| Monday, 25th December 2023, 7:27 pm

ഐ.പി.സിക്കും സി.ആർ.പി.സിക്കും പകരമുള്ള ബില്ലുകൾക്ക് രാഷ്ട്രപതിയുടെ അംഗീകാരം; നിയമമാകുന്നത് പ്രതിപക്ഷ എം.പിമാരുടെ അഭാവത്തിൽ പാർലമെന്റ് പാസാക്കിയ ബില്ലുകൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: എം.പിമാരുടെ അഭാവത്തിൽ പാർലമെന്റിൽ പാസാക്കിയ ബില്ലുകൾക്ക് രാഷ്‌ട്രപതിയുടെ അംഗീകാരം.

ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ ബില്ലുകൾ എന്നീ ക്രിമിനൽ പരിഷ്കാര ബില്ലുകളും പോസ്റ്റ്‌ ഓഫീസ്, ടെലികോം ബില്ലുകൾക്കുമാണ് രാഷ്‌ട്രപതി അംഗീകാരം നൽകിയത്.

ശൈത്യകാല സമ്മേളനത്തിലാണ് ബില്ലുകൾ പാർലമെന്റിൽ പാസാക്കിയത്. ഐ.പി.സിക്ക് പകരമുള്ളതാണ് ഭാരതീയ ന്യായ സംഹിത. സി.ആർ.പി.സിക്ക് പകരമാണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത. ഇന്ത്യൻ തെളിവ് നിയമത്തിന് പകരമുള്ളതാണ് ഭാരതീയ സാക്ഷ്യ ബിൽ.

പ്രതിപക്ഷത്തിൽ നിന്ന് ബില്ലുകൾക്കെതിരെ വലിയ രീതിയിൽ എതിർപ്പുകൾ ഉയർന്നിരുന്നു. പാർലമെന്റിൽ 150ഓളം പ്രതിപക്ഷ എം.പിമാരെ സസ്പെൻഡ് ചെയ്തതിന് പിന്നാലെയായിരുന്നു ബില്ലുകൾ പാസാക്കിയത്.

ബില്ലുകളിൽ രാഷ്‌ട്രപതി ഒപ്പുവെച്ചതോടെ നിയമമാകുകയാണ്.

കൊളോണിയൽ കാലത്തെ ചട്ടങ്ങളെ പൊളിച്ചെഴുതുന്നതാണ് ബില്ലുകൾ എന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അവകാശവാദം.

അതേസമയം ബില്ലുകൾക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് പ്രതിപക്ഷം അറിയിക്കുന്നത്.

CONTENT HIGHLIGHT: President Murmu recognized bills replacing CRPC and IPC

We use cookies to give you the best possible experience. Learn more