ന്യൂദല്‍ഹി: ഇന്ത്യയുടെ സ്വന്തം ടാബ്ലറ്റ് കമ്പ്യൂട്ടര്‍ ആകാശിന്റെ പുതിയ വേര്‍ഷന്‍ പുറത്തിറങ്ങി. കുറഞ്ഞ വിലയും കൂടുതല്‍ മികവുമായാണ് ആകാശ് 2 വിപണിയിലെത്തിയിരിക്കുന്നത്.
1,130 രൂപയാണ് ആകാശ് 2 വിന്റെ വില. ഇതോടെ ലോകത്തിലെ ഏറ്റവും കുറഞ്ഞ വിലയുള്ള ടാബ്ലറ്റ് എന്ന ബഹുമതി ആകാശിന് സ്വന്തം. ഇന്നലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് ആകാശ് 2 പുറത്തിറക്കിയത്.[]
സി-ഡാകും മുംബൈ ഐ.ഐ.ടി.യും സംയുക്തമായി ചേര്‍ന്നാണ് ആകാശ് 2 വികസിപ്പിച്ചെടുത്തത്. ഡേറ്റാവിന്‍ഡ് കമ്പനിയാണ് ആകാശ് 2 നിര്‍മിക്കുന്നത്. 2,263 രൂപയ്ക്കാണ് കമ്പനി ടാബ്ലറ്റ് നിര്‍മിച്ച് കൊടുക്കുന്നത്. സര്‍ക്കാര്‍ 50 ശതമാനം സബ്‌സിഡി നല്‍കി പകുതി വിലയ്ക്ക് വിദ്യാര്‍ഥികള്‍ക്ക് നല്‍കും. ഇതില്‍ സംസ്ഥാന സര്‍ക്കാരുകളുടെ സബ്‌സിഡി കൂടിയാവുമ്പോള്‍ ടാബ്ലറ്റിന്റെ വീണ്ടും വില കുറയും.
ആറ്വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 22 കോടി വിദ്യാര്‍ഥികള്‍ക്ക് ടാബ്ലറ്റ് ലഭ്യമാക്കാനാണ് സര്‍ക്കര്‍ ലക്ഷ്യമിടുന്നത്.
2011 ലാണ് ആകാശ് ആദ്യമായി പുറത്തിറങ്ങുന്നത്. രാജ്യത്തെ 250 കോളജുകളിലെ 15000 അധ്യാപകര്‍ക്ക് ആകാശ് 2 ല്‍ പരിശീലനം നല്‍കിയിട്ടുണ്ട്.
ആകാശ് 2 വിന്റെ സഹായത്തോടെ തിരഞ്ഞെടുത്ത എന്‍ജിനീയറിങ് കോളജുകള്‍ വഴി വിദൂരപഠനകേന്ദ്രങ്ങള്‍ ആരംഭിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പ്രാദേശിക ഭാഷകളിലുള്ള വിദ്യാഭ്യാസ ആപ്ലിക്കേഷനുകള്‍ വികസിപ്പിച്ചെടുക്കാനും പദ്ധതിയുണ്ട്.
ലിനക്‌സ് ഓപ്പറേറ്റിങ് സിസ്റ്റത്തിലും പ്രവര്‍ത്തിപ്പിക്കാവുന്ന ആകാശ് 2 ന് ദൂരെയുള്ള റോബോര്‍ട്ടിനെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ഈ മാസം 28ന് യു.എന്‍ ആസ്ഥാനത്ത് ആകാശ് 2 പ്രദര്‍ശിപ്പിക്കും.