ന്യൂദല്‍ഹി: നീതിന്യായവ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോട് മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ. ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ ജുഡീഷ്യറി സ്വതന്ത്രമായി നിലകൊള്ളുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുപ്രീം കോടതിയുടെ ഇന്നത്തെ അവസ്ഥ “വിനാശകരം” ആണെന്നു പറഞ്ഞ അദ്ദേഹം സുപ്രീം കോടതിയ്ക്കുള്ളില്‍ നേതൃത്വത്തിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.
മുന്‍ എന്‍.ഡി.എ മന്ത്രിയും മാധ്യമപ്രവര്‍ത്തകനുമായ അരുണ്‍ ഷൂരിയുടെ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജുഡീഷ്യറിയുടെ പരമാധികാരം ഉറപ്പുവരുത്താനിയില്ലെങ്കില്‍ ജുഡീഷ്യല്‍ സമ്പ്രദായം ആകെ താറുമാറാകുന്ന ദിവസം വരാന്‍ അധികം കാത്തിരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
2014ല്‍ ലോധ സുപ്രീം കോടതി ജസ്റ്റിസ് ആയിരിക്കേ അദ്ദേഹം ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജസ്റ്റിസ് ഗോപാല്‍ സുബ്രഹ്മണ്യനു പകരം ജസ്റ്റിസ് രോഹിങ്ടണ്‍ നരിമാനെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കത്തെയായിരുന്നു അദ്ദേഹം വിമര്‍ശിച്ചത്. വിവാദത്തെ തുടര്‍ന്ന് സുബ്രഹ്മണ്യന്‍ അദ്ദേഹത്തിന്റെ പേര് പിന്‍വലിച്ചിരുന്നു.