| Sunday, 27th September 2020, 7:09 pm

നാടകാന്ത്യം രാഷ്ട്രപതി കാര്‍ഷിക ബില്ലില്‍ ഒപ്പുവെച്ചു; പ്രതിപക്ഷത്തിന്റെയും കര്‍ഷകരുടേയും ആവശ്യം പാടെ തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം ശക്തിപ്പെടുന്നതിനിടെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കാര്‍ഷിക ബില്ലുകളില്‍ ഒപ്പുവെച്ചു. പ്രതിപക്ഷം ശക്തമായി എതിര്‍ത്തിട്ടും കഴിഞ്ഞ ആഴ്ച രണ്ട് കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍ പാസാക്കിയിരുന്നു.

ബില്ലുകളില്‍ ഒപ്പുവെക്കരുതെന്നും പാര്‍ലമെന്റില്‍ പുനഃപരിശോധനയ്ക്ക് തിരിച്ചയക്കണമെന്നും പ്രതിപക്ഷം അഭ്യര്‍ത്ഥിച്ചിരുന്നു.

കേന്ദ്രസര്‍ക്കാരിന്റേത് കര്‍ഷക വിരുദ്ധ ബില്ലുകളാണെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ കര്‍ഷകര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭാരത ബന്ദ് നടത്തിയിരുന്നു.

അതേസമയം, കാര്‍ഷിക ബില്ലുകള്‍ പാസാക്കിയത് പാര്‍ലമെന്റ് ചട്ടങ്ങള്‍ പാലിച്ചാണെന്ന കേന്ദ്രസര്‍ക്കാറിന്റെ വാദം പൊളിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. ബില്ലിന്മേല്‍ വോട്ടെടുപ്പ് നടത്തുന്നതിനായി മനഃപൂര്‍വം സമയം നീട്ടിനല്‍കുകയായിരുന്നെന്ന പ്രതിപക്ഷ ആരോപണത്തെ സാധൂകരിക്കുന്നതാണ് രാജ്യസഭയില്‍ നിന്നുള്ള ദൃശ്യങ്ങളെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പാര്‍ലമെന്റില്‍ ഭരണപക്ഷ എം.പിമാര്‍ കുറവായിരിക്കെ വോട്ടെടുപ്പ് നടത്താതെയാണ് കാര്‍ഷിക ബില്ല് പാസാക്കിയത്. ശബ്ദവോട്ടെടുപ്പിലാണ് ബില്ല് പാസാകുന്നത്. അംഗങ്ങളുടെ എണ്ണത്തിലുള്ള കുറവ് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

ഇത് മറികടക്കാനാണ് ശബ്ദവോട്ടെടുപ്പ് നടത്തിയതെന്നും സമയം നീട്ടിനല്‍കിയതെന്നുമുള്ള പ്രതിപക്ഷ ആരോപണം സാധൂകരിക്കുന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

വോട്ടെടുപ്പ് ആവശ്യപ്പെടുമ്പോള്‍ പ്രതിപക്ഷ എം.പിമാര്‍ സ്വന്തം സീറ്റിലല്ലായിരുന്നു എന്നാണ് സര്‍ക്കാരും രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് സിംഗും ശബ്ദവോട്ടെടുപ്പിനെ ന്യായീകരിച്ച് പറഞ്ഞിരുന്നത്.

സെപ്തംബര്‍ 20 നാണ് രാജ്യസഭയില്‍ കാര്‍ഷികബില്ല് പാസാക്കിയത്. ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്‌സ് ഓഡിനന്‍സ് 2020, ഫാര്‍മേഴ്‌സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ഓഡിനന്‍സ്, എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ഓഡിനന്‍സ് എന്നിവ പാസാക്കിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: President Ram Nath Kovind has signed all three farm bills that are at the centre of a huge political storm

We use cookies to give you the best possible experience. Learn more