മേപ്പാടി: വയനാട് മുണ്ടക്കൈ-ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കണ്ടെത്തിയ തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ കൂട്ടമായി സംസ്‌കരിക്കാന്‍ ഒരുക്കം. പുത്തുമലയിലെ ഹാരിസണ്‍ പ്ലാന്റേഷന്‍ ഭൂമിയിലാണ് സംസ്‌കാരം നടക്കുക.
25 മൃതദേഹങ്ങളാണ് പുത്തുമലയില്‍ സംസ്‌കരിക്കുക. സര്‍വമത പ്രാര്‍ത്ഥനയോടെയായിരിക്കും സംസ്‌കാരം നടക്കുക. ഇന്ന് അഞ്ച് മണിയോടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിവിധ ഇടങ്ങളില്‍ നിന്ന് ലഭിച്ച ശരീര ഭാഗങ്ങളും പുത്തുമലയില്‍ സംസ്‌കരിക്കും. നാട്ടുകാരുടെയും വിവിധ മതവിഭാഗങ്ങളിലെ പ്രതിനിധികളുടെയും അധികൃതരുടെയും നേതൃത്വത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
2019ൽ പുത്തുമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 17 പേർ മരിച്ചിരുന്നു. ദുരന്തത്തിൽ അകപ്പെട്ട അഞ്ച് പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഉരുൾപൊട്ടലുണ്ടായ അതേ പ്രദേശത്താണ് ഇപ്പോൾ തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനുള്ള നീക്കങ്ങൾ നടക്കുന്നത്.
നിലവിലെ കണക്കുകള്‍ പ്രകാരം മുണ്ടക്കൈ ദുരന്തത്തില്‍ 366 പേരാണ് മരിച്ചത്. ഇന്നത്തെ തിരച്ചിലില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. വിവിധ ഫോഴ്സുകളിലുള്ളവരും സന്നദ്ധ പ്രവര്‍ത്തകരും ഉള്‍പ്പടെ 1200ലധികം ആളുകളാണ് ഇന്ന് ദുരന്തമുഖത്ത് തിരച്ചില്‍ നടത്തുന്നത്.
ദുരന്തത്തില്‍ അകപ്പെട്ട 206 പേരെയാണ് കണക്കുകള്‍ പ്രകാരം കണ്ടെത്താനുള്ളത്. ചാലിയാറില്‍ നിന്ന് ഇതുവരെ 205 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കണ്ടെടുത്തതില്‍ 94 മൃതദേഹങ്ങളാണ് തിരിച്ചറിയാന്‍ കഴിയാത്തത്. മുണ്ടക്കൈയില്‍ മാത്രമായി ഇനിയും കണ്ടെത്താനുള്ളത് 64 പേരെയാണ്.
അതേസമയം മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളും ശരീര ഭാഗങ്ങളും തിരിച്ചറിയുന്നതിനായി ബന്ധുക്കളുടെ രക്തസാമ്പിളുകൾ ശേഖരിക്കുന്ന നടപടികൾ ആരംഭിച്ചു. തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡി.എൻ.എകളായിരിക്കും ആദ്യഘത്തിൽ ശേഖരിക്കുക.
മേപ്പാടി ഗവ. ഹയർ സെക്കന്ററി സ്കൂളിലും പഞ്ചായത്ത് ഹാളിലുമാണ് രക്തസാമ്പിളുകൾ ശേഖരിക്കുന്നത്. രക്തപരിശോധനക്ക് തയ്യാറായിട്ടുള്ളവർക്ക് കൗൺസിലിങ് നൽകിയതിന് ശേഷമായിരിക്കും സാമ്പിൾ ശേഖരിക്കുക.
Content Highlight: Preparations for mass burial of unidentified dead bodies found following landslides in Mundakai-Churalamala