തങ്ങളാണ് പി.സി. ജോർജിനെ വളർത്തിയത് എന്ന് അവതാരകർ കുറ്റസമ്മതം നടത്തുന്നതിൽ ശരികേടുണ്ട്. സത്യം മറിച്ചാണ്. പി.സി. ജോർജാണ് അവതാരകരെ വളർത്തിയത്. അവതാരകരും ടെലിവിഷൻ ചർച്ചകളും വരുന്നതിന് മുമ്പേ പി.സി. ജോർജ് എം.എൽ.എ ആണ്, ആവശ്യത്തിലധികം പണവും ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ പി.സി. ജോർജോ രാഹുൽ ഈശ്വരോ, ശ്രീജിത്ത് പണിക്കാരോ, മേരി ജോർജോ, അത് പോലുള്ളവരോ ഇല്ലെങ്കിൽ അവതാരകരില്ല, കാരണം അവതാരകർ അവരുടെ പ്രൈം ടൈമിലേക്ക് തെരഞ്ഞെടുത്ത പ്രേക്ഷകക്കൂട്ടം കാത്തിരിക്കുന്നത് അവരെയാണ്. അവരില്ലെങ്കിൽ പ്രൈം ടൈം ചർച്ചകൾ കാണാനാളുണ്ടാകില്ല. കുറ്റസമ്മതം നടത്തേണ്ടത് പി.സി. ജോർജാണ്, അവതാരകരെ വളർത്തിയതിന്.
ഇത് ടെലിവിഷൻ അവതാരകരുടെ കുറ്റസമ്മതങ്ങളുടെ കാലമാണ്. പി.സി. ജോർജുമാരെ വളർത്തുന്നത് തങ്ങളാണ് എന്ന് സ്വകാര്യ സംഭാഷണങ്ങളിലും സോഷ്യൽ മീഡിയ പോസ്റ്റുകളിലും അവതാരകർ കുറ്റസമ്മതം നടത്തുകയാണ്. മീഡിയ വൺ അവതാരകർ കുറ്റസമ്മതത്തിനായി ഒരു പരിപാടി തന്നെ നടത്തി.
മീഡിയവൺ ചാനലിലെ മാധ്യമപ്രവർത്തകരായ നിഷാദ് റാവുത്തർ, രാജീവ് ശങ്കർ, സ്മൃതി പരുത്തിക്കാട് എന്നിവർ ചേർന്ന് നടത്തിയ ‘ഔട്ട് ഓഫ് ഫോക്കസ്’ എന്ന പരിപാടിയിലാണ് ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നത്.
ഈ പരിപാടിയിൽ പങ്കെടുത്ത മൂന്ന് അവതാരകരും – സ്‌മൃതി, രാജീവ്, നിഷാദ് – സ്വയം തന്നെ കുറ്റക്കാരാണെന്ന് സമ്മതിക്കുകയും ചെയ്തു. അഭിനന്ദനാർഹം. ഭൂതകാലത്തേക്ക് തിരിഞ്ഞു നോക്കുന്നതും തെറ്റുകൾ ഏറ്റു പറയുന്നതും നല്ല മനുഷ്യരുടെ ലക്ഷണങ്ങളാണ്, മഹാത്മാ ഗാന്ധി അത്തരത്തിൽ ഒരു പുസ്‌തകം തന്നെ എഴുതിയിട്ടുണ്ട്.
പക്ഷെ, മിക്ക അവതാരകരുടെയും കുറ്റസമ്മതങ്ങളുടെ കാമ്പ്, പാനലിസ്റ്റുകളെ തെരഞ്ഞെടുക്കുന്നതിൽ തങ്ങൾക്ക് തെറ്റി എന്നതാണ്. അത് കൊണ്ടാണ് തെറ്റ് തിരുത്തപ്പെടാൻ സാധ്യതയില്ലെന്ന് നമുക്ക് അനുമാനിക്കേണ്ടി വരുന്നതും. പാനലിസ്റ്റുകളെ തെരഞ്ഞെടുക്കുന്ന കാര്യത്തിലല്ല തെറ്റ് പറ്റിയത്, പ്രേക്ഷകരെ തെരഞ്ഞെടുക്കുന്ന കാര്യത്തിലാണ്. രോഗ പരിശോധന കൃത്യമല്ലെങ്കിൽ ചികിത്സ ഏൽക്കില്ല.
