സൂപ്പര്‍ താരങ്ങളുടെ പരിക്കിന് പിന്നാലെ അര്‍ജന്റീനക്ക് അടുത്ത തിരിച്ചടി; ആ ആവശ്യം ഒരിക്കലും അംഗീകരിക്കില്ല
Football
സൂപ്പര്‍ താരങ്ങളുടെ പരിക്കിന് പിന്നാലെ അര്‍ജന്റീനക്ക് അടുത്ത തിരിച്ചടി; ആ ആവശ്യം ഒരിക്കലും അംഗീകരിക്കില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 4th November 2022, 8:34 am

ലോകകപ്പിന് മുമ്പ് ടീമിനെ സജ്ജരാക്കാനുള്ള അര്‍ജന്റീന ദേശീയ ടീമിന്റെ തന്ത്രങ്ങള്‍ക്ക് വമ്പന്‍ തിരിച്ചടി. അര്‍ജന്റൈന്‍ താരങ്ങളെ നിലവില്‍ വിട്ടുനല്‍കാനാവില്ലെന്ന് പ്രീമിയര്‍ ലീഗ് ക്ലബ്ബ് നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് ലോകകപ്പിന് മുമ്പ് പരിശീലനവും തന്ത്രങ്ങളുമായി ടീമിനെ സജ്ജരാക്കാമെന്ന അര്‍ജന്റൈന്‍ മോഹങ്ങള്‍ക്ക് തിരിച്ചടിയായത്.

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ആവശ്യത്തെ പേര് വെളിപ്പെടുത്താത്ത ഒരു പ്രീമിയര്‍ ലീഗ് ക്ലബ്ബ് തള്ളുകയായിരുന്നു.

തങ്ങളുടെ ടീമില്‍ കളിക്കുന്ന ഒരു അര്‍ജന്റീന താരത്തെയും നിലവില്‍ വിട്ടുനല്‍കാന്‍ സാധിക്കില്ലെന്ന് ഇവര്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് മുമ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് ടീമുകളും സമാന നിലപാട് തന്നെ സ്വീകരിക്കാനാണ് സാധ്യത.

നവംബര്‍ രണ്ടാം വാരം അവസാനം വരെ നീണ്ടുനില്‍ക്കുന്നതാണ് പ്രീമിയര്‍ ലീഗിലെ ഫിക്‌സ്ചറുകള്‍. അര്‍ജന്റീനയുടെ ഉദ്ഘാടന മത്സരത്തിന് ഒമ്പത് ദിവസം മുമ്പായിരിക്കും പ്രീമിയര്‍ ലീഗ് മത്സരങ്ങളുടെ ഫിക്‌സ്ചര്‍ അവസാനിക്കുക.

ഇക്കാര്യം മുന്‍നിര്‍ത്തിയാണ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളെ സമീപിച്ചത്.

നവംബര്‍ 14ന് മുമ്പ് ഒരു താരങ്ങളെയും റിലീസ് ചെയ്യേണ്ടതില്ലെന്ന ഫിഫ നിര്‍ദേശവും അര്‍ജന്റീനക്ക് തിരിച്ചടിയായിരിക്കുകയാണ്.

ഡെയ്‌ലി മെയിലാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ക്ലബ്ബ് vs നാഷണല്‍ ടീം ഡിബേറ്റ് പല പ്രീമിയര്‍ ലീഗ് താരങ്ങളേയും നേരിട്ട് ബാധിച്ചേക്കാം. കോച്ച് ലയണല്‍ സ്‌കലോണിയുടെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ട 49 പേരില്‍ എട്ട് പേര്‍ പ്രീമിയര്‍ ലീഗിന്റെ ഭാഗമാണ്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍ താരങ്ങളായ ലിസാന്‍ഡ്രോ മാര്‍ട്ടീനസ്, അലജാന്‍ഡ്രോ ഗാര്‍നച്ചോ, ആസ്റ്റണ്‍ വില്ല താരം എമിലിയാനോ മാര്‍ട്ടീനസ് അടക്കമുള്ള താരങ്ങള്‍ ഈ ലോങ് ലിസ്റ്റിന്റെ ഭാഗമാണ്.

 

ഖത്തര്‍ ലോകകപ്പില്‍ നവംബര്‍ 23നാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം. സൗദി അറേബ്യയാണ് എതിരാളികള്‍.

 

Content Highlight: Premier League clubs rejects Argentina Football Association’s request to release world cup player