ഐക്യത്തോടെയും സാഹോദര്യത്തോടെയും മുന്നോട്ട് പോകാം; സ്വാതന്ത്ര്യ സന്ദേശത്തില്‍ രാഷ്ട്രപതി
ന്യൂദല്‍ഹി: ഐക്യത്തോടെയും സാഹോദര്യത്തോടെയും മുന്നോട്ട് പോകേണ്ട മനോഭാവമാണ് രാജ്യത്ത് വളര്‍ന്നുവരേണ്ടതെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തലായിരുന്നു രാഷ്ട്രപതിയുടെ പ്രതികരണം.
ഇന്ത്യന്‍ പൗരനാണെന്നത് ഓരോ ഭാരതീയന്റെയും സ്വത്വമാണെന്നും രാഷ്ട്രത്തിന്റെ സ്ഥാപക പിതാക്കന്മാരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഒരുമിച്ച് നില്‍ക്കണമെന്നും ദ്രൗപദി മുര്‍മു പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തില്‍ അടിയന്തര ശ്രദ്ധ വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
രാത്രി ഏഴ് മണി മുതലാണ് ആകാശവാണിയുടെ രാഷ്ട്രപതിയുടെ പ്രസംഗം വന്നത്. ദൂരദര്‍ശന്റെ എല്ലാ ചാനലുകളിലും ഹിന്ദിയിലും ഇംഗ്ലീഷിലും അതത് പ്രദേശിക ഭാഷകളിലും പ്രസംഗം കാണിക്കുമെന്നും രാഷ്ട്രപതി ഭവന്‍ അറിയിച്ചു.
രാഷ്ട്രപതിയുടെ സ്വാന്ത്ര്യദിന സന്ദേശത്തിന്റെ പ്രസ്‌ക്ത ഭാഗങ്ങള്‍
രാജ്യത്തിന്റെ 77-ാം സ്വാതന്ത്ര്യദിനത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദയംഗമമായ ആശംസകള്‍. ഈ ദിവസം നമുക്കെല്ലാവര്‍ക്കും അഭിമാനവും പവിത്രവുമാണ്. ചുറ്റിലും ഉത്സവാന്തരീക്ഷം കാണുമ്പോള്‍ വളരെ സന്തോഷമുണ്ട്.
നമുക്ക് ഭരണഘടനാപരമായ മൗലിക കര്‍ത്തവ്യം നിറവേറ്റാന്‍ പ്രതിജ്ഞയെടുക്കാം. വ്യക്തിപരവും കൂട്ടായതുമായ പ്രവര്‍ത്തനങ്ങളുടെ എല്ലാ മേഖലകളിലും മികവിലേക്ക് നീങ്ങാന്‍ നിരന്തരമായ ശ്രമങ്ങള്‍നടത്താം. അങ്ങനെ നമ്മുടെ രാജ്യം തുടര്‍ച്ചയായി പുരോഗതി കൈവരിക്കും, പുതിയ ഉയരങ്ങള്‍ കീഴടക്കും.
ജാതി, മതം, ഭാഷ, പ്രദേശം എന്നിവയ്ക്ക് പുറമെയുള്ള രാജ്യത്തെ എല്ലാ പൗരനും പൗരക്കും ഒരു ഐഡന്റിറ്റി കൂടിയുണ്ട്. അത് ഇന്ത്യന്‍ പൗരന്‍-പൗര എന്നുള്ള നമ്മുടെ സ്വത്വമാണ്. നമ്മുടെ രാഷ്ട്രത്തിന്റെ സ്ഥാപക പിതാക്കന്മാരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ നമുക്ക് ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മനോഭാവത്തില്‍ മുന്നോട്ട് പോകാം.
നമ്മുടെ രാജ്യം വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുകയും ജി.ഡി.പിയിലടക്കം ശ്രദ്ധേയമായ വളര്‍ച്ച കൈവരിക്കുകയും ചെയ്തു. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരും നയം രൂപീകരിക്കുന്നവരും കൂടുതല്‍ അടിയന്തിര ശ്രദ്ധ ചെലുത്തേണ്ട ഒരു മേഖല കാലാവസ്ഥാ വ്യതിയാനമാണ്. പരിസ്ഥിതിയുടെ താല്‍പ്പര്യത്തിനായി പ്രാദേശിക, ദേശീയ, ആഗോള തലത്തില്‍ ശ്രമങ്ങള്‍ നടത്തേണ്ടത് ആവശ്യമാണ്.
സരോജിനി നായിഡു, അമ്മു സ്വാമിനാഥന്‍, രമാദേവി, അരുണ ആസഫ് അലി, സുചേത കൃപ്ലാനി തുടങ്ങിയ സ്ത്രീ പ്രതിഭകള്‍ എല്ലാ തലമുറകള്‍ക്കും രാജ്യത്തിനും സമൂഹത്തിനും വേണ്ടി ആത്മവിശ്വാസത്തോടെ സേവിക്കുന്നതിനുള്ള പ്രചോദനാത്മകമായ സേവന്‍ ചെയ്തവരാണ്.
Content Highlight: President Draupadi Murmu said that the spirit of moving forward with unity and brotherhood should grow in the country.