വാഷിങ്ടണ്‍: തൊഴില്‍ വളര്‍ച്ചയുടെ കാര്യത്തില്‍ രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ മികച്ച വര്‍ഷമായിരുന്നു 2021ന്നെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ബൈഡന്‍ ഇക്കാര്യം അറിയിച്ചത്.
കൊവിഡ് കാലത്തിന് ശേഷം അമേരിക്കയില്‍ തൊഴില്‍ പ്രതിസന്ധി രൂക്ഷമാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോഴാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ അവകാശവാദം എന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ ആറ് മാസമായി ഓരോ മാസവും 4 ദശലക്ഷത്തിലധികം അമേരിക്കക്കാര്‍ ജോലി ഉപേക്ഷിക്കുന്നു എന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.
ചൊവ്വാഴ്ച വന്ന ഒരു തൊഴില്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഏകദേശം 4.3 ദശലക്ഷം അമേരിക്കക്കാര്‍
കഴിഞ്ഞ ഡിസംബറില്‍ ജോലി ഉപേക്ഷിച്ചു എന്നായിരുന്നു പറഞ്ഞിരുന്നത്.
2021 ജൂലൈയിലും നവംബറിലും 4 ദശലക്ഷത്തിലധികം ആളുകള്‍ ജോലി ഉപേക്ഷിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്.
അതേസമയം, പ്രസിഡന്റ് പദവിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ബൈഡന്‍. ആരോഗ്യ- സാമ്പത്തിക മേഖലയിലെ പ്രതിസന്ധികള്‍ക്കിടെയും തന്റെ സര്‍ക്കാരിന് മികച്ച നേട്ടം കൈവരിക്കാനായെന്ന് ബൈഡന്‍ പറഞ്ഞിരുന്നു. 2024ലെ തെരഞ്ഞെടുപ്പിലും കമല ഹാരിസ് ഒപ്പം മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
CONTENT HIGHLIGHTS: President Joe Biden said 2021 was the greatest year of job growth in American history.