വാരണാസി: ഭാരതരത്‌ന ജേതാവും ഷെഹ്നായി ആചാര്യനുമായ ഉസ്താദ് ബിസ്മില്ലാ ഖാന്റെ വാരണാസിയിലെ വീട് പൊളിച്ചു നീക്കുന്നു. ഈ സ്ഥലത്ത് വാണിജ്യ സമുച്ചയം പണിയനായാണ് ബിസ്മില്ലാ ഖാന്റെ കൊച്ചു മക്കള്‍ ഇത് പൊളിക്കുന്നത്.
ബിസ്മില്ല ഖാന്റെ 14ാം ചരമ വാര്‍ഷികം ഓഗസ്റ്റ് ഇരുപത്തിയൊന്നിന് വരാനിരിക്കെയാണ് നീക്കം. ഉസ്താദ് മരണം വരെ കഴിഞ്ഞിരുന്ന ഈ വീട്ടിലാണ് ഇദ്ദേഹത്തിനു ലഭിച്ച എല്ലാ അവാര്‍ഡുകളും സൂക്ഷിച്ചിരുന്നത്. ഇദ്ദേഹം കഴിഞ്ഞിരുന്ന മുറി ഇതിനകം പൊളിച്ചിട്ടുണ്ട്.
ഉസ്താദിന്റെ വീട് വില്‍ക്കുന്നതിനെതിരെ ഇദ്ദേഹത്തിന്റെ മക്കളും കൊച്ചുമക്കളും തമ്മില്‍ തര്‍ക്കമുണ്ട്.
ബിസ്മില്ലാ ഖാന്റെ അന്തരിച്ച മകന്‍ മെഹ്താബ് ഹുസൈന്റെ മക്കളാണ് വീടിന്റെ ഉടമസ്ഥര്‍. ഇവിടെ ഒരു വാണിജ്യ സമുച്ചയം നിര്‍മിക്കാനായി സ്ഥലം മറ്റൊരാള്‍ക്ക് വില്‍ക്കാനാണ് ഇവരുടെ നീക്കം.
വാണിജ്യ സമുച്ചയത്തിന്റെ ഒരു ഭാഗത്തായി ബിസ്മില്ല ഖാന്റെ മ്യൂസിയം പണികഴിപ്പിക്കുമെന്നാണ് കൊച്ചുമക്കള്‍ പറയുന്നത്.
അതേ സമയം ബിസ്മില്ലാ ഖാന്റെ മകനും തബലിസ്റ്റുമായ നസിം ഹുസൈന്‍ ഈ നീക്കത്തെ എതിര്‍ക്കുന്നുണ്ട്. തന്റെ പിതാവിന്റെ വീട് പൊളിക്കുന്നത് നിയമവിരുദ്ധമാണെന്നും സംഭവം ജില്ലാ അധികാരികളെ അറിയിച്ചുണ്ടെന്നുമാണ് ഇദ്ദേഹം പറയുന്നത്. ഇതേ ആവശ്യമുന്നയിച്ച് ബിസ്മില്ലാ ഖാന്റെ ദത്തുപുത്രിയും ഗായികയുമായ സോമ ഘോഷും രംഗത്തെത്തി.
ബാബയുടെ മുറി പൊളിച്ചു നീക്കിയത് ഞെട്ടിച്ചെന്നും അതൊരു മുറി മാത്രമായിരുന്നില്ല, സംഗീതാസ്വാദകര്‍ക്ക് ആരാധിക്കാനുള്ള ഇടമായിരുന്നെന്നും സോമ ഘോഷ് പറഞ്ഞു. വീട് സംരക്ഷിക്കാന്‍ അപ്പീല്‍ നല്‍കുമെന്നും ഇവര്‍ പറഞ്ഞു.
ഇതൊടൊപ്പം ബിസ്മില്ലാ ഖാന്റെ മുറി സംക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