ഇപ്പോഴത്തെ മധ്യവയസ്കരുടെ മനസ്സിലുള്ള ഇന്ത്യൻ വാർത്താ ടെലിവിഷൻ ചരിത്രം പ്രണോയ് റോയിയിൽ നിന്നാണ് തുടങ്ങുന്നത്. മലയാള വാർത്താ ടെലിവിഷൻ ചരിത്രം നികേഷ് കുമാറിൽ നിന്നും.
എൻ.ഡി.ടി.വിയും സ്റ്റാർ ന്യൂസും തുടങ്ങുന്നതിന് മുമ്പ് പ്രണോയ് റോയ് ദൂരദർശനിൽ ‘വേർഡ് ദിസ് വീക്ക്’ എന്ന ഒരു പരിപാടി അവതരിപ്പിച്ചിരുന്നു, എല്ലാ വെള്ളിയാഴ്ചകളിലും രാത്രി പത്തു മണിക്ക്. ഒരാഴ്ച ലോകത്തു നടക്കുന്ന കാര്യങ്ങളുടെ സംക്ഷിപ്‌ത രൂപം ഇന്ത്യക്കാർക്ക് മനസ്സിലാകുന്ന ഇംഗ്ലീഷിൽ വൃത്തിയോടെ അവതരിപ്പിക്കുന്ന ഒരു പരിപാടിയായിരുന്നു അത്. ഈ പരിപാടി വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ഇടയിൽ പെട്ടെന്ന് തന്നെ തരംഗമായി. ‘പ്രസ്റ്റീജ് സിംബൽ’ ആയി എന്ന് പറയുന്നതാകും കൃത്യം. സ്കൂളുകളിലും കോളേജുകളിലും കുട്ടികൾ തങ്ങൾ തലേന്ന് ‘വേൾഡ് ദിസ് വീക്ക്’ കണ്ടിരുന്നു എന്ന് കാണിക്കാൻ അതിലെ എന്തെങ്കിലുമൊക്കെ ഭാഗം പരാമർശിക്കുന്ന ശീലമുണ്ടായി.
ഇതേ കാലത്തു ഇന്ത്യയിൽ വാർത്ത പ്രക്ഷേപണം ചെയ്യാൻ തുടങ്ങിയ ‘സ്റ്റാർ ന്യൂസ്’ എന്ന ചാനൽ വാർത്താ പരിപാടികൾ ചെയ്യാൻ പ്രണോയ് റോയിയുടെ എൻ.ഡി.ടി.വിക്ക് കരാർ കൊടുത്തു. പ്രണോയിയും കൂട്ടരും ദൂരദർശനിൽ നിന്ന് സ്റ്റാർ ന്യൂസിലേക്ക് ചാടി. കുറച്ചു കഴിവുള്ള യുവാക്കളെ റിക്രൂട്ട് ചെയ്യുകയും ചെയ്തു.
