| Tuesday, 5th July 2022, 12:38 pm

ബലാത്സംഗ ആരോപണം; സൂപ്പര്‍ താരം അറസ്റ്റില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബലാത്സംഗ ആരോപണത്തെ തുടര്‍ന്ന് പ്രീമിയര്‍ ലീഗ് സൂപ്പര്‍ താരം അറസ്റ്റില്‍. വെസ്റ്റ് ലണ്ടന്‍ പൊലീസാണ് 20കാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ താരത്തെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

എന്നാല്‍ ഏത് താരത്തിനെതിരെയാണ് ആരോപണമുണ്ടായിരിക്കുന്നതെന്നും ആരെയാണ് അറസ്റ്റ് ചെയ്തതെന്നുമുള്ള വിവരങ്ങളൊന്നും തന്നെ പൊലീസ് പുറത്തുവിട്ടിട്ടില്ല.

നിയമപരമായ കാരണങ്ങള്‍ പരിഗണിച്ചാണ് താരത്തിന്റെ വിവരങ്ങള്‍ പുറത്തുവിടാത്തതെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

20 വയസില്‍ കൂടുതലുള്ള താരമാണെന്ന് മാത്രമാണ് പുറത്തുവരുന്ന വിവരം.

ദി ടെലിഗ്രാഫാണ് വാര്‍ത്ത ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് വിവിധ മാധ്യമങ്ങള്‍ ഇത് ശരിവെക്കുകയായിരുന്നു. താരം ഇപ്പോഴും കസ്റ്റഡിയില്‍ തുടരുകയാണെന്നും ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ജൂലൈ നാലിനാണ് താരത്തിനെതിരെ 20 വയസുകാരി പരാതി നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്. ജൂണിലാണ് സംഭവം നടന്നതെന്നും ബാര്‍നെറ്റില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും നടപടികള്‍ പുരോഗമിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

താരം പ്രിതിനിധീകരിക്കുന്ന പ്രീമിയര്‍ ലീഗ് ക്ലബ്ബ് ഇതുസംബന്ധിച്ച പ്രസ്താവനയോ പ്രതികരണമോ നല്‍കിയിട്ടില്ല.

2022 ഖത്തര്‍ ലോകകപ്പില്‍ ദേശീയ ടീമിനെ പ്രതിനിധീകരിച്ച് പങ്കെടുക്കേണ്ട താരമായതിനാലാണ് ക്ലബ്ബ് ഇക്കാര്യത്തില്‍ പ്രതികരിക്കാതിരിക്കുന്നത്.

Content highlight:  Premier League player arrested for alleged rape

We use cookies to give you the best possible experience. Learn more