| Sunday, 7th July 2019, 11:11 am

തമിഴ്‌നാടിന് നീറ്റില്‍നിന്ന് മോചനമില്ല; സംസ്ഥാനത്തെ ഒഴിവാക്കണമെന്ന ആവശ്യം രാഷ്ട്രപതി തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: നീറ്റ് പരീക്ഷയില്‍ നിന്നും സംസ്ഥാനത്തെ ഒഴിവാക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം തള്ളി രാഷ്ട്രപതി. തമിഴ്‌നാടിന്റെ ബില്ല് തള്ളിയെന്ന് കേന്ദ്രമന്ത്രാലയം മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അനിത എന്ന വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെ തുടര്‍ന്നാണ് തമിഴ്‌നാട് നീറ്റ് പരീക്ഷയില്‍നിന്നും സംസ്ഥാനത്തെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചത്. എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളെ സംബന്ധിച്ചും മെഡിസിന്‍ ആന്റ് ഡെന്റിസ്ട്രി കോഴ്‌സുകളെ സംബന്ധിച്ചും തമിഴ്‌നാട് രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ബില്ലിലാണ് നീറ്റില്‍നിന്നും സംസ്ഥാനത്തെ ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ഇതില്‍ വാദം കേള്‍ക്കവെയാണ് ബില്ല് തള്ളുകയാണെന്ന് കേന്ദ്രം അറിയിച്ചത്.

ഹയര്‍ സെക്കന്‍ഡറിക്കു 98% മാര്‍ക്ക് ലഭിച്ചിട്ടും ‘നീറ്റ്’ കടമ്പയില്‍ തട്ടി മെഡിക്കല്‍ പ്രവേശന സ്വപ്നം തകര്‍ന്ന ദളിത് വിദ്യാര്‍ഥിനി അനിത 2017ല്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നു തമിഴ്‌നാട്ടില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നീറ്റിനെതിരെയും സര്‍ക്കാര്‍ നയത്തിനെതിരെയും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തമിഴ്നാട്ടിലെ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിന് ”നീറ്റ് പരീക്ഷ” മാനദണ്ഡമാക്കിയതിനെതിരെ അനിത സുപ്രീം കോടതിയെ സമീപിച്ചിരുന്നു. നീറ്റ് പരീക്ഷക്ക് കോച്ചിങ്ങ് ക്ലാസ് ആവശ്യമാണെന്നും തങ്ങളെപ്പോലെ പാവപ്പെട്ട കുട്ടികള്‍ക്ക് അതിന് സാധ്യമാകില്ലെന്നും കോടതിയോട് അപേക്ഷിച്ചെങ്കിലും ആഗസ്ത് 22ന് സുപ്രീം കോടതി നീറ്റ് വേണമെന്ന് തന്നെ ഉത്തരവിടുകയായിരുന്നു.

ഈ വര്‍ഷം നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ട തമിഴ്നാട് സ്വദേശികളായ രണ്ട് വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്ത സംഭവത്തിനു തൊട്ടുപിറകേ നീറ്റ് പരീക്ഷയില്‍ നിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്ന് ആവശ്യം ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍ വീണ്ടും ആവര്‍ത്തിച്ചിരുന്നു. തമിഴ്നാട്ടുകാരായ വിദ്യാര്‍ഥികളുടെ സ്വപ്നങ്ങള്‍ തകര്‍ക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

നീറ്റ് പരീക്ഷയുടെ ഫലം ചൂണ്ടിക്കാട്ടിയായിരുന്നു സ്റ്റാലിന്റെ പ്രതികരണം. ‘75,000-ത്തോളം വിദ്യാര്‍ഥികളാണു പരീക്ഷയില്‍ പരാജയപ്പെട്ടത്. തിരുപ്പൂര്‍ സ്വദേശിയായ 17-കാരി യോഗ്യത നേടാനാവാത്തതിനാല്‍ തൂങ്ങിമരിച്ചു. 12-ാം ക്ലാസ് പരീക്ഷയില്‍ 500 മാര്‍ക്കില്‍ 490 മാര്‍ക്ക് ആ കുട്ടി നേടിയിരുന്നു. തഞ്ചാവൂരില്‍ വൈശ്യ എന്ന കുട്ടിയും തീകൊളുത്തി മരിച്ചു. തമിഴ്നാട് സ്വദേശികളായ വിദ്യാര്‍ഥികളുടെ സ്വപ്നങ്ങള്‍ തകര്‍ക്കുന്ന കേന്ദ്ര നടപടി അംഗീകരിക്കാനാവില്ല.’- അദ്ദേഹം പറഞ്ഞു. സ്‌കൂള്‍, കോളെജ് വിദ്യാര്‍ഥികളും, സംഘടനകളും നടത്തിവന്ന പ്രതിഷേധം രാഷ്ട്രീയ പാര്‍ട്ടികളും ഏറ്റെടുത്തിരുന്നു.

We use cookies to give you the best possible experience. Learn more