യു.എ.ഇയിൽ നടക്കുന്ന യു.എൻ ഉച്ചകോടിയിൽ ഇസ്രഈലിനെ ക്ഷണിച്ചു; ഇറാൻ പ്രസിഡന്റ് പങ്കെടുക്കില്ല
അബുദാബി: ദുബായ്‌യിൽ വെച്ച് നടക്കുന്ന യു.എൻ സി.ഒ.പി28 കാലാവസ്ഥ ഉച്ചകോടിയിൽ ഇസ്രഈലി പ്രസിഡന്റ് ഐസക് ഹെർദോഗിനെ ക്ഷണിച്ചതിനെ തുടർന്ന് പ്രസിഡന്റ് ഇബ്രാഹീം റഈസി പങ്കെടുക്കില്ലെന്ന് അറിയിച്ച് ഇറാൻ.
ഫ്രണ്ട്‌സ് ഓഫ് ബ്രിക്സ് വിദേശകാര്യ മന്ത്രിമാർ ജൂണിൽ കേപ്പ് ടൗണിൽ വെച്ച് നടത്തിയ യോഗത്തിനിടയിൽ യു.എ.ഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സൈദ് അൽ നെഹ്യാൻ ഇറാൻ വിദേശകാര്യ മന്ത്രി ഹൊസൈൻ ആമിർ അബ്ദുള്ളാഹിയനുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ പ്രസിഡന്റ് റഈസിയെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചിരുന്നു.
‘യു.എൻ കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച യോഗത്തിൽ സയണിസ്റ്റ് ഭരണകൂടത്തിന്റെ പ്രതിനിധികളെയും ക്ഷണിച്ചിട്ടുണ്ട് എന്നതിനാൽ ഇറാന്റെ പ്രസിഡന്റ് പരിപാടിയിൽ പങ്കെടുക്കില്ല,’ ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ അറിയിച്ചു.
അതേസമയം, വായു മലിനീകരണം പരിഹരിക്കാനുള്ള നടപടികൾ സംബന്ധിച്ച് ഇറാന്റെ നില വ്യക്തമാക്കുവാൻ ഇറാൻ ഊർജകാര്യ മന്ത്രി അലി അക്ബർ മെഹ്റാബിയൻ യു.എ.ഇയിലേക്ക് പോയതായും ഐ.ആർ.എൻ.എ റിപ്പോർട്ട് ചെയ്തു.
‘യു.എ.ഇയുടെ നേതൃത്വത്തിലാണ് സി.ഒ.പി28 കാലാവസ്ഥ ഉച്ചകോടി നടക്കുന്നത് എന്നതിനാൽ നിലവിൽ സയണിസ്റ്റ് ഭരണകൂടം നടത്തി വരുന്ന യുദ്ധ കുറ്റങ്ങളുടെയും വംശഹത്യയുടെയും പശ്ചാത്തലത്തിൽ യോഗത്തിലെ ഇസ്രഈലി അധിനിവേശ ഭരണകൂടത്തിന്റെ സാന്നിധ്യം ഗൗരവത്തോടെയാണ് കാണേണ്ടത്,’ ആമിർ അബ്ദുള്ളാഹിയൻ പറഞ്ഞു.