| Friday, 15th June 2018, 9:15 am

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയയ്ക്കില്ല: സംസ്ഥാനസര്‍ക്കാരിന്റെ അപേക്ഷ തള്ളി രാഷ്ട്രപതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയയ്ക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ അപേക്ഷ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. പ്രതികളെ സ്വതന്ത്രരാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തോട് കേന്ദ്രത്തിനു യോജിപ്പില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു രാഷ്ട്രപതിയുടെ നടപടി. മന്ത്രിമാരടങ്ങുന്ന കൗണ്‍സിലിന്റെ അഭിപ്രായം കേട്ട ശേഷമാണ് ഇത്തരം വിഷയങ്ങളില്‍ രാഷ്ട്രപതി തീരുമാനമെടുക്കുക.

കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടെ രണ്ടു തവണയാണ് മനുഷ്യത്വപരമായ കാരണങ്ങള്‍ കണക്കിലെടുത്ത് പ്രതികളെ വിട്ടയയ്ക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചത്. എന്നാല്‍, രാഷ്ട്രപതി ഈ ആവശ്യങ്ങളെല്ലാം നിഷേധിക്കുകയായിരുന്നു. “ഹര്‍ജി പരിഗണിക്കാന്‍ സാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രിയെ കൊലപ്പെടുത്തിയവര്‍ സമൂഹത്തില്‍ സ്വതന്ത്രരായി ജീവിക്കുന്നത് അംഗീകരിക്കാനാവില്ല.” ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നവരെ സ്വതന്ത്രരാക്കണമെന്ന ആവശ്യത്തില്‍ വര്‍ഷങ്ങളായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. ഇരുപത്തിനാലു വര്‍ഷത്തോളമായി ജയിലില്‍ കഴിയുന്ന പ്രതികളെ ജീവപര്യന്തം ശിക്ഷ അനുഭവിച്ചതായി കണക്കാക്കി മാനുഷിക പരിഗണനയുടെ പുറത്ത് വിട്ടയയ്ക്കണമെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ ആവശ്യം.


Also Read: കനത്തമഴ: സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 15 ആയി; രണ്ടു ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് കനത്ത ജാഗ്രത നിര്‍ദ്ദേശം


സുപ്രീം കോടതി ഇടപെട്ട് കേന്ദ്ര സര്‍ക്കാരിനോട് വിഷയത്തില്‍ തീരുമാനമെടുക്കാനും പ്രതികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യസ്ഥിതി, സാമൂഹ്യ-സാമ്പത്തികാവസ്ഥ എന്നിവ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും ആവശ്യപ്പെട്ടിരുന്നുവെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിക്കാന്‍ കേന്ദ്രം തയ്യാറായിരുന്നില്ല. ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡിന്റെ 435ാം വകുപ്പു പ്രകാരം, സി.ബി.ഐ. വിസ്തരിച്ച പ്രതികളെ കേന്ദ്രത്തിന്റെ അനുമതിയില്ലാതെ വിട്ടയയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിനാവില്ല.

1991 മേയ് 21ന് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസിലാണ് ഏഴു പേര്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നത്. വി. ശ്രീഹരന്‍, എ. ജി. പേരറിവാളന്‍, ശാന്തന്‍, ജയകുമാര്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍, നളിനി എന്നിവരാണ് തടവിലുള്ളത്.

We use cookies to give you the best possible experience. Learn more