| Monday, 7th October 2024, 3:08 pm

ഇസ്രഈലിന്റെ അടുത്തലക്ഷ്യം തുര്‍ക്കിയാവാം; തലകുനിക്കില്ല, പൊരുതും: എര്‍ദോഗാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അങ്കാറ: ഇസ്രഈല്‍ അടുത്തതായി ലക്ഷ്യമിടാനിരിക്കുന്നത് തുര്‍ക്കിയെ ആയിരിക്കുമെന്ന് പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍. ഗസയ്ക്കും ലെബനനും ശേഷം ഇസ്രഈല്‍ അടുത്തതായി ലക്ഷ്യമിടുന്നത് തുര്‍ക്കിയെ ആയിരിക്കുമെന്നാണ് എര്‍ദോഗാന്‍ പറഞ്ഞത്. കഴിഞ്ഞാഴ്ച നടന്ന പാര്‍ലമെന്റ് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘ഞാന്‍ നിങ്ങളോട് എല്ലാവരോടും വ്യക്തിപരമായി പറയുകയാണ്. ഇസ്രഈല്‍ അടുത്തതായി ലക്ഷ്യം വെക്കുന്നത് നമ്മളെ ആയിരിക്കും. എന്നാല്‍ നമ്മള്‍ ഒരു മാതൃകാ രാജ്യമായി നിലകൊള്ളണം.

എന്ത് വില കൊടുത്തും തുര്‍ക്കി ഇസ്രഈലിനെതിരെ നിലകൊള്ളുകയും ലോകരാഷ്ട്രങ്ങളെ മാന്യമായ നിലപാടിലെത്തിക്കാന്‍ പരിശ്രമിക്കുകയും വേണം,’ എന്നാണ് എര്‍ദോഗാന്‍ പാര്‍ലമെന്റില്‍ പറഞ്ഞത്. ഗസയില്‍ ഇസ്രഈല്‍ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധം ഒരു വർഷം പിന്നിട്ട പശ്ചാത്തലത്തിലാണ് എര്‍ദോഗാന്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ഇസ്രഈലിന്റെ സുഹൃദ് രാജ്യങ്ങളില്‍ ഒന്നായിരുന്നു തുര്‍ക്കി. ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച ഏതാനും കരാറുകള്‍ ഇപ്പോഴും നിലവിലുണ്ട്. എന്നാല്‍ ഇരുരാജ്യങ്ങളുടെയും ബന്ധം അധികകാലം നിലനില്‍ക്കില്ലെന്ന് തുര്‍ക്കിയിലെ ഉദ്യോഗസ്ഥര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

2023ല്‍ ന്യൂയോര്‍ക്കില്‍ നടന്ന യു.എന്‍ ജനറല്‍ അസംബ്ലിക്കിടെ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും എര്‍ദോഗാനും കൂടിക്കാഴ്ച നടത്തിയിരുന്നു. ഗസയിലെ യുദ്ധം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള കൂടിക്കാഴ്ചയില്‍ എര്‍ദോഗാന്‍ സ്വീകരിച്ച നിലപാട് ഇപ്പോഴത്തേക്കാള്‍ വ്യത്യസ്തമായിരുന്നു.

എന്നാൽ 41000ത്തിലധികം ഫലസ്തീനികളെ കൊന്നൊടുക്കിയ ഇസ്രഈലിന്റെ സൈനിക നടപടിയെ ആദ്യഘട്ടം മുതല്‍ക്കേ തുര്‍ക്കി വിമര്‍ശിക്കുന്നുണ്ട്. നെതന്യാഹുവിനെതിരെ 2024 യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പോലും എര്‍ദോഗാന്‍ വിമര്‍ശനം ഉന്നയിക്കുകയുണ്ടായി.

നേരത്തെ തുര്‍ക്കി വഴി യൂറോപ്പിലേക്ക് ഇസ്രഈല്‍ ഊര്‍ജം എത്തിക്കാന്‍ ഉതകുന്ന വിധത്തില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചിരുന്നു. എന്നാല്‍ പിന്നീട് അങ്ങോട്ട് ഗസയിലെ അധിനിവേശം ഉള്‍പ്പെടെ തുര്‍ക്കിയും ഇസ്രഈലും തമ്മിലുള്ള ബന്ധത്തെ വഷളാകുകയായിരുന്നു.

അതേസമയം ഗസയെ ലക്ഷ്യമിട്ട് ഇസ്രഈല്‍ ഒരു യുദ്ധം നടത്തുന്നുണ്ടെങ്കില്‍ അത് പൂര്‍ണമായും ഫലസ്തീനികളെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരിക്കുമെന്ന് തുര്‍ക്കിക്ക് നേരത്തെ അറിയാമായിരുന്നെന്ന് ഇസ്രാഈലി ഉദ്യോഗസ്ഥര്‍ പ്രതികരിച്ചതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. ഇതുസംബന്ധിച്ചുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ ഇരുരാജ്യങ്ങളും തമ്മില്‍ നടന്നിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

എന്നാല്‍ ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷം പരിഹരിക്കാനുള്ള ഏകമാര്‍ഗം എന്നത് ദ്വിരാഷ്ട്ര നടപടിയാണ്. ഇത് തങ്ങള്‍ക്ക് ഗുണകരമാണെന്നും ദ്വിരാഷ്ട്ര പരിഹാരം ഉണ്ടാകാത്തപക്ഷം അത് മറ്റൊരു തിരിച്ചടിയാകുമെന്നുമുള്ള തിരിച്ചറിവാണ് തുര്‍ക്കി ഫലസ്തീനെ പിന്തുണക്കുന്നതിനെ പിന്നിലെ കാരണമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു.

Content Highlight: President Recep Tayyip Erdoğan says that Israel’s next target will be Turkey

We use cookies to give you the best possible experience. Learn more