അക്കൂട്ടത്തിലെ ത്രിമൂർത്തികളായിരുന്നു രാജ്ദീപ് സർദേശായി, ബർക്ക ദത്ത്, അർണാബ് ഗോസ്വാമി എന്നിവർ. കൂടെ മിക്ക സംസ്ഥാനങ്ങളിലെയും മികച്ച പത്ര പ്രവർത്തകരെയും കൂടെ കൂട്ടി, യു.പിയിൽ നിന്ന് കമാൽ ഖാൻ, ബംഗാളിൽ നിന്ന് മോനുദീപ ബാനർജി തുടങ്ങിയവർ. രാജ്ദീപ് സർദേശായിയും അർണാബ് ഗോസ്വാമിയും അതതു ദിവസത്തെ പൊളിറ്റിക്സ്, സ്പോർട്സ്, സിനിമാ എന്നിവയുടെ വിശകലനം അവതരിപ്പിച്ച ‘ന്യൂസ്ഹവർ’ എന്ന പരിപാടിയും, ബർഖ ദത്തിന്റെ ഗ്രൗണ്ട് റിപോർട്ടുകൾ ഉൾപ്പെടുത്തിയ ‘റിയാലിറ്റി ബൈറ്റ്സ്’ എന്ന വീക്കിലി പ്രോഗ്രാമും യുവാക്കളുടെ ഇടയിൽ വൻ ഹിറ്റുകളായി.
ഏറ്റവും വലിയ ഹിറ്റ് രാജ്ദീപ് സർദേശായി ശനിയാഴ്ചകളിൽ അവതരിപ്പിച്ച ‘ബിഗ് ഫൈറ്റ്’ എന്ന പരിപാടിയായിരുന്നു. മൂന്ന് പാനലിസ്റ്റുകളെ കൊണ്ട് പരസ്പരം തെറി വിളിപ്പിക്കുന്ന, ഇന്ന് നമ്മൾ കാണുന്ന അസംഘ്യം ഡിബേറ്റ് പ്രോഗ്രാമുകളുടെ ആദി രൂപം. എടുത്തു പറയേണ്ട കാര്യം, ഈ പരിപാടികളുടെയൊക്ക പ്രേക്ഷകർ പ്രധാനമായും വിദ്യാർത്ഥികളും യുവാക്കളുമായിരുന്നു. പലർക്കും വാർത്ത കാണുന്നതിലുപരി ഇംഗ്ലീഷ് പഠിക്കുക എന്ന ഒരു താല്പര്യം കൂടെ ഉണ്ടായിരുന്നു, ഇംഗ്ലീഷ് പറയാനും കേൾക്കാനും അവസരമുണ്ടാകുക എന്നത് തികച്ചും അപൂർവമായിരുന്ന കാലമായിരുന്നു അത്, യൂട്യൂബും നെറ്ഫ്ലിക്സും ജനിക്കാനിരിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ.
ഇക്കാലത്താണ് മലയാളത്തിൽ നികേഷ് കുമാർ താരമാകുന്നത്. നികേഷിനു മുമ്പ് വേറെ പലരും അവതാരകരായി ഉണ്ടെങ്കിലും മലയാള പ്രേക്ഷകരുടെ സ്വന്തം രാജ്ദീപ് സർദേശായി ആയിരുന്നു നികേഷ്. ഒരു കൈമുട്ട് മേശയിൽ കുത്തി വച്ച്, പകുതി കസേരയിൽ ഇരുന്നും പകുതി മേശയിൽ കിടന്നും ന്യൂസ് പ്രോഗ്രാം അവതരിപ്പിക്കുന്ന രാജ്ദീപ് ശൈലി അങ്ങനെ തന്നെ നികേഷ് കേരളത്തിലേക്ക് കൊണ്ട് വന്നു. നികേഷിന്റെ സഹപ്രവർത്തകരായും ശിഷ്യരായും ഒട്ടേറെ പേർ ഇന്ത്യാവിഷനിലൂടെ വളർന്നു. അവരൊക്കെ പിന്നീട് മറ്റു വാർത്താ ചാനലുകളിലേക്ക് പോയി അവിടങ്ങളിലെ പ്രധാന അവതാരകരായി. എല്ലാവരുടെയും പ്രേക്ഷകർ പ്രധാനമായും യുവാക്കളായിരുന്നു.
ഏകദേശം ഇതേ സമയത്ത് ലോക വാർത്താ ടെലിവിഷൻ രംഗത്ത് മറ്റൊരു വലിയ പരീക്ഷണം നടക്കുന്നുണ്ടായിരുന്നു – ‘ഫോക്സ് ന്യൂസ്’.
