പാർലമെന്റിന്റെ സംയുക്ത സമ്മേളനം; 1975ലെ അടിയന്തരാവസ്ഥയെക്കുറിച്ച് പരാമർശിച്ച് രാഷ്ട്രപതി
India
പാർലമെന്റിന്റെ സംയുക്ത സമ്മേളനം; 1975ലെ അടിയന്തരാവസ്ഥയെക്കുറിച്ച് പരാമർശിച്ച് രാഷ്ട്രപതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jun 27, 10:11 am
Thursday, 27th June 2024, 3:41 pm

ന്യൂദൽഹി: പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ 1975ലെ അടിയന്തരാവസ്ഥയെക്കുറിച്ച് പരാമർശിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. അടിയന്തരാവസ്ഥകാലത്തെ രണ്ട് വർഷം രാജ്യത്തെ ഏറ്റവും ഇരുണ്ട വർഷങ്ങളാണെന്നാണ് രാഷ്ട്രപതി പറഞ്ഞത്.

‘ അടിയന്തരാവസ്ഥകാലത്തെ നീണ്ട രണ്ട് വർഷക്കാലം ഭരണഘടനക്കെതിരെയുണ്ടായ ആക്രമണങ്ങളുടെ ഏറ്റവും വലുതും ഇരുണ്ടതുമായ അധ്യായമാണ്,’ മുർമു പറഞ്ഞു.

അതോടൊപ്പം  നീറ്റ് പരീക്ഷയുൾപ്പടെയുള്ള മത്സരപരീക്ഷകളുടെ ചോർച്ചയെക്കുറിച്ചും രാഷ്ട്രപതി സംസാരിച്ചു.

 

തന്റെ സർക്കാർ ന്യായമായ രീതിയിൽ പരീക്ഷ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്തുകയും കുറ്റവാളികൾക്ക് തക്കതായ ശിക്ഷ വിധിക്കുകയും ചെയ്യുമെന്ന് രാഷ്ട്രപതി പറഞ്ഞു.

‘നീറ്റ് പരീക്ഷയുൾപ്പടെയുള്ള മത്സരപരീക്ഷകളുടെ ക്രമക്കേടുകളെക്കുറിച്ച് എൻ.ഡി.എ സർക്കാർ ന്യായമായ രീതിയിൽ അന്വേഷണം നടത്തുകയും ചോദ്യപേപ്പർ ചോർച്ചയിൽ കുറ്റക്കാരായവർക്ക് കടുത്ത ശിക്ഷ നൽകുകയും ചെയ്യുന്നതാണ്,’ രാഷ്ട്രപതി പറഞ്ഞു.

ചോദ്യപേപ്പറുകളുടെ ചോർച്ചയിൽ കുറ്റവാളികൾക്ക് കർശന ശിക്ഷ നൽകാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും മുർമു പറഞ്ഞു. അതോടൊപ്പം വിവിധ സർക്കാർ റിക്രൂട്ട്മെന്റ് പരീക്ഷകളുടെ സുതാര്യത കാത്തു സൂക്ഷിക്കുമെന്നും അത് അനിവാര്യമാണെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

രാജ്യത്തെ യുവാക്കളെ വലിയ സ്വപ്നങ്ങൾ കാണാനും അവ നേടിയെടുക്കാനും പ്രാപ്തരാക്കാനുള്ള ശ്രമമാണ് തന്റെ സർക്കാർ മുന്നോട്ടുവെക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.

ഏതെങ്കിലും കാരണത്താൽ പരീക്ഷകളിൽ തടസമുണ്ടാകുന്നത് വലിയ കുറ്റം തന്നെയാണെന്നും സർക്കാർ റിക്രൂട്മെന്റ് പരീക്ഷകളിൽ സുതാര്യത തീർച്ചയായും ഉറപ്പുവരുത്തുമെന്നും മുർമു പറഞ്ഞു.

സർക്കാർ നയങ്ങളെ എതിർക്കുമ്പോൾ പാർലമെന്റ് നടപടികൾ തടസ്സപ്പെടുത്തരുതെന്നും രാഷ്ട്രപതി എല്ലാ പാർലമെന്റ് അംഗങ്ങളെയും ഉപദേശിച്ചു. നയങ്ങളെ എതിർക്കുന്നതും പാർലമെന്റ് നടപടികൾ തടസപ്പെടുത്തുന്നതും വ്യത്യസ്തമാണെന്നും മുർമു കൂട്ടിച്ചേർത്തു.

ഞങ്ങളുടെ താത്പര്യം എല്ലാ അംഗങ്ങൾക്കും പരമപ്രധാനമായിരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. ഒപ്പം വരുന്ന ബജറ്റിൽ സർക്കാർ നിരവധി വലിയ പ്രഖ്യാപനങ്ങൾ നടത്തുമെന്നും രാഷ്ട്രപതി പറഞ്ഞു.

ഒപ്പം ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയെന്നും മുർമു പറഞ്ഞു.

ഒരു ആഗോള മഹാമാരിയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങൾ ഉണ്ടായിട്ടും ഈ വളർച്ച നിരക്ക് കൈവരിക്കാൻ നമുക്ക് സാധിച്ചു. കഴിഞ്ഞ 10 വർഷത്തെ പരിഷ്‌ക്കാരങ്ങളുടെ ഫലമാണിത്. ആഗോള വളർച്ചയിൽ ഇന്ത്യ മാത്രം 15 ശതമാനം സംഭാവന ചെയ്യുന്നുണ്ട്,’ രാഷ്ട്രപതി പറഞ്ഞു.

 

Content Highlight: President mentions paper leak row, Emergency in address to Parliament