കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ; ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവെച്ചു
national news
കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ; ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd April 2018, 11:42 am

ന്യൂദല്‍ഹി: പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ വരെ നല്‍കാനുള്ള നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയിരുന്നു. ഈ ഓര്‍ഡിനന്‍സ് ആറ് മാസത്തിനുള്ളില്‍ പാര്‍ലമെന്റ് പാസാക്കിയാല്‍ നിയമമാകും.

പുതിയ നിയമപ്രകാരം പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞ ശിക്ഷ ഇരുപത് വര്‍ഷം തടവായിരിക്കും. അത് ജീവപര്യന്തവുമാകാം. പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്താല്‍ ജീവപര്യന്തമോ വധശിക്ഷയോ വിധിക്കാം.

12 മുതല്‍ 16 വയസു വരെയുള്ള പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുന്ന പ്രതികള്‍ക്കുള്ള കുറഞ്ഞ ശിക്ഷ 10 വര്‍ഷത്തില്‍ നിന്ന് 20 വര്‍ഷം തടവായി വര്‍ധിപ്പിച്ചു. ഇത് ആയുഷ്‌കാല തടവായും മാറ്റാം. ഇന്ത്യന്‍ ശിക്ഷാ നിയമം, തെളിവ് നിയമം, ക്രിമിനല്‍ നടപടിക്രമം, പോക്സോ നിയമം എന്നിവ ഭേദഗതി ചെയ്യുന്നതാണ് ക്രിമിനല്‍ നിയമ (ഭേദഗതി ) ഓര്‍ഡിനന്‍സ് 2018.

ജമ്മു കാശ്മീരിലെ കഠ്‌വയില്‍ എട്ടുവയസുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ നിയമഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിസഭ ഓര്‍ഡിനന്‍സ് പാസാക്കിയിരുന്നത്.

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന പ്രതികള്‍ക്ക് പോക്‌സോ നിയമപ്രകാരം നിലവില്‍ പരമാവധി ശിക്ഷ ജീവപര്യന്തമാണ്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം കൂട്ടമാനഭംഗക്കേസുകളില്‍ വധശിക്ഷ വിധിക്കാറുണ്ട്.