ഓസ്‌ട്രേലിയക്കാരനായ റുപേർട് മർഡോക്ക് അമേരിക്കയിൽ ഒരു ചാനൽ തുടങ്ങി, ഫോക്സ് ന്യൂസ്. സി.എൻ.എൻ വിളയാടുന്ന കാലമാണ്. ലോകം മുഴുവൻ ബ്യുറോകൾ, മികവിൽ മികച്ച റിപ്പോർട്ടർമാർ, ലോക നഗരങ്ങളിലൊക്കെ സ്റ്റുഡിയോകളും ഒ.ബി വാനുകളും എല്ലാമുള്ള സി.എൻ.എനിൽ നിന്നോ അതുപോലത്തെ മറ്റു ചാനലുകളായ എ.ബി.സി, സി.ബി.എസ് തുടങ്ങിയ ചാനലുകളിൽ നിന്നോ ഫോക്സ് ന്യൂസ് കാണാൻ ആളെയെത്തിക്കുക എളുപ്പമായിരുന്നില്ല. പണച്ചിലവില്ലാതെ പ്രേക്ഷകരെ പിടിക്കാൻ പറ്റിയ ഒരു ചാനൽ നടത്തിപ്പുകാരനെ അന്വേഷിച്ചു നടന്ന മർഡോക്കിന്റെ മുമ്പിൽ എത്തിപ്പെട്ട ആളാണ് റോജർ അയൽസ്.
റോജർ അയൽസ് ഫോക്സ് ന്യൂസിനെ അമേരിക്കയിലെ ഒന്നാം നമ്പർ ചാനലാക്കി. 1998ൽ ഫോക്സ് ന്യൂസ് മേധാവി ആയ റോജർ ലൈംഗിക പീഡന പരാതികളെ തുടർന്ന് 2016ൽ പുറത്താക്കപ്പടുന്നത് വരെ ആ ചാനലിനെ റേറ്റിംഗ്സിൽ മറ്റൊരു ചാനലിലും തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല, ഒരിക്കൽ പോലും. കാരണം – റോജർ അയൽസിന്റെ ഭാഷയിൽ ‘ലോ ഹാങ്ങിങ് ഫ്രൂട്സ്’.
മറ്റെല്ലാവരും മാങ്ങ പറിക്കാൻ മുകളിലേക്ക് കയറി പോകുമ്പോൾ ആരും പറിക്കാത്ത ഒരുപാട് മാങ്ങകൾ താഴെയുണ്ടെന്നും അത് പറിക്കാൻ പ്രത്യേകിച്ച് അധ്വാനമോ ചിലവോ ഇല്ലെന്നുമായിരുന്നു റോജർ അയൽസിന്റെ തിയറി. സി.എൻ.എൻ, വാഷിംഗ്‌ടൺ പോസ്റ്റ്, ന്യൂയോർക് ടൈംസ്, സി.ബി.എസ് തുടങ്ങി എല്ലാ മാധ്യമങ്ങളും യുവാക്കളെ പിടിക്കാനുള്ള മത്സരത്തിലാണ്, അതിന് ചിലവുണ്ട്. അവരൊക്കെ വിട്ടു കളയുന്ന മറ്റൊരു ഗ്രൂപ്പുണ്ട്, റിട്ടയർ ചെയ്തവർ. ഇവർക്ക് ടീവി കാണാൻ ഇഷ്ടം പോലെ സമയമുണ്ടാകും.
