| Monday, 29th January 2024, 12:48 pm

ഹീറോ ഞാനും വില്ലൻ വിക്രവും, ആ ചിത്രം ഇറങ്ങിയിരുന്നെങ്കിൽ...; പ്രേംകുമാർ പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരുകാലത്ത് മലയാളികളെ ഒരുപാട് ചിരിപ്പിച്ച നടനാണ് പ്രേം കുമാർ.

ഹാസ്യതാരമായാണ് സിനിമയിൽ എത്തുന്നതെങ്കിലും കുറഞ്ഞ കാലം കൊണ്ട് നായക നടനായും അദ്ദേഹം മാറിയിരുന്നു. നടക്കാതെ പോയ തന്റെ ഒരു സിനിമ പറയുകയാണ് പ്രേം കുമാർ. പി. ജി. വിശ്വംഭരന്റെ സംവിധാനത്തിൽ പ്രേംകുമാറിനെ നായകനാക്കി തീരുമാനിച്ച സിനിമയായിരുന്നു മാനം തെളിഞ്ഞപ്പോൾ. ഇന്ന് തമിഴ് സിനിമയിലെ സൂപ്പർസ്റ്റാറായ ചിയാൻ വിക്രമായിരുന്നു ചിത്രത്തിൽ പ്രേംകുമാറിന്റെ വില്ലനായി അഭിനയിച്ചത്. എന്നാൽ പല കാരണങ്ങളാൽ സിനിമ റിലീസ് ആയില്ല. ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് പ്രേം കുമാർ. മനോരമ ന്യൂസിലെ നേരെ ചൊവ്വയിൽ സംസാരിക്കുകയായിരുന്നു താരം

‘ഞാൻ കുറച്ച് അലസതയൊക്കെയുള്ള ആളാണ്. ഞാൻ ജീവിതം വളരെ അലസമായി, സമർദ്ദരഹിതമായി ആസ്വദിച്ചു ജീവിക്കുന്ന ഒരാളാണ്. സിനിമ എന്ന് പറയുന്നത്, ഒരു സെക്കന്ററിയായിട്ട് മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ.

ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളിൽ വല്ലാതെ സന്തോഷിക്കുന്ന ഒരാളാണ് ഞാൻ. അതുകൊണ്ട് തന്നെ സിനിമയിൽ കിട്ടാത്ത അവസരങ്ങളെ കുറിച്ച് ഞാൻ വേവലാതി പെടാറില്ല.

പല അവസരങ്ങളും ഞാനായിട്ട് തന്നെ വേണ്ടായെന്ന് വെച്ചിട്ടുണ്ട്. പക്ഷെ ഈയൊരു സിനിമ അന്ന് ഇറങ്ങിയിരുന്നെങ്കിൽ വലിയൊരു കാര്യമായേനെയെന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്. കാരണം അന്ന് വിക്രം വില്ലനായി അഭിനയിക്കുന്നു, ഞാൻ നായകനായി അഭിനയിക്കുന്നു. മലയാളത്തിലെ പ്രശസ്തരായ ഒരുപാട് താരങ്ങളുമുണ്ട്. പക്ഷെ അതൊക്കെ ഒരു നിർഭാഗ്യമായി കാണുന്നുണ്ട്.

പക്ഷെ എനിക്ക് നിരാശയൊന്നുമില്ല. പി. ജി. വിശ്വംഭരൻ ആയിരുന്നു അതിന്റെ സംവിധായകൻ. അതിന് മുമ്പ് അദ്ദേഹം ചെയ്ത സിനിമ പാർവതി പരിണയം ആയിരുന്നു. അതൊരു വിജയചിത്രമായിരുന്നു.

നിർമാതക്കളുടെ ചില സാമ്പത്തിക പ്രശ്നങ്ങൾ കാരണമാണ് സിനിമ ഉറങ്ങാതെ പോയത്,’പ്രേം കുമാർ പറയുന്നു

Content Highlight: Premkumar Talk About His Old Movie With Vikram

We use cookies to give you the best possible experience. Learn more