മാലേ: മാലിദ്വീപിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ അയക്കുന്നതിനുള്ള പദ്ധതികള്‍ ശക്തമാക്കണമെന്ന് ചൈനയോട് അഭ്യര്‍ത്ഥിച്ച് പ്രസിഡന്റ് മുഹമ്മദ് മുയിസു. ചൈന തങ്ങളുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയാണെന്നും മാലിദ്വീപിന്റെ വികസനത്തില്‍ വലിയൊരു പങ്ക് ചൈനക്കുണ്ടെന്നും മുയിസു പറഞ്ഞു. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനയില്‍ എത്തിയതിനിടെയാണ് മുയിസുവിന്റെ പ്രതികരണം.
മാലിദ്വീപിലേക്ക് എത്തിയിരുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ചൈന ഒന്നാം സ്ഥാനത്ത് ആയിരുന്നെന്നും കൊവിഡിന് ശേഷം ആ എണ്ണത്തില്‍ കുറവുകള്‍ സംഭവിച്ചെന്നും മുയിസു ചൂണ്ടിക്കാട്ടി.
ആയതിനാല്‍ ദ്വീപ് രാഷ്ട്രത്തിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കില്‍ വര്‍ധനവ് വരുത്തണമെന്നും ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയില്‍ നടന്ന മാലിദ്വീപ് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് മുഹമ്മദ് മുയിസു ആവശ്യപ്പെട്ടു. മാലിദ്വീപിന്റെ സാമ്പത്തിക വ്യവസ്ഥ മെച്ചപ്പെടുത്താനും സാമ്പത്തിക സുരക്ഷാ ഉറപ്പുവരുത്താനുമാണ് തന്റെ ഭരണകൂടം നിലനില്‍ക്കുന്നതെന്നും മുയിസു പറഞ്ഞു.
സംയോജിത ടൂറിസം മേഖല വികസിപ്പിക്കുന്നതിനായുള്ള 50 മില്യണ്‍ യു.എസ് ഡോളറിന്റെ പദ്ധതിയില്‍ മാലിദ്വീപും ചൈനയും ഒപ്പുവെച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2014 ഡിസംബറില്‍ ചൈനയുമായി ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാര്‍ ഉടനെ നടപ്പാക്കുന്നതിലും മാലിദ്വീപ് പ്രസിഡന്റ് ശ്രദ്ധ പുലര്‍ത്തുന്നതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി. അതേസമയം ഇന്ത്യയുമായി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മാലിദ്വീപ് പ്രസിഡന്റിന്റെ ചൈന സന്ദര്‍ശനവും പരാമര്‍ശവും.
കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാമര്‍ശം നടത്തിയതില്‍ മൂന്ന് മന്ത്രിമാരെ മാലിദ്വീപ് സര്‍ക്കാര്‍ പുറത്താക്കിയിരുന്നു. മോദിയുടെ മാലിദ്വീപ് സന്ദര്‍ശനത്തെ മന്ത്രിമാര്‍ സമൂഹ മാധ്യമങ്ങളിലൂടെ പരിഹസിച്ചതില്‍ ഇന്ത്യ അതൃപ്തി അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മാലിദ്വീപ് സര്‍ക്കാര്‍ മന്ത്രിമാരെ പുറത്താക്കാനുള്ള നടപടി സ്വീകരിച്ചത്.