| Tuesday, 15th October 2024, 5:07 pm

ക്യൂബയില്‍ ഫലസ്തീന്‍ അനുകൂല റാലി; മുന്‍ നിരയില്‍ പ്രസിഡന്റ് മിഗുവല്‍ ഡിയാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹവാന: ഗസയിലെ ഇസ്രഈല്‍ അധിനിവേശം ഒരു വര്‍ഷം പിന്നിടുമ്പോള്‍ രാജ്യതലസ്ഥാനമായ ഹവാനയിലേക്ക് ഫലസ്തീന്‍ അനുകൂല റാലി സംഘടിപ്പിച്ച് ക്യൂബന്‍ പ്രസിഡന്റ് മിഗുവല്‍ ഡിയാസ് കനാല്‍. റാലിയില്‍ ദ്വീപ് രാഷ്ട്രത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പേര്‍ പങ്കാളികളായി.

ഒക്ടോബര്‍ ഏഴിന് റാലി നടത്താന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും ലാറ്റിനമേരിക്കയില്‍ വന്‍ നാശം വിതച്ച ഹില്‍ട്ടണ്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് റാലി മാറ്റി വെക്കുകയായിരുന്നു. പ്രകടനത്തില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമായ കെഫിയ ഷാള്‍ ധരിച്ചും ലിവ് ലോങ് ഫ്രീ ഫലസ്തീന്‍ എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ പിടിച്ചും ജനങ്ങള്‍ തെരുവിലിറങ്ങി. റാലിയില്‍ ഫലസ്തീനില്‍ നിന്നുള്ള 250 ഓളം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു. പ്രസിഡന്റും അദ്ദേഹത്തിന്റെ സഖ്യകക്ഷിയിലെ അംഗങ്ങളും ഐക്യദാര്‍ഢ്യ പ്രതീകമായ കെഫിയ ഷാള്‍ ധരിച്ച് തെരുവുകളില്‍ മാര്‍ച്ച് നടത്തി.

ഫലസ്തീന്‍ ജനതയുടെ പരമാധികാരത്തിനും സ്വാതന്ത്രത്തിനും വേണ്ടിയാണ് ഈ പോരാട്ടമെന്നും ഫലസ്തീനില്‍ ഇസ്രഈല്‍ നടത്തുന്ന വംശഹത്യയ്‌ക്കെതിരായാണ് തങ്ങളുടെ പോരാട്ടമെന്നും റാലിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളിലൊരാള്‍ പ്രതികരിച്ചു.

നിരന്തരമായി ഫലസ്തീന്‍ അനുകൂല നിലപാട് സ്വീകരിക്കുന്ന കരിബീയന്‍ ദ്വീപ് രാഷ്ട്രമായ ക്യൂബ ഗസയില്‍ ഇസ്രഈല്‍ സൈന്യം നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരായി ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ പങ്കാളിയായിരുന്നു.

1947ലെ ഐക്യരാഷ്ട്ര സഭാ തീരുമാനപ്രകാരം ഇസ്രഈലും ഫലസ്തീനും വിഭജിച്ചത് മുതല്‍ ക്യൂബ രാഷ്ട്രീയപരമായും മാനുഷികമായും ഫലസ്തീനിന്റെ ചരിത്രപരമായ സഖ്യകക്ഷിയാണ്. ഇസ്രഈല്‍-ഫലസ്തീന്‍ വിഭജനത്തിനെതിരെ അന്ന് വോട്ട് ചെയ്ത ഒരേയൊരു ലാറ്റിനമേരിക്കന്‍ രാജ്യമായിരുന്നു ക്യൂബ. ഏഴുപതിറ്റാണ്ടായി തുടരുന്ന കടുത്ത അമേരിക്കന്‍ ഉപരോധത്തിനിടയിലും ഫലസ്തീനെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്യുന്നുണ്ട് ക്യൂബ.

1999ലാണ് അന്താരാഷ്ട്ര തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി മെഡിസിന്‍ പഠിക്കാന്‍ അവസരം ലഭിക്കുന്ന ക്യൂബയിലെ ലാറ്റിന്‍ അമേരിക്കന്‍ സ്‌കൂള്‍ ഓഫ് മെഡിസിന് അന്താരാഷ്ട്ര അംഗികാരം ലഭിക്കുന്നത്. ഇത് ക്യൂബന്‍ നേതാവായ ഫിദല്‍ കാസ്‌ട്രോയുടെ ചിരകാല സ്വപ്‌നങ്ങളില്‍ ഒന്നായിരുന്നു.

അന്ന് ഫലസ്തീനിലെ ജനങ്ങള്‍ക്കും ക്യൂബയിലെ ജനങ്ങള്‍ക്കും മെഡിക്കല്‍ സ്‌കോളര്‍ഷിപ്പ് നല്‍കാനും ക്യൂബ ശ്രമിച്ചിരുന്നു. ഫലസ്തീനിലെ 1500 വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ സ്‌കോളര്‍ഷിപ്പ് നല്‍കിയായിരുന്നു അതിന് തുടക്കം. ഇന്നും അത് തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.

Content Highlight: President Miguel Díaz Canal organized a pro-Palestinian rally in Cuba

We use cookies to give you the best possible experience. Learn more