| Monday, 19th August 2019, 5:42 pm

ഐ.എസിനെ അഫ്ഗാനിസ്ഥാനില്‍ നിന്ന് തുടച്ചുനീക്കുമെന്ന് പ്രസിഡന്റ് അഷ്‌റഫ് ഗനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: ഭീകരസംഘടനയായ ഐ.എസിന്റെ അഫ്ഗാനിസ്ഥാനിലെ എല്ലാ കേന്ദ്രങ്ങളും ഇല്ലാതാക്കുമെന്ന് പ്രസിഡന്റ് അഷ്‌റഫ് ഗനി. ‘നിരപരാധികളുടെ ഓരോ തുള്ളി രക്തത്തിനും ഞങ്ങള്‍ പകരം ചോദിക്കും. ഐ.എസിനെ വേരോടെ പിഴുതെറിയുന്നത് വരെ ഞങ്ങളുടെ പോരാട്ടം തുടരും’ ഗനി പറഞ്ഞു.

സ്വാതന്ത്ര്യ ദിനത്തില്‍ പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ന്യൂനപക്ഷമായ ശിയാ ഹസാര വിഭാഗത്തിന്റെ വിവാഹ ചടങ്ങില്‍ ചാവേറാക്രമണം ഉണ്ടാവുകയും 63 പേര്‍ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ പ്രസംഗം. സ്‌ഫോടനത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം പരിക്കേറ്റ 182 പേര്‍ ചികിത്സയിലാണ്.

കല്ല്യാണ വീട്ടില്‍ ആളുകള്‍ നൃത്തം ചെയ്യുന്നതിനിടയിലെത്തി ഭീകരന്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.

ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും അപലപിക്കുന്നുവെന്നും താലിബാന്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും തീവ്രവാദികള്‍ക്ക് ആക്രമണം നടത്താന്‍ അവസരമുണ്ടാക്കിയതില്‍ താലിബാന് ക്ഷമിച്ച് കൊടുക്കാന്‍ കഴിയില്ലെന്ന് അഷ്‌റഫ് ഗനി പറഞ്ഞു.

അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നത് സംബന്ധിച്ച് അമേരിക്കയും താലിബാനും തമ്മില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്.

ഭീകരാക്രമണത്തിന്റെ സാഹചര്യത്തില്‍ രാജ്യത്തിന്റെ നൂറാമത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ സര്‍ക്കാര്‍ നീട്ടിവെച്ചിട്ടുണ്ട്.

സ്‌ഫോടനത്തിന് പിന്നില്‍ തങ്ങളാണെന്നും പാകിസ്ഥാനില്‍ നിന്നുള്ള ഭീകരനാണ് ചാവേറായതെന്നും ഐ.എസ് അവകാശപ്പെട്ടിരുന്നു. പാകിസ്ഥാനിലെ ഐ.എസ് കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ ആ രാജ്യത്തെ സമാധാനമാഗ്രഹിക്കുന്ന നാട്ടുകാര്‍ സഹായിക്കണമെന്ന് അഷ്‌റഫ് ഗനി പറഞ്ഞു.

We use cookies to give you the best possible experience. Learn more