അന്ന് ആ ചിത്രം കണ്ട് ഞങ്ങൾ ഒരേ സ്വരത്തിൽ പറഞ്ഞു, ഇയാൾ ഭാവിയിലെ സൂപ്പർ സ്റ്റാറാണെന്ന്, അതുപോലെ തന്നെ സംഭവിച്ചു: പ്രേംകുമാർ
Entertainment
അന്ന് ആ ചിത്രം കണ്ട് ഞങ്ങൾ ഒരേ സ്വരത്തിൽ പറഞ്ഞു, ഇയാൾ ഭാവിയിലെ സൂപ്പർ സ്റ്റാറാണെന്ന്, അതുപോലെ തന്നെ സംഭവിച്ചു: പ്രേംകുമാർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 19th February 2024, 9:18 am

മലയാളികളുടെ ഇഷ്ടനടനാണ് പ്രേകുമാർ. ഹാസ്യതാരമായാണ് പ്രേം കുമാർ തന്റെ സിനിമ കരിയർ ആരംഭിക്കുന്നത്. സ്കൂൾ ഓഫ് ഡ്രാമയിൽ പഠിച്ചിരുന്ന സമയത്തെ ഒരു അനുഭവം പങ്കുവെക്കുകയാണ് പ്രേംകുമാർ.

അന്ന് സഹപാഠികളായ രഞ്ജിത്ത്, വി.എം വിനു തുടങ്ങിയവരോടൊപ്പം അപരൻ എന്ന ചിത്രം കണ്ടപ്പോൾ, ജയറാമിന്റെ അഭിനയം കണ്ട് ഇയാൾ ഭാവിയിൽ ഒരു സൂപ്പർ സ്റ്റാറാവുമെന്ന് തങ്ങൾ പറഞ്ഞിരുന്നു എന്നാണ് പ്രേംകുമാർ പറയുന്നത്.

 

ജയറാം ആദ്യമായി അഭിനയിച്ച ചിത്രമാണ് പത്മരാജൻ സംവിധാനത്തിൽ പുറത്തിറങ്ങിയ അപരൻ. ബിഹൈൻഡ് വുഡ്‌സിനോട് സംസാരിക്കുകയായിരുന്നു പ്രേംകുമാർ. ജയറാമും പ്രേകുമാറും ഒന്നിച്ച പുതുക്കോട്ടയിലെ പുതുമണവാളൻ എന്ന ചിത്രമെല്ലാം വലിയ സ്വീകാര്യത നേടിയിരുന്നു.

‘ഞാൻ തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ പഠിച്ചു കൊണ്ടിരിക്കുന്ന സമയത്ത് എന്റെ രണ്ട് മൂന്ന് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അവർ പക്ഷേ നാടകത്തേക്കാൾ സിനിമയെ കുറിച്ചായിരുന്നു സംസാരിച്ചു കൊണ്ടിരുന്നത്.


അതിൽ ഒരാൾ അലക്സ് കടവിൽ എന്ന വ്യക്തിയാണ്. മറ്റൊന്ന് ഇപ്പോഴത്തെ ചലച്ചിത്ര അക്കാദമി ചെയർമാനും നടനും സംവിധായകനുമെല്ലാമായ രഞ്ജിത്ത്, മറ്റൊന്ന് വി.എം.വിനു.

നാടകമാണ് പഠിക്കുന്നതെങ്കിലും എപ്പോഴും സിനിമയാണ് ചർച്ച. അതിനെ കുറിച്ച് തന്നെയാണ് എപ്പോഴും സംസാരിക്കുക. ഞാനന്ന് നിശബ്ദനായി ഇതൊക്കെ കേട്ടുകൊണ്ടിരിക്കും. കുറച്ച് വർഷങ്ങൾക്ക് ശേഷം ഞങ്ങൾ അവിടെ ഒരു സിനിമ കാണാൻ പോയി. അപരൻ ആയിരുന്നു ആ സിനിമ.

അത് കണ്ട് കഴിഞ്ഞപ്പോൾ ഞങ്ങൾ മൂന്ന് പേരും ഒരേ സ്വരത്തിൽ പറഞ്ഞു, ആ കാണുന്നത് വരാനിരിക്കുന്ന ഒരു സൂപ്പർസ്റ്റാറാണെന്ന്. അതായിരുന്നു ജയറാം,’പ്രേം കുമാർ പറയുന്നു.

Content Highlight: Premkumar Talk About Jayaram