രാഷ്ട്രപതി തിരഞ്ഞെടുപ്പ് : തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് വിട്ടുപോകുമെന്ന് സൂചന
India
രാഷ്ട്രപതി തിരഞ്ഞെടുപ്പ് : തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് വിട്ടുപോകുമെന്ന് സൂചന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th June 2012, 9:56 am

കൊല്‍ക്കത്ത : രാഷ്ട്രപതി തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ്സ് കോണ്‍ഗ്രസ്സ് വിടുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിസഭയിലെ തൃണമൂല്‍ മന്ത്രിമാര്‍ പാര്‍ട്ടി അധ്യക്ഷയായ മമതാ ബാനര്‍ജിക്ക് രാജി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

കൊല്‍ക്കത്തയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് മന്ത്രിമാര്‍ രാജിക്കത്ത് നല്‍കിയെന്ന വാര്‍ത്ത പ്രചരിച്ചത്. ഏതുനിമിഷവും തങ്ങളുടെ മന്ത്രിമാര്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് കേന്ദ്രമന്ത്രിയും തൃണമൂല്‍ നേതാവുമായ സുദീപ് ബന്ദോപാധ്യായ മാധ്യമങ്ങളെ അറിയിച്ചു. കോണ്‍ഗ്രസ്സിന് തങ്ങളെ വേണ്ടെന്ന് തോന്നിയാല്‍ രാജിവെക്കാന്‍ യാതൊരു വിഷമവുമില്ലെന്നും അദ്ദേഹം പറഞ്ഞു.  എന്നാല്‍ രാജിക്കത്ത് നല്‍കിയെന്ന വാര്‍ത്ത സുദീപ് നിഷേധിച്ചു.

രാഷ്ട്രപതി സ്ഥാനത്തേക്ക് അബ്ദുല്‍ കലാമിനെ നിര്‍ദ്ദേശിച്ച് കോണ്‍ഗ്രസ്സിനെ പ്രതിരോധത്തിലാക്കിയ തൃണമൂല്‍ കലാം സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനില്ലെന്ന് തീരുമാനിച്ചതോടെ മൗനിയായിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണമാണ് മന്ത്രിമാരുടെ കൂട്ടരാജി. എന്നാല്‍ രാജിയെക്കുറിച്ചുള്ള ഔദ്യോഗിക വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല.