായപ്പോഴേക്കും രാഷ്ട്രപതി വല്ലാതെ തളര്‍ന്നിരുന്നു. അവര്‍ക്ക് സംസാരിക്കാന്‍ പ്രയാസമുണ്ട്, പാവം,’ എന്നാണ് സോണിയ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്.
തുടര്‍ന്ന് സോണിയ ഗാന്ധിയുടെ രാജി ഉള്‍പ്പെടെ ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് രാഷ്ട്രപതിയുടെ പ്രസംഗത്തിനെതിരെ രാഹുല്‍ ഗാന്ധി വിമര്‍ശനം ഉയര്‍ത്തുന്നത്.
പാര്‍ലമെന്റ് പ്രസംഗത്തില്‍ ‘മേക്ക് ഇന്‍ ഇന്ത്യ’ നല്ലൊരു ആശയമായിരുന്നെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ ആശയം നടപ്പിലാക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാജയപ്പെട്ടുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
മേക്ക് ഇന്ത്യ പദ്ധതിക്ക് ശേഷം ആഭ്യന്തര ഉത്പാദനം കുറഞ്ഞുവെന്നും ഇന്ത്യയില്‍ ചൈനയ്ക്ക് ആധിപത്യം നേടാന്‍ ഇത് കാരണമായെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ചൈനയുമായി യുദ്ധമുണ്ടായാല്‍ ചൈനയുടെ ഉപകരണങ്ങള്‍ തന്നെ ഉപയോഗിച്ച് പ്രതിരോധിക്കേണ്ടി വരും. ഇന്ത്യയേക്കാള്‍ പത്ത് വര്‍ഷം മുമ്പിലാണ് ചൈനയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
രാജ്യത്തെ പ്രധാന സ്ഥാപനങ്ങളുടെ തലപ്പത്ത് പിന്നോക്കക്കാരില്ലെന്നും വികസനം ഉണ്ടാകേണ്ടത് പിന്നോക്കവിഭാഗക്കരെയും ഉള്‍പ്പെടുത്തിയാകണമെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്ത് ജാതി സെന്‍സസ് നടത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
മോദി സര്‍ക്കാരിന് രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും യു.പി.എ സര്‍ക്കാരും ഇക്കാര്യത്തെ ഗൗവകരമായി പരിഗണിച്ചിട്ടില്ലെന്നും രാഹുല്‍ പാര്‍ലമെറ്റില്‍ പറഞ്ഞു. അതേസമയം രാഹുലിന്റെ പ്രസംഗത്തിനിടെ പാര്‍ലമെന്റില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി.
Content Highlight: President’s speech akin to central government’s laundry list: Rahul Gandhi