| Monday, 26th December 2022, 12:58 pm

നോര്‍ത്തിലുള്ളവര്‍ സങ്കടപ്പെട്ടിട്ട് കാര്യമില്ല, കാരണം ഇത് ഫുട്‌ബോളാണ്; പ്രീമിയര്‍ ലീഗിലും തരംഗമായി കേരളം

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പ് ആവേശം ഒടുങ്ങിയതിന് പിന്നാലെ ക്ലബ്ബ് ഫുട്‌ബോള്‍ ആവേശവും ഉണര്‍ന്നിരിക്കുകയാണ്. ചാമ്പ്യന്‍സ് ലീഗും പ്രീമിയര്‍ ലീഗും ലീഗ് വണ്ണും സീരി എയും ബുണ്ടസ് ലീഗയുമായി ഒടുക്കമില്ലാത്ത ഫുട്‌ബോള്‍ ആവേശത്തിനാണ് ഇനി തിരി തെളിയാനുള്ളത്.

ലോകകപ്പിന്റെ അലയൊലികള്‍ അവസാനിക്കും മുമ്പ് തന്നെ പ്രീമിയര്‍ ലീഗാണ് ക്ലബ്ബ് ഫുട്‌ബോളിന്റെ ആരവങ്ങള്‍ക്ക് തിരി കൊളുത്തിയത്. മാഞ്ചസ്റ്റര്‍ സിറ്റി-ലിവര്‍പൂള്‍ മത്സരം ലോകകപ്പിന്റെ അതേ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഇതിന് പിന്നാലെ നിരവധി മത്സരങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

ഇതിനിടെ പ്രീമിയര്‍ ലീഗ് പങ്കുവെച്ച ഒരു പോസ്റ്ററാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കേരളത്തിന്റെ പശ്ചാത്തലത്തില്‍ കഥകളിയും തെയ്യവും തിറയും ചെണ്ടമേളത്തിനൊപ്പം പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ താരങ്ങള്‍ നൃത്തം ചെയ്യുന്ന തരത്തിലാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്.

പ്രീമിയര്‍ ലീഗ് റിട്ടേണ്‍സ് എന്ന ഹാഷ്ടാഗിനൊപ്പം നിങ്ങളെ വല്ലാതെ മിസ് ചെയ്തിരുന്നു എന്ന ക്യാപ്ഷനോടെയാണ് പ്രീമിയര്‍ ലീഗ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

നിരവധി മലയാളി ആരാധകരാണ് പോസ്റ്റിന് പിന്നാലെ ഒത്തുകൂടിയിരിക്കുന്നത്. കേരളത്തോടുള്ള സ്‌നേഹത്തിന് നന്ദി എന്ന് പലരും കുറിക്കുമ്പോള്‍ നോര്‍ത്ത് ഇന്ത്യയില്‍ നിന്നും ചിലപ്പോള്‍ ബഹിഷ്‌കരണ ഭീഷണി ലഭിച്ചേക്കാം എന്നും ആരാധകര്‍ കമന്റ് ചെയ്യുന്നുണ്ട്. ലോകകപ്പില്‍ അര്‍ജന്റീന വിജയിച്ചപ്പോള്‍ കേരളത്തെ പ്രത്യേകം പരാമര്‍ശിച്ചതിന് പിന്നാലെ യു.പിയിലെ ഐ.പി.എസ് ഉദ്യോഗസ്ഥയുടെ വിദ്വേഷ പരാമര്‍ശത്തെ ചൂണ്ടിക്കാണിച്ചാണ് ആരാധകര്‍ ഇക്കാര്യം പറയുന്നത്.

ആറ് മത്സരങ്ങളാണ് തിങ്കളാഴ്ച പ്രീമിയര്‍ ലീഗില്‍ അരങ്ങേറുന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് ആറിന് ടോട്ടന്‍ഹാം-ബ്രന്റ്‌ഫോര്‍ഡ് മത്സരത്തോടെയാണ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകുന്നത്.

അതിന് ശേഷം ഇന്ത്യന്‍ സമയം 8:30ന് സതാംപ്ടന്‍-ബ്രൈറ്റന്‍, ലെസ്റ്റര്‍ സിറ്റി-ന്യൂകാസില്‍ യുണൈറ്റഡ്, ക്രിസ്റ്റല്‍ പാലസ്-ഫുള്‍ഹാം, എവെര്‍ട്ടന്‍-വൂള്‍വ്‌സ് എന്നീ നാല് മത്സരങ്ങളാണ് ഉണ്ടാവുക രാത്രി 11:00 മണിക്ക് നടക്കുന്ന ലിവര്‍പൂള്‍-വെസ്റ്റ് ഹാം യുണൈറ്റഡ് മത്സരത്തോടെ ഇന്നത്തെ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ അവസാനിക്കും.

പ്രീമിയര്‍ ലീഗില്‍ നിലവില്‍ പോയിന്റ് ടേബിളില്‍ ഒന്നാമത് ലണ്ടന്‍ ക്ലബ്ബായ ആഴ്‌സണലാണ്. നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണലിന് തൊട്ട് പുറകിലുണ്ട്.

14 മത്സരങ്ങളില്‍ നിന്നും ആഴ്‌സണല്‍ 37 പോയിന്റുകള്‍ സ്വന്തമാക്കിയപ്പോള്‍ അത്ര തന്നെ മത്സരങ്ങളില്‍ നിന്നും 32 പോയിന്റുകളാണ് സിറ്റിയുടെ സമ്പാദ്യം. പ്രീമിയര്‍ ലീഗിലെ ഈ സീസണിലെ അട്ടിമറി വീരന്മാരായ ന്യൂകാസില്‍ യുണൈറ്റഡ് 15 മത്സരങ്ങളില്‍ നിന്നും 30 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ളപ്പോള്‍ 15 മത്സരങ്ങളില്‍ നിന്നും 29 പോയിന്റോടെ ടോട്ടന്‍ ഹാം നാലാമതും 14 മത്സരങ്ങളില്‍ നിന്നും 26 പോയിന്റുകളോടെ മാഞ്ചാസ്റ്റര്‍ യുണൈറ്റഡ് അഞ്ചാം സ്ഥാനത്തുമാണ്.

പോയിന്റ് ടേബിളില്‍ ആദ്യ നാല് സ്ഥാനത്ത് വരുന്ന ടീമുകള്‍ക്ക് അടുത്ത വര്‍ഷത്തെ യുവേഫ ചാമ്പ്യന്‍സ് ലീഗിലേക്ക് നേരിട്ട് യോഗ്യത കരസ്ഥമാക്കാം.

സ്റ്റാര്‍ സ്‌പോര്‍ട്‌സ് സെലക്ട് വണ്‍, സ്റ്റാര്‍ സ്‌പോര്‍ട്‌സ് സെലക്ട് ടു, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 3 എന്നീ ചാനലുകളില്‍ ആണ് ഇന്ത്യയില്‍ മത്സരം സംപ്രേഷണം ചെയ്യുന്നത്. കൂടാതെ ഡിസ്നി പ്ലസ് ഹോട്സ്റ്റാറില്‍ നിന്നും ഓണ്‍ലൈനായും മത്സരം ആസ്വദിക്കാം.

Content Highlight: Premier League’s new poster featuring Kerala

We use cookies to give you the best possible experience. Learn more