ന്യൂദല്‍ഹി:രാജ്യത്ത് പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ പൗരത്വ ഭേദഗതി നിയമമായി. ബില്ലില്‍ ഇന്നലെ രാത്രി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പ് വച്ചു.
ഗസറ്റില്‍ ഇത് സംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ വ്യാഴാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു.
പുതിയ നിയമപ്രകാരം പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നും 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ അഭയം പ്രാപിച്ച ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, പാഴ്‌സി ന്യൂനപക്ഷമതവിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. 105നെതിരെ 125വോട്ടുകള്‍ക്കായിരുന്നു ബുധനാഴ്ച ബില്‍ രാജ്യസഭ പാസാക്കിയത്.
പൗരത്വ ഭേദഗതി ബില്ലിനെതിരെ കനത്തപ്രതിഷേധമാണ് രാജ്യത്തുടനീളം നടക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അസമിലും ത്രിപുരയിലും മേഘാലയിലും വിദ്യാര്‍ത്ഥികളടങ്ങുന്ന സംഘം നിരോധനാജ്ഞയെ മറികടന്നും പ്രതിഷേധിച്ചു കൊണ്ടിരിക്കുകയാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ അസമില്‍ സേനയെ വിന്യസിക്കുകയും പൊലീസ് വെടിവെയ്പില്‍ മൂന്നുപേര്‍ മരിക്കുകയും ചെയ്തിരുന്നു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അസമിലെ പത്ത് ജില്ലകളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദ് ചെയ്തിരുന്നു. ലഖിംപൂര്‍, ധേമാജി, ടിന്‍സുകിയ, ദിബ്രുഗഡ്, ചരൈഡിയോ, ശിവസാഗര്‍, ജോര്‍ഹട്ട്, ഗോലഘട്ട്, കമ്രൂപ് (മെട്രോ), കമ്രുപ് എന്നിവിടങ്ങളില്‍ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