| Monday, 4th December 2023, 9:42 pm

എൻ.ഇ.പി പോലും അംഗീകരിച്ചിട്ടില്ല, പിന്നെയാണ്...; മോദിയുടെ ഫോട്ടോയുള്ള സെൽഫി പോയിന്റ് സ്ഥാപിക്കാനുള്ള യു.ജി.സി നിർദേശത്തിനെതിരെ കർണാടക മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ദേശീയ വിദ്യാഭ്യാസ നയം തന്നെ നമ്മൾ അംഗീകരിച്ചിട്ടില്ല എന്നിരിക്കെ എങ്ങനെയാണ് നയങ്ങളുടെ നേട്ടത്തെ പ്രചരിപ്പിക്കുകയെന്ന് കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. എം.സി. സുധാകർ.

ദേശീയ വിദ്യാഭ്യാസ നയം ഉൾപ്പെടെ ഇന്ത്യയുടെ നേട്ടങ്ങളെ കുറിച്ച് യുവജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ രാജ്യത്തെ കോളേജുകളിലും സർവ്വകലാശാലകളിലും സെൽഫി പോയിന്റുകൾ സ്ഥാപിക്കണമെന്ന യു.ജി.സി നിർദ്ദേശം വിവാദത്തിലായിരുന്നു.

‘ഞാൻ മാധ്യമങ്ങൾ വഴി ഇതിനെക്കുറിച്ച് അറിഞ്ഞു. ഇത് ഒരു ശരിയായ കാര്യമല്ല. യു.ജി.സിയുടെ എല്ലാ നിർദേശങ്ങളും പിന്തുടരേണ്ടതില്ല. നമ്മുടെ സർവകലാശാലകളെ ഇങ്ങനെ രാഷ്ട്രീയവത്കരിക്കാൻ സാധിക്കില്ല. ദേശീയ വിദ്യാഭ്യാസ നയം തന്നെ നമ്മൾ അംഗീകരിച്ചിട്ടില്ല എന്നിരിക്കെ എങ്ങനെയാണ് നയങ്ങളുടെ നേട്ടത്തെ പ്രചരിപ്പിക്കുക?’ മന്ത്രി പറഞ്ഞു.

ക്യാമ്പസുകളിലെ പ്രധാന മേഖലകളിൽ സെൽഫി പോയിന്റുകൾ സ്ഥാപിക്കണമെന്ന് നിർദ്ദേശം യു.ജി.സിയുടെ വെബ്സൈറ്റിലാണ് പ്രത്യക്ഷപ്പെട്ടത്. വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമത്തെ വിദ്യാർത്ഥികളും വിദ്യാഭ്യാസ പ്രവർത്തകരും അപലപിച്ചു.

‘ നിങ്ങളുടെ സ്ഥാപനത്തിൽ ഒരു സെൽഫി പോയിന്റ് സ്ഥാപിച്ചുകൊണ്ട് നമ്മുടെ രാജ്യത്തിന്റെ നേട്ടങ്ങൾ നമുക്ക് ആഘോഷിക്കുകയും ആളുകളിലേക്ക് എത്തിക്കുകയും ചെയ്യാം.

വിവിധ മേഖലകളിലെ ഇന്ത്യയുടെ നേട്ടങ്ങൾ, പ്രത്യേകിച്ച് നാഷണൽ എജുക്കേഷൻ പോളിസി 2020ന് കീഴിലുള്ള പുതിയ പദ്ധതികൾ സംബന്ധിച്ച് യുവാക്കൾക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് സെൽഫി പോയിന്റിന്റെ ലക്ഷ്യം,’ ഔദ്യോഗിക നിർദേശത്തിൽ പറയുന്നു.

മുൻ നിശ്ചയിച്ച പ്രകാരമുള്ള സെൽഫി പോയിന്റ് കട്ടൗട്ടിലുള്ള ഡിസൈനിലെ നരേന്ദ്ര മോദിയുടെ സാന്നിധ്യമാണ് ആളുകളെ ചൊടിപ്പിക്കുന്നത്.

അംഗീകരിക്കപ്പെട്ട ഡിസൈനിൽ തന്നെ സെൽഫി പോയിന്റുകൾ സ്ഥാപിക്കണമെന്നും നിർദേശമുണ്ട്.

വിദ്യാർത്ഥികൾ അനുഭവിക്കുന്ന പ്രശ്നങ്ങളൊന്നും ചർച്ച ചെയ്യപ്പെടുന്നില്ല എന്നിരിക്കെ ഇത്തരം സെൽഫി പോയിന്റുകളുടെ ആവശ്യകത എന്താണെന്ന് വിദ്യാർഥി സംഘടനകൾ ചോദിച്ചു.

കോളേജുകളിൽ രാഷ്ട്രീയപ്രവർത്തകർക്ക് പ്രചരണം നൽകുന്ന ശ്രമങ്ങളെ അംഗീകരിക്കില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

Content Highlight: Presence of PM’s image in UGC’s selfie-point design for institutions stirs up controversy

We use cookies to give you the best possible experience. Learn more