പിറ്റേന്ന് ജോലിക്കോ കോളേജിലോ പോകാനില്ല, മറ്റു തിരക്കുകളും കുറവായിരിക്കും. റിട്ടയർമെന്റ് വെറും പ്രായത്തിന്റെ അവസ്ഥയല്ല. റിട്ടയർ ചെയ്തവരുടെ മനസികാവസ്ഥയുള്ള യുവാക്കളുമുണ്ടാകും. തിരിച്ചു യുവാക്കളുടെ മനസ്സുള്ള റിട്ടയർ ചെയ്തവരുമുണ്ടാകും. അവർക്ക് താല്പര്യമുള്ള പരിപാടികൾ നടത്തിയാൽ റേറ്റിംഗ് കുതിച്ചുയരും. ഈ ഗ്രൂപ്പിലെ മിക്കവർക്കും എന്താണ് താല്പര്യം – റോജർ അയൽസിന്റെ കണ്ടെത്തൽ അനുസരിച്ചു ഭൂതകാലത്തെ കുറിച്ചുള്ള അഭിമാനം, ഭൂതകാലം നഷ്ടപെടുന്നതിനെ കുറിച്ചുള്ള ഉത്കണ്ഠ, യുവതലമുറയെ കുറിച്ചുള്ള നിരാശ, കറുത്തവരുടെയും അന്യദേശക്കാരുടെയും ജനസംഖ്യ കൂടുന്നതിനെ കുറിച്ചുള്ള ആശങ്ക, മതങ്ങളിൽ നിന്നും സംസ്കാരത്തിൽ നിന്നും യുവാക്കൾ അകന്നു പോകുന്നതിനെ കുറിച്ചുള്ള ഭീതി, ശാസ്ത്ര നിരാസം, ഗൂഢാലോചന സിദ്ധാന്തങ്ങൾ, ഫെമിനിസ്റ്റ് പേടി, സ്വവർഗ രതിക്കാർ ലോകം നശിപ്പിക്കുമെന്ന പ്രചാരണം. ഇക്കാര്യങ്ങൾ നിരന്തരം ചർച്ചക്കെടുക്കുക. ഓരോ ദിവസവും ഡോസ് കൂട്ടികൊണ്ടിരിക്കുക. റിട്ടയർ ചെയ്തവർ റിമോട്ടും പിടിച്ചു സോഫയിലിരുന്നോളും, അവിടെത്തന്നെ കിടന്നുറങ്ങിക്കോളും, ചാനൽ മാറ്റില്ല.
2000നു ശേഷം ഇന്ത്യയിൽ ഒട്ടേറെ വാർത്താ ചാനലുകൾ വന്നു. രാജ്ദീപ് സർദേശായി സി.എൻ.എൻ-ഐ.ബി.എൻ എന്ന ഒരു ചാനൽ തുടങ്ങി. അർണബ് ഗോസ്വാമി ടൈംസ്‌നൗ ചാനലിലേക്ക് പോയി, ബർഖാ ദത്ത് എൻ.ഡി.ടി.വിയിൽ തുടർന്നു. ഗ്രൗണ്ട് റിപ്പോർട്ടിങ്ങ് ഒരിക്കലും ചെയ്തിട്ടില്ലായിരുന്ന, ആങ്കറിങ് അല്ലാതെ ജേർണലിസത്തിൽ കാര്യമായി പരിചയമില്ലാതിരുന്ന അർണാബ്, ഒന്ന് രണ്ടു കൊല്ലം ടൈംസ്‌നൗവിൽ ഈച്ചയെ ആട്ടി ഇരുന്നു.
വിയർപ്പിന്റെ അസുഖമുള്ളവർക്ക് രക്ഷപെടാൻ ഇന്നാട്ടിൽ ഒരു മാർഗ്ഗവുമില്ലെന്ന് മനസ്സിലാക്കിയ അർണാബ് ഗോസ്വാമി, റോജർ അയൽസ് ഫോക്സ് ന്യൂസിൽ എന്തൊക്കെ നടപ്പാക്കിയോ, അതൊക്കെ ഇന്ത്യയിലേക്ക് കൊണ്ട് വന്നു. നീലയും ചുവപ്പും നിറഞ്ഞ സ്ക്രീൻ, ചക്ക ഫോണ്ട്, ചർച്ച, ചർച്ചക്ക് മേലെ ചർച്ച തുടങ്ങിയ ഐറ്റങ്ങൾ.
