| Wednesday, 28th August 2024, 6:49 pm

മതിയാക്കൂ ഈ ക്രൂരത; സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതികരിച്ച് രാഷ്ട്രപതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊലയില്‍ ആദ്യപ്രതികരണവുമായി രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഡോക്ടറുടെ കൊലപാതകത്തെ ദല്‍ഹിയിലെ നിര്‍ഭയയുടെ മരണവുമായി താരതമ്യം ചെയ്ത രാഷ്ട്രപതി സംഭവത്തില്‍ അതിവേഗം നീതി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

ഡോക്ടറുടെ കൊലപാതകത്തില്‍ അപലപിച്ച് നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണയറിയിച്ച് സംസാരിച്ച മുര്‍മു ഈ പ്രതിഷേധങ്ങള്‍ക്കിടയിലും യഥാര്‍ത്ഥ കുറ്റവാളികള്‍ പുറത്ത് സൈ്വര്യമായി വിഹരിക്കുകയാണെന്ന് പി.ടി.ഐക്ക് നല്‍കിയ പ്രത്യേക ലേഖനത്തില്‍ അഭിപ്രായപ്പെട്ടു.

‘ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ ഇന്ത്യ ഉണരേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞു. സ്ത്രീകളെ എന്നും രണ്ടാം വിഭാഗക്കാരായ ഉപഭോഗവസ്തുക്കളായി കണ്ടിരുന്ന സമീപനത്തില്‍ നിന്ന് മാറേണ്ടിയിരിക്കുന്നു

. അത്തരം കാഴ്ചപ്പാടുള്ളവരാണ് സ്ത്രീകള്‍ക്കെതിരെ ഇത്തരം ഹീനകൃത്യങ്ങള്‍ക്ക് മുതിരുന്നത്. എന്നാല്‍ ഈ കാലഘട്ടത്തില്‍ കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ ഇല്ലാതെ നഴ്‌സറി വിദ്യാര്‍ത്ഥികള്‍ പോലും അക്രമത്തിന് ഇരയാവുകയാണ്.

കഴിഞ്ഞ ദിവസം രക്ഷാ ബന്ധന്‍ ദിനത്തില്‍ ചില സ്‌കൂള്‍ കുട്ടികളുമായി ഞാന്‍ ചര്‍ച്ച നടത്തുകയുണ്ടായി. അവര്‍ എന്നോട് ഇനി 2012ലെ നിര്‍ഭയയുടെ പോലുള്ള അതിക്രമങ്ങള്‍ ഇനിയും ആവര്‍ത്തിക്കില്ല എന്ന് ഉറപ്പ് തരാന്‍ സാധിക്കുമോ എന്ന് നിഷ്‌കളങ്കമായി ചോദിക്കുകയുണ്ടായി.

എന്നാല്‍ ആ സംഭവം കഴിഞ്ഞ് 12 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നമ്മള്‍ ഒരു പാഠവും പഠിച്ചില്ല. ഈ കാലയളവില്‍ ചെറുതും വലുതുമായ ഒട്ടനവധി അതിക്രമങ്ങള്‍ രാജ്യത്ത് ഉണ്ടായി. രാഷ്ട്രപതി പറഞ്ഞു.

എന്നാല്‍ ബലാത്സംഗക്കേസുകളില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്ന നിയമ നിര്‍മാണം അടുത്താഴ്ച നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. ഗവര്‍ണര്‍ അംഗീകാരം നല്‍കിയില്ലെങ്കില്‍ രാജ്ഭവന് മുമ്പില്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്നും മമത പ്രഖ്യാപിച്ചു.

അതേസമയം ബംഗാളില്‍ ഇന്ന് ബി.ജെ.പി ആഹ്വാനം ചെയ്ത ബന്ദില്‍ സംസ്ഥാനത്ത് വ്യാപക അക്രമം അരങ്ങേറി. നേതാക്കളടക്കം നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Content Highlight: President Droupadi Murmu reacts on atrocities against women in India

We use cookies to give you the best possible experience. Learn more