|

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ ഇങ്ങനെ; വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്ള നിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ട് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കാലത്ത് എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെയാണ് നടക്കുന്നത്. പരീക്ഷകള്‍ നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങളും നിര്‍ദ്ദേശങ്ങളും മുഖ്യമന്ത്രി വിശദീകരിച്ചു.

കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം പരീക്ഷ നടത്താനെന്ന് അധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. കണ്ടെയ്ന്‍മെന്റ് സോണുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ഇരിപ്പിടം തയ്യാറാക്കും സംസ്ഥാനത്തിന് പുറത്തുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 14 ദിവസം ക്വാറന്റൈന്‍ വേണം. അവര്‍ക്ക് പരീക്ഷയ്ക്ക് പ്രത്യേകം സൗകര്യം ഒരുക്കും

പരീക്ഷ എഴുതുന്ന എല്ലാ വിദ്യാര്‍ത്ഥികളെയും തെര്‍മല്‍ സ്‌ക്രീനിങിന് വിധേയമാക്കും. അധ്യാപകര്‍ ഗ്ലൗസ് ധരിക്കും. ഉത്തരക്കടലാസ് ഏഴ് ദിവസം പരീക്ഷാ കേന്ദ്രത്തില്‍ സൂക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ കുളിച്ച ശേഷം മാത്രമേ ബന്ധുക്കളുമായി ഇടപഴകാന്‍ പാടുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സ്‌കൂളുകളും ഫയര്‍ ഫോഴ്‌സിന്റെ സഹായത്താല്‍ അണുവിമുക്തമാക്കും. തെര്‍മല്‍ സ്‌ക്രീനിങിനായി 5000 ഐ.ആര്‍ തെര്‍മോമീറ്റര്‍ വാങ്ങും. സോപ്പും സാനിറ്റൈസറും എല്ലായിടത്തും ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരീക്ഷാ കേന്ദ്ര മാറ്റത്തിനായി 10921 കുട്ടികള്‍ അപേക്ഷിച്ചു. ഇവര്‍ക്കാവശ്യമായ ചോദ്യപേപ്പര്‍ ഈ വിദ്യാലയങ്ങളില്‍ എത്തിക്കും. ഗര്‍ഫിലെയും ലക്ഷദ്വീപിലെയും വിദ്യാലയങ്ങളില്‍ പരീക്ഷ നടത്തിപ്പിന് ക്രമീകരണം ഏര്‍പ്പെടുത്തി. മുഴുവന്‍ കുട്ടികള്‍ക്കും പരീക്ഷ എഴുതാനും ഉപരി പഠനത്തിന് സൗകര്യപ്പെടുത്താനും അവസരം ഒരുക്കും.

വിവിധ കാരണങ്ങളാല്‍ പരീക്ഷ എഴുതാന്‍ പറ്റാത്ത വിദ്യാര്‍ത്ഥികള്‍ ആശങ്കപ്പെടേണ്ടെന്നും ഇവര്‍ക്ക് ഉപരിപഠന അവസരം നഷ്ടപ്പെടാത്ത വിധം റെഗുലര്‍ പരീക്ഷ സേ പരീക്ഷയ്ക്ക് ഒപ്പം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ക് ഡൗണിന് ശേഷം കോളേജുകള്‍ തുറക്കാനാവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയതായും അദ്ദേഹം പറഞ്ഞു. ജൂണ്‍ ഒന്നിന് കോളേജുകള്‍ തുറക്കാനാണ് നിര്‍ദ്ദേശമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Video Stories