റിപ്പോർട്ടർമാർക്ക് കാര്യമായ റോളില്ലാതായി. പാനലിസ്റ്റുകളെ കൊണ്ടു വന്ന് ഇരുത്താൻ മാത്രമായി ബ്യുറോകൾ. മൈക്ക് പിടിച്ചു രാഷ്ട്രീയക്കാരുടെ പിറകെ ഓടുന്നതായി റിപോർട്ടിങ്, ക്ഷമ നശിച്ചു അവർ തെറി വിളിച്ചാൽ അതായി ബ്രേക്കിംഗ് ന്യൂസ്.
അർണാബിന്റെ റേറ്റിംഗ് ഉയർന്നുയർന്നു മാനം മുട്ടാൻ തുടങ്ങിയപ്പോൾ മറ്റുള്ളവരും പ്ലേറ്റ് മാറ്റി. ചർച്ച തന്നെ ചർച്ച. ചെലവ് കുറവ്, വരവ് കൂടുതൽ. ചർച്ചക്ക് പോകാൻ നേതാക്കന്മാർ തികയാതെ വന്നപ്പോൾ രാഷ്ട്രീയ പാർട്ടികൾ വക്താക്കളെ ഏർപ്പാടാക്കി.
ഒരു ദിവസം പോലും പാർട്ടിയിൽ പ്രവർത്തിച്ചിട്ടില്ലാത്ത സാംബിത് പാത്രയും സന്ദീപ് വാര്യരുമൊക്കെ പാർട്ടികളുടെ നാവായി. ഐ.ടി സെല്ലുകൾ വന്നു, പ്രൊഫഷണൽ വക്താക്കൾ വന്നു, വക്താവ് എന്നത് ഒരു ജോലിയായി, വരുമാനമായി.. ചോദ്യങ്ങൾക്കുത്തരം നൽകുക എന്നത് മാറി ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുക എന്നതായി വക്താക്കളുടെ ജോലി. തമ്മിൽ തല്ലുന്നവർക്കും അശ്ലീലവും വർഗീയതയും പറയുന്നവർക്കും ഡിമാൻഡ് കൂടി.
സമയം തികക്കാൻ വക്താക്കൾ മാത്രം പോരാ എന്ന് വന്നപ്പോൾ നിരീക്ഷകരുടെ വരവായി. യാതൊരു സാമൂഹിക പ്രതിബദ്ധതയോ ആശയാടിത്തറയോ ഇല്ലാത്തവർ നിരീക്ഷകരായി ചർച്ചകളിൽ നിറഞ്ഞു. വിക്കി പീഡിയ കാണാതെ പഠിച്ചു പറയുന്ന ആനന്ദ് രംഗനാഥനും ശ്രീജിത്ത് പണിക്കാരുമൊക്കെ ടി.വി താരങ്ങളായി. നിരന്തരം വിഡ്ഢിത്തം പറയുന്ന സാമ്പത്തിക വിദഗ്ധകൾ, ഒരു കേസും തെളിയിച്ചിട്ടില്ലാതെ റിട്ടയേർഡ് പോലീസ് ഓഫീസർമാർ ഒക്കെ നമ്മെ നിരന്തരം ഉത്‌ബോധിപ്പിച്ചു. ആർക്കു വേണ്ടിയും വാദിച്ചോളാം ടി.വിയിൽ വന്നാൽ മതി എന്ന നിലപാടുള്ള രാഹുൽ ഈശ്വരമാരുടെ ഒച്ചവെക്കലായി ടി.വി ഡിബേറ്റ്.
