| Friday, 4th February 2022, 9:38 am

പ്രസിഡന്റിന്റേത് വെറും 'ലിപ് സര്‍വീസ്'; വി.ഡി. സവര്‍ക്കറാണ് സര്‍ക്കാരിന്റെ സ്വാതന്ത്ര്യസമര പോരാളി: മഹുവ മൊയ്ത്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയുടെ കേന്ദ്രസര്‍ക്കാരിനെതിരെ ലോക്സഭയില്‍ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര.

എന്‍.ഡി.എ സര്‍ക്കാരിന് വര്‍ത്തമാന കാലത്തോട് അവിശ്വാസവും ഭാവിയോട് ഭയവുമാണുള്ളത് എന്നായിരുന്നു മൊയ്ത്രയുടെ പരാമര്‍ശം.

റിപബ്ലിക് ദിന പരേഡില്‍ വിവിധ സംസ്ഥാനങ്ങളുടെ ടാബ്ലോകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചതിനെതിരെയും പാര്‍ലമെന്റില്‍ വ്യാഴാഴ്ച മൊയ്ത്ര സംസാരിച്ചു.

എഴുതിക്കിട്ടിയത് വായിക്കുന്ന ജോലി മാത്രമാണ് പ്രസിഡന്റ് രാംനാഥ് കോവിന്ദ് സഭയില്‍ ചെയ്യുന്നത് എന്ന തരത്തിലും മൊയ്ത്ര പരാമര്‍ശം നടത്തി. ബജറ്റ് സെഷന് തുടക്കം കുറിച്ചുകൊണ്ട് പ്രസിഡന്റ് നടത്തിയ പ്രസംഗവും സ്വാതന്ത്ര്യസമര നേതാക്കളെക്കുറിച്ച് സംസാരിച്ചതും വെറും ‘ലിപ് സര്‍വീസ്’ മാത്രമായിരുന്നു എന്നായിരുന്നു തൃണമൂല്‍ എം.പിയുടെ വിമര്‍ശനം.

”ഈ സര്‍ക്കാര്‍ ചരിത്രത്തെ വളച്ചൊടിക്കാനാണ് ശ്രമിക്കുന്നത്. അവര്‍ക്ക് ഭാവിയെക്കുറിച്ച് ഭയവും വര്‍ത്തമാന കാലത്തോട് അവിശ്വാസവുമാണ്.

നേരത്തെ അഭിസംബോധനാ പ്രസംഗത്തില്‍, ഇന്ത്യക്ക് അവകാശങ്ങള്‍ നേടിത്തന്ന സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ച് പ്രസിഡന്റ് സംസാരിച്ചു. എന്നാല്‍ ഇത് ഇദ്ദേഹത്തിന്റെ വെറും ലിപ് സര്‍വീസ് മാത്രമാണ്,” മൊയ്ത്ര കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ രക്ഷിക്കാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങേണ്ട സമയമായെന്നും എം.പി പറഞ്ഞു.

റിപബ്ലിക് ദിന പരേഡില്‍, സുഭാഷ് ചന്ദ്രബോസ് അടങ്ങിയ പശ്ചിമ ബംഗാളിന്റെ ടാബ്ലോ പ്രദര്‍ശിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കാതിരുന്നതിനെതിരെയും തന്റെ പ്രസംഗത്തില്‍ മൊയ്ത്ര ആഞ്ഞടിച്ചു. വിനായക് ദാമോദര്‍ സവര്‍ക്കര്‍ ആണ് സ്വാതന്ത്ര്യസമര പോരാളി എന്നതാണ് സര്‍ക്കാരിന്റെ പുതിയ കണ്ടുപിടിത്തം എന്നായിരുന്നു ഇവര്‍ സഭയില്‍ പറഞ്ഞത്.

ബംഗാളും തമിഴ്‌നാടും കേരളവുമടക്കമുള്ള സംസ്ഥാനങ്ങളുടെ ടാബ്ലോകള്‍ക്ക് റിപബ്ലിക് ദിന പരേഡില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചത് മാനദണ്ഡപ്രകാരം സെലക്ഷന്‍ നടത്തിയതുകൊണ്ടാണ്, എന്നായിരുന്നു നേരത്തെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇതിനെ ന്യായീകരിച്ചിരുന്നത്.


Content Highlight: President Ram Nath Kovind’s speech about freedom fighters, in his opening address for the Budget Session was just lip service, Mahua Moitra

We use cookies to give you the best possible experience. Learn more