ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോക്ക് മുന്നോടിയായി താരങ്ങള്‍ക്കായുള്ള ക്ലബുകളുടെ പോരാട്ടം ആരംഭിച്ചിരിക്കുകയാണ്. മികച്ച താരങ്ങളെ ടീമിലെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഓരോ സൂപ്പര്‍ ക്ലബുകളും.
ഈ സീസണില്‍ ഗംഭീര പെര്‍ഫോമന്‍സ് പുറത്തെടുത്ത ഓരോ താരത്തെയും നോട്ടമിട്ടുകൊണ്ട് രംഗത്തെത്തിയ ക്ലബുകള്‍ ചരടുവലികളും തുടങ്ങിക്കഴിഞ്ഞു. ശതകോടികള്‍ മറിയുന്ന ട്രാന്‍സ്ഫര്‍
കരാറുകള്‍ക്കാകും ഇപ്രാവശ്യവും ഫുട്‌ബോള്‍ ലോകം കാതോര്‍ക്കാന്‍ പോകുന്നത്.
ഒരു താരത്തിന് വേണ്ടി നിരവധി ക്ലബുകള്‍ ഒന്നിച്ച് കളത്തിലിറങ്ങുന്ന രംഗങ്ങളും ഇക്കൂട്ടത്തിലുണ്ടാകാറുണ്ട്. ഇപ്രാവശ്യം ഈ താരവേട്ടയില്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ ക്ലബുകള്‍ ഏറ്റുമുട്ടുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
ഫ്രഞ്ച് ക്ലബായ ലോസ്‌ക് ലിലെയുടെ സ്‌ട്രൈക്കര്‍ ജോനാഥന്‍ ഡേവിഡിന് വേണ്ടിയാണ് ഇംഗ്ലിഷ് ക്ലബുകള്‍ പോരിനിറങ്ങുന്നത്. ഈ സീസണിന്റെ തുടക്കം മുതല്‍ മികച്ച പ്രകടനമാണ് കനേഡിയന്‍ താരം കാഴ്ച വെച്ചത്.
ഇതുവരെ നടന്ന 14 മാച്ചുകളില്‍ നിന്നായി 9 ഗോളുകളും മൂന്ന് അസിസ്റ്റുമാണ് ഡേവിഡ് ലോസ്‌കിന് വേണ്ടി നടന്നത്. അതുകൊണ്ട് തന്നെയാണ് ആഴ്‌സണലും യുണൈറ്റഡും താരത്തെ വീടാതെ പിന്നാലെ കൂടിയിരിക്കുന്നത്.
ഇവര്‍ മാത്രമല്ല എവര്‍ട്ടണും ടോട്ടന്‍ഹാം ഹോട്‌സപറുമെല്ലാം ജോനാഥിന് വേണ്ടി അണിനിരന്നിട്ടുണ്ട്. ഇങ്ങനെ കടുത്ത മത്സരം നടക്കുന്നതുകൊണ്ട് തന്നെ നിലവില്‍ താരത്തിന്റെ മൂല്യം 40 മില്യണ്‍ യൂറോയായി ഉയര്‍ന്നിട്ടുണ്ടെന്നാണ് വിവരം.
ട്രാന്‍സ്ഫര്‍ എക്‌സ്‌പേര്‍ട്ടായ ഡീന്‍ ജോണ്‍സിന്റെ വാക്കുകളെ ഉദ്ധരിച്ച് ഫുട്‌ബോള്‍ ടോക്കാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഖത്തര്‍ ലോകകപ്പില്‍ കാനഡക്ക് വേണ്ടി കൂടി മികച്ച പ്രകടനം പുറത്തെടുത്താല്‍ ജോനാഥിന്റെ മൂല്യം ഇനിയും ഉയരും. താരം മികച്ച ഫോമിലായതുകൊണ്ട് തന്നെ അതിന് ഏറെ സാധ്യതകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എവര്‍ട്ടണും ടോട്ടന്‍ഹാമും ജോനാഥന് വേണ്ടി പരിശ്രമിക്കുന്നുണ്ടെങ്കിലും ആഴ്‌സണലിനും യുണൈറ്റഡിനും തന്നെയാണ് കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്നത്.
പ്രീമിയര്‍ ലീഗില്‍ 13 മത്സരങ്ങളില്‍ നിന്ന് 34 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ആഴ്‌സണല്‍. ബുക്കായ സാകയും ഗബ്രിയേല്‍ ജീസസും ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയുമടങ്ങുന്ന മുന്നേറ്റനിരയാണ് ആഴ്‌സണല്‍ വിജയങ്ങളുടെ പ്രധാന ശില്‍പികള്‍. ഈ ത്രയത്തിലേക്ക് ജോനാഥനെ കൂടിയെത്തിച്ച് മുന്നേറ്റനിരയെ കൂടുതല്‍ ശക്തമാക്കാനാണ് കോച്ചായ മിഖേല്‍ ആര്‍ട്ടേറ്റയുടെ ലക്ഷ്യം.
അതേസമയം യുണൈറ്റഡിന്റെ സ്ഥിതി കുറച്ച് പരുങ്ങലിലാണ്. ക്രിസ്റ്റിയാനോയുടെ ഫോമില്ലായ്മയും ആന്റണി മാര്‍ഷലിന്റെ പരിക്കുകളുമെല്ലായി എറിക് ടെന്‍ ഹാഗ് വലഞ്ഞിരിക്കുകയാണ്. മാര്‍ക്കസ് റാഷ്‌ഫോഡ് മാത്രമാണ് ആകെയുള്ള ആശ്വാസം. ജോനാഥനെ എങ്ങനെയെങ്കിലും ടീമിലെത്തിച്ച് മുന്നേറ്റനിരയെ ശക്തിപ്പെടുത്താനാകും യുണൈറ്റഡ് ലക്ഷ്യമിടുന്നത്.
Content Highlight: Premier League clubs after Canadian footballer Jonathan David