ഇവരൊക്കെ ടി.വികളിലേക്ക് ഇടിച്ചു കയറിയപ്പോൾ വിദ്യാർത്ഥികളും യുവാക്കളും ടി.വി വിട്ടു. ടി.വി ചർച്ചകൾ കാണുന്ന വിദ്യാർത്ഥികളെയും യുവാക്കളെയും സ്ത്രീകളെയും മരുന്നിനു പോലും കാണാതെയായി. എല്ലാ അവതാരകരും പ്രൈം ടൈം റേറ്റിംങ്ങിനു വേണ്ടി മത്സരിച്ചു, പ്രൈം ടൈം എന്നാൽ ചർച്ച. ചർച്ച കാണുന്നവർ റിട്ടയർ ചെയ്തവർ. അവർക്ക് വേണ്ടിയുള്ള കണ്ടന്റ് കൂടി കൂടി വന്നു. ശബരിമലയിലെ യുവതി പ്രവേശം മൂന്നു മാസം ചർച്ച ചെയ്തു. നാർക്കോട്ടിക് ജിഹാദ് രണ്ടാഴ്ച, ചായ വഴിയുള്ള ഗർഭ-നിരോധനം മൂന്നാഴ്ച, സുടാപ്പി മുദ്രാവാക്യം രണ്ടാഴ്ച. ഇതിനി കൂടി കൂടി വരും. ഡോസ് കൂടി കൂടി ഉത്തരേന്ത്യൻ ചാനലുകളിൽ ഇപ്പോൾ വർഗീയത മാത്രമേയുള്ളൂ. വേറൊരു കാര്യവും ആരും ചർച്ച ചെയ്യാറില്ല. കേരളത്തിലും അങ്ങനെയേ വരൂ. റോജർ അയൽസിന്റെ ഫോർമുലയാണ്, കിട്ടേണ്ട റിസൾട്ട് റേറ്റിംഗ് ആണ്. ഒരേ ഫോർമുല വച്ച് ഒരേ റിസൾട്ട് കിട്ടണമെങ്കിൽ ഒരേ മൂലകങ്ങളിടണം, പണ്ട് രസതന്ത്രത്തിൽ പഠിച്ചതാണ്.
തുടക്കത്തിൽ പറഞ്ഞ പോലെ അവതാരകരുടെ മാപ്പ് പറച്ചിൽ കൊണ്ടും കുറ്റബോധം കൊണ്ടും ഒരു മാറ്റവുമുണ്ടാകില്ല. റോജർ അയൽസിന്റെ ഫോർമുലയും എത്തിക്‌സും ഒന്നിച്ചു പോവില്ല. അവതാരകർക്ക് അന്തസ്സോടെ ഒരു ജീവിതം സാധ്യമാകണമെങ്കിൽ അവർ ലക്ഷ്യം വെയ്ക്കുന്ന പ്രേക്ഷകരെ മാറ്റണം. റിമോട്ടും പിടിച്ചു സോഫയിൽ അലസരായി ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നവരെ മാറ്റി തിരക്കുള്ള യുവാക്കളെ ലക്ഷ്യം വെക്കണം.
പ്രൈം ടൈം എന്നു നിങ്ങൾ വിളിക്കുന്ന സമയത്ത് ടി.വിയുടെ മുമ്പിൽ ഇരിക്കണമെങ്കിൽ ചിലവാക്കുന്ന സമയത്തിന് പകരം എന്തെങ്കിലും കിട്ടുമെന്ന തോന്നൽ അവർക്ക് വരണം. ഇപ്പോൾ നടത്തുന്ന ചർച്ചകളും പാനെലിസ്റ്റുകളും നിരീക്ഷകരുമെല്ലാം നൽകുന്ന അറിവുകൾക്ക് തങ്ങളുടെ ജീവിതത്തിലെ ഒരു നിമിഷം പോലും ചെലവാക്കാൻ മാത്രം വലിപ്പമില്ല എന്നവർക്കറിയാം. ആ തോന്നൽ മാറണം. അതിന് കഠിനാധ്വാനം വേണം.
