|

കുട്ടികളെ സിനിമ കാണിക്കണോയെന്ന് രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാം; കുടുംബത്തിലേക്ക് അനുവാദമില്ലാതെ വരുന്നതാണ് സീരിയലുകള്‍: പ്രേംകുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സീരിയലുകളെ കുറിച്ച് സംസാരിക്കുകയാണ് നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാര്‍. അങ്ങോട്ട് പോയി ടിക്കെറ്റെടുത്ത്‌ ആവശ്യമുള്ളവര്‍ കാണുന്ന സംവിധാനമാണ് സിനിമയെന്നും പ്രേംകുമാര്‍ പറയുന്നു. സിനിമ കുട്ടികളെ കാണിക്കാനോ എന്ന് മാതാപിതാക്കള്‍ക്ക് തീരുമാനിക്കാമെന്നും എന്നാല്‍ ദിവസേന കുടുംബാന്തരീക്ഷത്തിലേക്ക് അനുവാദമില്ലാതെയാണ് സീരിയലുകള്‍ കടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

എവിടെയും കാണാന്‍ കഴിയാത്ത ജീവിതമാണ് പല സീരിയലിലെന്നും സ്വാഭാവികതയില്ലാത്ത കൃത്രിമത്വവും അതി ഭാവുകത്വവും നിറഞ്ഞ വെറും കെട്ടുകാഴ്ചകള്‍ ആണ് അതിലെന്നും പ്രേംകുമാര്‍ കൂട്ടിച്ചേര്‍ത്തു. അഭിനേതാക്കളുടെ പ്രകടനങ്ങളോ സംവിധാനമോ സാങ്കേതികതകളോ നിര്‍മാണമോ മോശമാണെന്ന അഭിപ്രായം താന്‍ പറഞ്ഞിട്ടില്ലെന്നും എപ്പിസോഡുകളുടെ എണ്ണം കുറയ്ക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും സീരിയലുകളുടെ പ്രമേയമാണ് പ്രശ്‌നമെന്നും അദ്ദേഹം വ്യക്തമാക്കി. ദേശാഭിമാനി ദിനപത്രത്തില്‍ സംസാരിക്കുകയാണ് പ്രേംകുമാര്‍.

‘ആവശ്യമുള്ളവര്‍ ടിക്കറ്റ് എടുത്ത് അങ്ങോട്ട് പോയി കാണുന്ന സംവിധാനമാണ് സിനിമ. കുട്ടികളെ സിനിമ കാണിക്കണോ എന്ന് രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാം. എന്നാല്‍ ദിവസേന നമ്മുടെ കുടുംബാന്തരീക്ഷത്തിലേക്ക് നമ്മുടെ പോലും അനുവാദമില്ലാതെ കടന്നുവരുന്നതാണ് സീരിയലുകള്‍. ജീവിതത്തിന്റെ ചിത്രീകരണം എന്ന രീതിയിലാണ് സീരിയലുകള്‍ അവതരിപ്പിക്കപ്പെടുത്.

ഭൂമിയിലെങ്ങുമില്ലാത്ത, എവിടെയും ഉണ്ടാകാന്‍ ഇടയില്ലാത്ത ജീവിതമാണ് പലതിലും. സ്വാഭാവികതയില്ലാത്ത കൃത്രിമത്വവും അതി ഭാവുകത്വവും നിറഞ്ഞ വെറും കെട്ടുകാഴ്ചകള്‍.

കലയും സാഹിത്യവുമെല്ലാം കൈകാര്യം ചെയ്യുന്നത് ഒരു വലിയ ജനസമൂഹത്തെയാണ്. അതുകൊണ്ടുതന്നെ അതിലുണ്ടാകുന്ന പാളിച്ചകള്‍ സമൂഹത്തെ അപചയത്തിലേക്ക് നയിക്കും.

നമ്മുടെ കുടുംബങ്ങളിലേക്ക് എന്ത് കടന്നുവരണമെന്ന ഔചിത്യം പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. അഭിനേതാക്കളുടെ പ്രകടനങ്ങളോ സംവിധാനമോ സാങ്കേതികതകളോ നിര്‍മാണമോ മോശമാണെന്ന അഭിപ്രായം ഞാന്‍ പറഞ്ഞിട്ടില്ല. എപ്പിസോഡുകളുടെ എണ്ണം കുറയ്ക്കണമെന്നും എനിക്ക് അഭിപ്രായമില്ല. ഇതിലെ പ്രമേയങ്ങളെയാണ് ഞാന്‍ വിമര്‍ശിച്ചത്,’ പ്രേംകുമാര്‍ പറഞ്ഞു.

Content Highlight: Premkumar Talks About television serials

Video Stories