ന്യൂദല്‍ഹി: ജമ്മുകശ്മീരില്‍ ആറ് മാസത്തേക്കു കൂടി രാഷ്ട്രപതി ഭരണം നീട്ടുന്നതിനുള്ള ബില്‍ രാജ്യസഭ പാസ്സാക്കി. എസ്.പി, തൃണമൂല്‍, ആര്‍.ജെ.ഡി, പി.ഡി.പി അടക്കമുള്ള പാര്‍ട്ടികളാണ് പ്രമേയത്തെ രാജ്യസഭയില്‍ പിന്തുണച്ചത്. അതേസമയം കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും ഡി.എം.കെയും പ്രമേയത്തെ എതിര്‍ത്തു.
രാഷ്ട്രപതി ഭരണം നീട്ടുകയല്ലാതെ സര്‍ക്കാരിന് മുന്നില്‍ മറ്റുമാര്‍ഗങ്ങളില്ലെന്ന് പ്രമേയം അവതരിപ്പിച്ച അഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. സംസ്ഥാനത്ത് ഒക്ടോബര്‍ അവസാനത്തോടെ തെരെഞ്ഞെടുപ്പ് നടക്കുമെന്നും അമിത് ഷാ പറഞ്ഞു.
‘കശ്മീരില്‍ മാനവികതയും ജനാധിപത്യവും സംസ്‌കാരവും നിലനിര്‍ത്തുന്നതിനുള്ള മോദി സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധത തുടരും. എന്നാല്‍ രാജ്യത്തെ വിഘടിപ്പിക്കുന്ന ശക്തികളെ വെറുതെ വിടുമെന്ന് അതിന് അര്‍ഥമില്ല. അവര്‍ക്ക് അവരുടേതായ ഭാഷയില്‍ ഉചിതമായ മറുപടി നല്‍കും’- അമിത് ഷാ പറഞ്ഞു.
‘കശ്മീരില്‍നിന്ന് പുറത്താക്കപ്പെട്ട കശ്മീരി പണ്ഡിറ്റുകളും കശ്മീരിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഹിന്ദു-മുസ്‌ലിം ഐക്യത്തിനായി സംസാരിച്ച സൂഫികള്‍ കശ്മീരില്‍ നിന്ന് പുറത്താക്കപ്പെട്ടു. അവരും കശ്മീരിന്റെ പാരമ്പര്യത്തിന്റെ ഭാഗമല്ലേ? കശ്മീരിന്റെ സംസ്‌കാരത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ നമുക്ക് അവരെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്’- അമിത് ഷാ പറഞ്ഞു.
ജമ്മു കശ്മീരില്‍ പി.ഡി.പി സര്‍ക്കാരിന് ബി.ജെ.പി നല്‍കിയിരുന്ന പിന്തുണ പിന്‍വലിക്കുകയും ഭരണപ്രതിസന്ധിയുണ്ടാവുകയും ചെയ്തതിനെ തുടര്‍ന്ന 2018 ജൂണ്‍ മുതലാണ് ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്താനാവില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം അവസാനം ഓര്‍ഡിനന്‍സിലൂടെ വീണ്ടും രാഷ്ട്രപതി ഭരണം നീട്ടിയിരുന്നു.