| Monday, 1st April 2019, 5:55 pm

ലീഗിന്റെ കൊടി പാക് പതാകയാക്കി, രാഹുല്‍ഗാന്ധിയ്ക്ക് വേണ്ടിയുള്ള പ്രചാരണത്തെ വളച്ചൊടിച്ച് ശബരിമല കേസ് വാദിച്ച പ്രേരണാ കുമാരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വയനാട്: വയനാട് മണ്ഡലത്തില്‍ രാഹുല്‍ഗാന്ധിയ്ക്ക് വേണ്ടിയുള്ള മുസ്‌ലിം ലീഗിന്റെ പ്രചാരണത്തെ വളച്ചൊടിച്ച് ബി.ജെ.പി നേതാവ് പ്രേരണാ കുമാരിയുടെ ട്വീറ്റ്.

രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം പാകിസ്താന്‍ കൊടികളേന്തി ചിലര്‍ ആഘോഷിക്കുകയാണെന്നും രാഹുല്‍ വയനാട് തെരഞ്ഞെടുത്തത് എന്തിനാണെന്ന് മനസിലായിരിക്കുമെന്നാണ് പ്രേരണാ കുമാരിയുടെ ട്വീറ്റ്. സുപ്രീം കോടതിയിലെ ബി.ജെ.പി ലീഗല്‍ സെല്‍ സെക്രട്ടറിയും പൂര്‍വാഞ്ചല്‍ മോര്‍ച്ച ദില്ലി സംസ്ഥാന സെക്രട്ടറിയുമായ പ്രേരണകുമാരി ശബരിമല യുവതീ പ്രവേശനത്തിന് വേണ്ടി സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹരജി നല്‍കിയയാളാണ്.

മോദിയടക്കമുള്ള നേതാക്കളെ ടാഗ് ചെയ്താണ് പ്രേരണാ കുമാരിയുടെ ട്വീറ്റ്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ മോദിയും വര്‍ഗീയമായി ചിത്രീകരിച്ചിരുന്നു. ഹിന്ദു ഭൂരിപക്ഷ മേഖലയില്‍ മത്സരിക്കാന്‍ ഭയമായതുകൊണ്ടാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് പോയതെന്നാണ് മോദിയുടെ പരാമര്‍ശം.

“ഭൂരിപക്ഷ സമുദായത്തിന് സ്വാധീനമുള്ള മണ്ഡലത്തില്‍ മത്സരിക്കാന്‍ ഒരു പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് ഭയമാണ്.” എന്നായിരുന്നു പ്രധാനമന്ത്രിയായ മോദിയുടെ വാക്കുകള്‍.

“കോണ്‍ഗ്രസ് ഹിന്ദുക്കളെ അവഹേളിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ അവരെ ശിക്ഷിക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. അതുകൊണ്ട് അവര്‍ക്ക് ഹിന്ദു ഭൂരിപക്ഷ മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ഭയമാണ്.” എന്നും മോദി പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more