പൊളിറ്റിക്സ്, എക്കണോമിക്സ്, സ്റ്റോക്‌സ്, സ്പോർട്സ്, ആർട്സ്, പുസ്തകങ്ങൾ, സിനിമകൾ ഒക്കെ പ്രൈം ടൈം വിശകലനത്തിൽ വരണം. ചർച്ചകൾ നിർത്തി കാമ്പുള്ള വിശകലനങ്ങൾ തുടങ്ങണം, രാഷ്ട്രീയക്കാർക്ക് ഒഴിവുകഴിവു പറഞ്ഞു രക്ഷപെടാൻ സൗകര്യപ്പെടാത്ത രീതിയിൽ നേർക്കുനേർ ചോദ്യങ്ങൾ ചോദിക്കണം. നിലവാരമുള്ള റിപോർട്ടുകൾ വേണം. അറിവുള്ള നിരീക്ഷകർ വേണം. അപ്പോൾ നിങ്ങളും മാറും. അതാണ് പ്രണോയ് റോയ് പറഞ്ഞ ഹെയ്സൺബെർഗ് നിയമം.
2015ൽ റെഡിൻക് അവാർഡ് സ്വീകരിച്ചു കൊണ്ട് പ്രണോയ് റോയ് നടത്തിയ ഒരു പ്രഭാഷണത്തിൽ ജേർണലിസത്തിലെ ഹെയ്സൺബെർഗ് നിയമത്തെ പറ്റി പറയുന്നുണ്ട്. ഫിസിക്സിലെ ഒറിജിനൽ ഹെയ്‌സൺബെർഗ് നിയമം ചെറുതായി ട്വിസ്റ്റ് ചെയ്തതാണ്, കൂടുതൽ കാഴ്ചക്കാരെന്നത് മാത്രമാണ് ജേർണലിസ്റ്റുകളുടെ ലക്ഷ്യം എന്നുണ്ടെങ്കിൽ അവർ സ്വയം തന്നെ മാറിപ്പോകും എന്നതാണ് അദ്ദേഹം പറഞ്ഞതിന്റെ ഏകദേശ വിവർത്തനം. എൻ.ഡി.ടി.വി സ്റ്റുഡിയോയിൽ ഇനി മുതൽ ആരും ഒച്ച വെക്കില്ല എന്നും അദ്ദേഹം പിന്നീട് പറഞ്ഞു. ഫോക്സ് ന്യൂസിനോട് മത്സരിക്കുന്നത് സി.എൻ.എൻ എന്നോ നിർത്തിയത് പോലെ റേറ്റിംഗിങ്ങിന്റെ പിറകെ പോകുന്നത് എൻ.ഡി.ടി.വി അതോടെ നിർത്തി. അവരിപ്പോൾ റേറ്റിംഗ് മത്സരങ്ങളിൽ പങ്കെടുക്കാറില്ല.
തങ്ങളാണ് പി.സി. ജോർജിനെ വളർത്തിയത് എന്ന് അവതാരകർ കുറ്റസമ്മതം നടത്തുന്നതിൽ ശരികേടുണ്ട്. സത്യം മറിച്ചാണ്. പി.സി. ജോർജാണ് അവതാരകരെ വളർത്തിയത്. അവതാരകരും ടെലിവിഷൻ ചർച്ചകളും വരുന്നതിന് മുമ്പേ പി.സി. ജോർജ് എം.എൽ.എ ആണ്, ആവശ്യത്തിലധികം പണവും ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ പി.സി. ജോർജോ രാഹുൽ ഈശ്വരോ ശ്രീജിത്ത് പണിക്കാരോ മേരി ജോർജോ അത് പോലുള്ളവരോ ഇല്ലെങ്കിൽ അവതാരകരില്ല, പ്രൈം ടൈം ചർച്ചകൾ കാണാനാളുണ്ടാകില്ല. കാരണം അവതാരകർ തെരഞ്ഞെടുത്ത പ്രേക്ഷകകൂട്ടം അത്തരം പാനെലിസ്റ്റുകളെ കാത്തിരിക്കുന്നവരാണ്. കുറ്റസമ്മതം നടത്തേണ്ടത് പി.സി. ജോർജാണ്, അവതാരകരെ വളർത്തിയതിന്.
Content Highlight: Presenters should change the audience, not the panelists