national news
രാമക്ഷേത്ര നിര്‍മാണത്തിന് അഞ്ചു ലക്ഷം രൂപ സംഭാവന നല്‍കി രാഷ്ട്രപതി രാംനാഥ് കോവിന്ദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jan 15, 02:11 pm
Friday, 15th January 2021, 7:41 pm

ന്യൂദല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ക്ഷേത്ര നിര്‍മാണത്തിനായി രാജ്യവ്യാപകമായി സംഭാവന സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ ഉണ്ടാക്കിയ ട്രസ്റ്റിലേക്കാണ് രാഷ്ട്രപതി അഞ്ച് ലക്ഷത്തി ആയിരം രൂപ നല്‍കിയതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിശ്വഹിന്ദു പരിഷത്ത് പ്രസിഡന്റ് അലോക് കുമാര്‍, ട്രസ്റ്റ് ട്രഷറര്‍ ഗോവിന്ദ് ദേവ് ഗിരി എന്നിവരടങ്ങിയ പ്രതിനിധി സംഘം രാഷ്ട്രപതിയെ കണ്ട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.

‘അദ്ദേഹം രാഷ്ട്രപതിയായതിനാല്‍ ഞങ്ങള്‍ ആദ്യം അദ്ദേഹത്തെയായിരുന്നു പോയി കണ്ടത്. അദ്ദേഹം 5,01,000 രൂപ സംഭാവനയായി നല്‍കിയിരിക്കുന്നു,’ വി.എച്ച്.പി നേതാവ് അലോക് കുമാര്‍ പറഞ്ഞു.

നേരത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഒരു ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു. മുന്‍ ബീഹാര്‍ ഉപമുഖ്യമന്ത്രി സുഷീല്‍ കുമാര്‍ മോദിയും സംഭാവന നല്‍കിയിരുന്നു.

രാജ്യത്താകെ ഹിന്ദു വീടുകളില്‍ നിന്ന് രാമക്ഷേത്ര നിര്‍മാണത്തിനായി സംഭാവന സ്വീകരിക്കുന്ന ക്യാംപയിന് തുടക്കമിട്ടത് ജനുവരി 15നാണ്. ഫെബ്രുവരി പത്ത് വരെയാണ് ക്യാംപയിന്‍.

1100 കോടി രൂപയാണ് ക്ഷേത്രനിര്‍മാണത്തിന്റെ ചെലവ് പ്രതീക്ഷിക്കുന്നത്.

രാമക്ഷേത്ര നിര്‍മ്മാണത്തിന് ഹിന്ദു കുടുംബങ്ങളില്‍ നിന്നുള്ള ഫണ്ട് മാത്രമേ സ്വീകരിക്കുകയുള്ളുവെന്ന് വിശ്വ ഹിന്ദു പരിഷത്ത് അറിയിച്ചിരുന്നു.

‘മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഹിന്ദു കുടുംബങ്ങളെ മാത്രമാണ് ഫണ്ടിനായി സമീപിക്കുന്നത്. മറ്റ് മതസ്ഥരുടെ വീട്ടില്‍ ഇതിനായി കയറില്ല’, തിവാരി പറഞ്ഞു.

സമാന നിലപാടാണ് ആര്‍.എസ്.എസും സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ മുസ്ലിങ്ങളോ സിഖുകാരോ ക്രിസ്ത്യാനികളോ സഹായം വാഗ്ദാനം ചെയ്താല്‍ സ്വീകരിക്കുമെന്നും ആര്‍.എസ്.എസ് അറിയിച്ചിരുന്നു.

നിലവില്‍ ക്ഷേത്രനിര്‍മ്മാണത്തിന്റെ പണികള്‍ പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി വന്നതിന് ശേഷം സര്‍ക്കാര്‍ ട്രസ്റ്റ് രൂപീകരിച്ചിരുന്നു. രാമക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനും പരിപാലനത്തിനും വേണ്ടിയാണ് ട്രസ്റ്റ് രൂപീകരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: President Ramnath Kovind donates Rs 5 lakh for Ram temple construction as fund-raising