| Sunday, 2nd January 2022, 10:37 pm

ചില രാഷ്ട്രീയ പാര്‍ട്ടിയോട് സമസ്തക്ക് പ്രത്യേക അടുപ്പമുണ്ട്; പ്രവര്‍ത്തകര്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുമ്പോഴും ഒന്നാം സ്ഥാനം നല്‍കേണ്ടത് സമസ്തക്ക്: ജിഫ്രി തങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: രാഷ്ട്രീയ സംഘടനകളില്‍ ചിലതുമായി സമസ്തയ്ക്ക് ശക്തമായ ബന്ധമുണ്ടെന്ന് അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഓരോ രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തമായ ലക്ഷ്യങ്ങളോടെയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാലത് സമസ്തയുടെ ലക്ഷ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

സമസ്തയുടെ പ്രവര്‍ത്തകര്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുമ്പോഴും ഒന്നാം സ്ഥാനം നല്‍കേണ്ടത് സംഘടനക്കാണ്. സമസ്ത രാഷ്ട്രീയ പാര്‍ട്ടികളുമായി കാലാകാലം തടരുന്ന ബന്ധം ഇന്നും തുടര്‍ന്നുപോകുന്നുണ്ട്. അതിന് ഇതുവരെ ഒരു കോട്ടവും ഏറ്റിട്ടില്ല. അങ്ങനെ ആര് വിചാരിച്ചാലും നടക്കുകയുമില്ല. നിലവിലെ സ്ഥിതി തിരുത്തേണ്ട ഒരു കാരണവും ഇപ്പോള്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സമസ്തയുടെ മലപ്പുറം ജില്ല സുവര്‍ണ ജൂബിലി സമാപന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞാലിക്കുട്ടിയും സമദാനിയുമൊക്കെ സമസ്തയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത് അവര്‍ സുന്നികളായത് കൊണ്ടാണ്. ഇതൊരു സൗഹൃദ സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ രാഷ്ട്രീയക്കാരും സമസ്തയിലുണ്ട്. ഭരിക്കുന്ന സര്‍ക്കാരുമായി സഹകരിച്ചുപോവുകയെന്നതാണ് സമസ്തയുടെ നിലപാട്. എന്നാല്‍ എതിര്‍ക്കേണ്ട കാര്യങ്ങളില്‍ സര്‍ക്കാരുകളെ എതിര്‍ത്ത പാരമ്പര്യവും സമസ്തയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘സമസ്തയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരും ഉണ്ട്. അതില്‍ അധികമുള്ളത് വേദിയിലുള്ള കുഞ്ഞാലിക്കുട്ടി സാഹിബ് നയിക്കുന്ന മുസ്‌ലിം ലീഗാണ്. ലീഗില്‍ തന്നെ എല്ലാ വിഭാഗം ആളുകളും ഉണ്ടല്ലോ. മുജാഹിദ് വിഭാഗക്കാരും ലീഗിലുണ്ട്. അതുപോലെ കോണ്‍ഗ്രസുകാരും മറ്റ് പാര്‍ട്ടിക്കാരും സമസ്തയിലുണ്ട്,’ ജിഫ്രി തങ്ങള്‍ പറഞ്ഞു.

വധഭീഷണിയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കെതിരെയും താന്‍ പരാതി നല്‍കിയിട്ടില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. തനിക്കെതിരെയുള്ള ആക്ഷേപങ്ങള്‍ക്ക് പുല്ലു വിലയാണ് കല്‍പ്പിക്കുന്നത്. വധഭീഷണി എന്നൊന്നും താന്‍ ആരോടും പറഞ്ഞിട്ടില്ല. തനിക്കെതിരെ ആരും വധ ഭീഷണി നടത്തിയിട്ടുമില്ല. ഒരു പ്രസംഗത്തില്‍ കുട്ടികളോട് തനിക്കുണ്ടായ അനുഭവം പങ്കുവെക്കുക മാത്രമാണുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്കു വിട്ടതിനെതിരെ പള്ളികള്‍ കേന്ദ്രീകരിച്ചു സമരപരിപാടികള്‍ക്ക് ലീഗ് ആഹ്വാനം ചെയ്യുന്നതിനിടയില്‍ സമരത്തിനെതിരെ ജിഫ്രി തങ്ങള്‍ പരസ്യനിലപാട് എടുത്തിരുന്നു.

തുടര്‍ന്ന് തങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ ആക്ഷേപങ്ങളാണ് ഉയര്‍ന്നത്. കോഴിക്കോട് ലീഗ് സംഘടിപ്പിച്ച് പ്രതിഷേധ റാലിയിലും ജിഫ്രി തങ്ങള്‍ക്കെതിരെ പരോക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: President Jiffrey Muthukoya said that Samastha has strong links with some political organizations

We use cookies to give you the best possible experience. Learn more