ആറ് വർഷത്തിന് ശേഷം ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു; ഒമർ അബ്ദുള്ള ഭരണത്തിന് വഴിയൊരുങ്ങുന്നു
national news
ആറ് വർഷത്തിന് ശേഷം ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു; ഒമർ അബ്ദുള്ള ഭരണത്തിന് വഴിയൊരുങ്ങുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th October 2024, 8:46 am

ശ്രീനഗർ: ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു. ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചതോടെ കേന്ദ്രഭരണപ്രദേശത്ത് പുതിയ സർക്കാർ രൂപീകരണത്തിന് വഴിയൊരുങ്ങുകയാണ്. ഇത് സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയാണ് ജമ്മു കശ്മീർ മുഖ്യമന്ത്രിയാകുന്നത്.

ജമ്മു കശ്മീരിൽ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനെത്തുടർന്ന് പുതിയ സർക്കാർ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള വെള്ളിയാഴ്ച ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണിത്.

‘ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 239, 239A എന്നിവയ്‌ക്കൊപ്പം ജമ്മു-കശ്മീർ പുനഃസംഘടന നിയമത്തിന്റെ 2019 (2019 ലെ 34) സെക്ഷൻ 73 നൽകുന്ന അധികാരങ്ങൾ വിനിയോഗിച്ച്, 2019 ഒക്ടോബർ 31 ലെ കേന്ദ്രഭരണ പ്രദേശവുമായി ബന്ധപ്പെട്ട ഉത്തരവ്, 2019 ലെ ജമ്മു കശ്മീർ പുനഃസംഘടന നിയമത്തിൻ്റെ 54-ാം വകുപ്പ് പ്രകാരം മുഖ്യമന്ത്രിയെ നിയമിക്കുന്നതിന് മുമ്പ് റദ്ദാക്കപ്പെടും,’ പ്രസിഡൻ്റ് ദ്രൗപതി മുർമു ഒപ്പിട്ട വിജ്ഞാപനത്തിൽ പറയുന്നു.

പത്ത് വർഷങ്ങൾക്ക് ശേഷമാണ് ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടന്നത്. 2018 ജൂൺ 19 ന് പി.ഡി.പി-ബി.ജെ.പി സഖ്യം തകർന്നതിനെ തുടർന്ന് മേഖലയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരുന്നു. 2019ൽ സർക്കാർ ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കുകയും പഴയ സംസ്ഥാനത്തെ ഒരു കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റുകയും ചെയ്തു.

ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുക എന്നതാണ് പുതിയ സർക്കാരിൻ്റെ പ്രധാന ലക്ഷ്യമെന്ന് നാഷണൽ കോൺഫറൻസ് പ്രസിഡൻ്റ് ഫാറൂഖ് അബ്ദുള്ള ശനിയാഴ്ച പറഞ്ഞിരുന്നു.

‘ജമ്മു കശ്മീരിനെ ഒന്നിപ്പിക്കുക, തിരഞ്ഞെടുപ്പ് വേളയിൽ പടരുന്ന വിദ്വേഷം അവസാനിപ്പിക്കുക എന്നിവയായിരിക്കും ഞങ്ങളുടെ മുൻഗണന. സംസ്ഥാന പദവി പുനഃസ്ഥാപിക്കേണ്ടതുണ്ട് , അങ്ങനെ സംസ്ഥാനത്തിന് ശരിയായി പ്രവർത്തിക്കാനും ഞങ്ങൾക്ക് ഞങ്ങളുടെ കടമകളിൽ തുടരാനും കഴിയും,’ അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസ് 42 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസിന് ആറ് സീറ്റുകൾ മാത്രമാണ് ലഭിച്ചത്. കശ്മീരിൽ അഞ്ച്, ജമ്മുവിൽ ഒന്ന്.

ഇരുപാർട്ടികളും തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യമുണ്ടാക്കിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ട നാല് സ്വതന്ത്ര എം.എൽ.എമാരുടെയും ആം ആദ്മി പാർട്ടിയുടെ (എ.എപി) ഒരാളുടെയും പിന്തുണയാണ് സഖ്യത്തിന്റെ നില ശക്തിപ്പെടുത്തുന്നത്. 29 സീറ്റുകൾ മാത്രമാണ് ബി.ജെ.പിക്ക് നേടാൻ കഴിഞ്ഞത്.

 

Content Highlight: President’s rule revoked in J&K after 6 yrs, paves way for Omar Abdullah govt