| Tuesday, 21st January 2020, 12:56 pm

അന്താരാഷ്ട്ര നാണയനിധിക്കും ഗീതാ ഗോപിനാഥിനുമെതിരെ കേന്ദ്ര സര്‍ക്കാരിന്റെ ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പുമായി പി. ചിദംബരം.

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയില്‍ കടുത്ത ആശങ്കകള്‍ അറിയിച്ച ഐ.എം.എഫിന്റെ റിപ്പോര്‍ട്ടിനും സാമ്പത്തിക വിദഗ്ദ്ധ ഗീത ഗോപിനാഥിനുമെതിരെ കേന്ദ്ര സര്‍ക്കാര്‍ ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ഈ സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 4.8 ശതമാനമായി കുറയുമെന്നും ജി.ഡി.പിയുടെ കാര്യത്തിലും പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാവില്ലെന്നുമാണ് അന്താരാഷ്ട്ര നാണയ നിധിയുടെ റിപ്പോര്‍ട്ട്.

നോട്ട് നിരോധനത്തെ തുടക്കത്തിലേ തന്നെ തള്ളിപ്പറഞ്ഞ സാമ്പത്തികവിദഗ്ദ്ധയാണ് ഗീത ഗോപിനാഥെന്നും പി. ചിദംബരം ചൂണ്ടിക്കാണിക്കുന്നു.

2019-2020 സാമ്പത്തിക വര്‍ഷത്തില്‍ 6.1 ശതമാനം വളര്‍ച്ചാ നിരക്ക് ഉണ്ടാകുമെന്നായിരുന്നു കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഐ.എം.എഫിന്റെ റിപ്പോര്‍ട്ട്. പക്ഷെ ഇത്തരത്തില്‍ പ്രതീക്ഷിച്ച വളര്‍ച്ച ഉണ്ടാകില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട് പറയുന്നത്. ആറ് വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണ് 2019 ജൂലൈ – സെപ്തംബറില്‍ രേഖപ്പെടുത്തിയിരുന്നത്.

ബാങ്കിതര സാമ്പത്തികരംഗങ്ങളിലെ പ്രതിസന്ധിയും ഗ്രാമീണമേഖലയിലെ വരുമാന വളര്‍ച്ചയിലെ കുറവുമാണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറയാന്‍ കാരണമെന്ന് ഐ.എം.എഫിന്റെ ഉന്നത സാമ്പത്തിക വിദഗ്ദ്ധയായ ഗീത ഗോപിനാഥ് ചൂണ്ടിക്കാണിച്ചിരുന്നു. കോര്‍പറേറ്റുകള്‍ക്കുള്ള നികുതിയില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ സാമ്പത്തികരംഗം മെച്ചപ്പെടാന്‍ സാധ്യതയുണ്ടെന്നും ഗീത കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വലിയ വിമര്‍ശനങ്ങളാണ് കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ഉയരുന്നത്. 4.8 ശതമാനത്തേക്കാള്‍ വളര്‍ച്ചാ നിരക്ക് താഴാന്‍ സാധ്യതയുണ്ടെന്നും എങ്കിലും തനിക്ക് അത്ഭുതമൊന്നുമുണ്ടാകില്ലെന്നും ചിദംബരം ട്വീറ്റ് ചെയ്തു.

കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സിലെ കൂടി വരുന്ന പണപ്പെരുപ്പത്തിനെതിരെയും ചിദംബരം കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചു. 2018 ഡിസംബറില്‍ 2.11 ശതമാനം രേഖപ്പെടുത്തിയ റീട്ടെയ്ല്‍ രംഗത്തെ ഈ പണപ്പെരുപ്പം നവംബര്‍ 2019 ആകുമ്പോഴേക്ക് 5.54 ശതമാനമായി വര്‍ദ്ധിച്ചിതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ദ്ധന 14.12 ശതമാനത്തിലെത്തി നില്‍ക്കുകയാണ്. പച്ചക്കറിയുടെ വില 60 ശതമാനത്തിലേറെ വര്‍ദ്ധിച്ചിരിക്കുന്നു. ഉള്ളിയുടെ വില ഇപ്പോഴും കിലോക്ക് 100 രൂപയില്‍ കൂടുതലാണ്. ഇതാണ് ബി.ജെ.പി. വാഗ്ദാനം ചെയ്ത ‘അച്ഛേ ദിന്‍’ ‘പി. ചിദംബരം പറഞ്ഞു.

DoolNews Video

We use cookies to give you the best possible experience. Learn more