'ഇവിടുത്തെ നെയ്ത്തുകാര്‍ക്ക് വേണ്ട അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കില്‍ ചൈനീസ് പ്രസിഡന്റ് വരെ ഇന്ത്യന്‍ വസ്ത്രങ്ങള്‍ ധരിച്ചേനെ'; രാഹുല്‍ ഗാന്ധി
national news
'ഇവിടുത്തെ നെയ്ത്തുകാര്‍ക്ക് വേണ്ട അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കില്‍ ചൈനീസ് പ്രസിഡന്റ് വരെ ഇന്ത്യന്‍ വസ്ത്രങ്ങള്‍ ധരിച്ചേനെ'; രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th January 2021, 7:57 pm

ചെന്നൈ: രാജ്യത്തെ കര്‍ഷകര്‍ക്കും നെയ്ത്തുകാര്‍ക്കും മികച്ച അവസരങ്ങളും സുരക്ഷയും ലഭിച്ചിരുന്നെങ്കില്‍ ചൈനീസ് പ്രസിഡന്റ് ഇപ്പോള്‍ ഇന്ത്യന്‍ നിര്‍മ്മിത വസ്ത്രങ്ങള്‍ ഉപയോഗിച്ചേനെയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഞായറാഴ്ച നടത്തിയ തമിഴ്‌നാട് സന്ദര്‍ശനത്തിനിടെയായിരുന്നു രാഹുലിന്റെ പരാമര്‍ശം.

കേന്ദ്രസര്‍ക്കാരിന്റെ കഴിവില്ലായ്മയാണ് രാജ്യത്ത് നടന്ന ചൈനീസ് അധിനിവേശത്തിന് കാരണമെന്നും രാഹുല്‍ പറഞ്ഞു.

‘ഇന്ത്യയിലെ തൊഴിലാളികള്‍, കര്‍ഷകര്‍, നെയ്ത്തുകാര്‍, എന്നിവര്‍ക്ക് വേണ്ടത്ര അവസരങ്ങളും സാമ്പത്തിക സുരക്ഷയും ലഭിച്ചിരുന്നെങ്കില്‍ ഒരിക്കലും ഇന്ത്യയില്‍ ചൈനീസ് അധിനിവേഷമുണ്ടാകില്ലായിരുന്നു. ഒരുപക്ഷെ ചൈനീസ് പ്രസിഡന്റ് വരെ ഇന്ത്യന്‍ നിര്‍മ്മിത വസ്ത്രങ്ങള്‍ ഉപയോഗിക്കുന്ന സ്ഥിതിയുണ്ടാകുമായിരുന്നു’, രാഹുല്‍ പറഞ്ഞു.

തമിഴ് സംസ്‌കാരത്തെയും ഭാഷയേയും മനപ്പൂര്‍വ്വം ഒഴിവാക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും ഇതാണ് സംസ്ഥാനത്ത സാമ്പത്തിക പിന്നാക്കവസ്ഥയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ജനങ്ങള്‍ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുമ്പോഴും കേന്ദ്രസര്‍ക്കാരിന് നികുതി പിരിക്കാനാണ് താല്പര്യമെന്നും രാഹുല്‍ പറഞ്ഞു.

ജി.ഡി.പി’യില്‍ വലിയ വളര്‍ച്ചയാണ് മോദി സര്‍ക്കാര്‍ കൈവരിച്ചിരിക്കുന്നത്. ഗ്യാസ്, ഡീസല്‍, പെട്രോള്‍ നിരക്കുകള്‍ ഉയരുകയാണ്. ഇത് കാരണം രാജ്യത്ത് ജനങ്ങള്‍ വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയിരിക്കുകയാണ്. പക്ഷെ, കേന്ദ്രം ഇപ്പോഴും നികുതി പിരിക്കുന്നതിന്റെ തിരക്കിലാണ്, രാഹുല്‍ പറഞ്ഞു.

ഒരു ഉല്‍പ്പാദന കേന്ദ്രമായി വികസിക്കാനുള്ള കഴിവുള്ള സംസ്ഥാനമായ തമിഴ്‌നാടിനെ മോദിയുടെ നയങ്ങള്‍ പിന്നോട്ടടിച്ചെന്ന് രാഹുല്‍ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളെ ബ്ലാക്ക് മെയില്‍ ചെയ്യുന്നതുപോലെ തമിഴ്‌നാടിനെയും ഭീഷണിപ്പെടുത്താനും കേന്ദ്രത്തിന്റെ അധീനതയിലാക്കാനും മോദിസര്‍ക്കാര്‍ ശ്രമിച്ചു.

എല്ലാ സംസ്ഥാനങ്ങളെയും പോലെ തമിഴ്‌നാട്ടിലെ ജനങ്ങളെയും നിയന്ത്രിക്കാമെന്ന് അദ്ദേഹം വിചാരിക്കുന്നു. എന്നാല്‍ ജനങ്ങളെ നിയന്ത്രിക്കാമെന്നോ അവരുടെ ഭാവി തീരുമാനിക്കാമെന്നോ കേന്ദ്രം ആഗ്രഹിക്കേണ്ട, രാഹുല്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights; Rahul Gandhi Slams Union Government