പ്രീമിയര്‍ ലീഗ് ടീമുകളുടെ ലോഗോയില്‍ വന്ന മാറ്റങ്ങളാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം. തങ്ങളുടെ ഐക്കോണിക് നിറങ്ങളില്‍ നിന്നും മഴവില്‍ നിറങ്ങളിലേക്ക് മാറിയാണ് ടീമുകള്‍ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുന്നത്.
ഖത്തര്‍ ലോകകപ്പില്‍ യൂറോപ്യന്‍ ടീമുകള്‍ മുമ്പോട്ട് വെക്കുന്ന വണ്‍ ലവ് (One Love) ക്യാമ്പെയ്‌നിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് പ്രീമിയര്‍ ലീഗ് ടീമുകള്‍ ലോഗോയില്‍ മാറ്റം വരുത്തിയിരിക്കുന്നത്.
എല്‍.ജി.ബി.ടി.ക്യു പ്ലസ് വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവരെ പിന്തുണക്കാനുമായിട്ടാണ് വണ്‍ ലവ് ക്യാമ്പെയ്ന്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതിനോടകം തന്നെ പല യൂറോപ്യന്‍ രാജ്യങ്ങളും ക്യാമ്പെയ്‌നിനോട് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇംഗ്ലണ്ട്, ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ്, ഡെന്‍മാര്‍ക്ക്, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ ടീമുകള്‍ ഇതിനോടകം തന്നെ ക്യാമ്പെയ്‌നിന്റെ ഭാഗമായിട്ടുണ്ട്. ലോകകപ്പില്‍ വണ്‍ ലവ് എന്നെഴുതിയ, മഴവില്‍ നിറങ്ങള്‍ ആലേഖനം ചെയ്ത ആം ബാന്‍ഡുകളായിരിക്കും ടീമുകളുടെ ക്യാപ്റ്റന്‍മാര്‍ ധരിക്കുക.
ലോകകപ്പിന് മുമ്പ് എല്‍.ജി.ബി.ടി.ക്യു പ്ലസ് വിഭാഗത്തില്‍ പെട്ടവരെ ഖത്തര്‍ ഭരണകൂടം തടവിലാക്കിയെന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനായ ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.
എല്‍.ജി.ബി.ടി.ക്യു പ്ലസ് വിഭാഗത്തില്‍ പെട്ടവരെ അറസ്റ്റ് ചെയ്യുന്നതിന് പുറമെ അവരെ തടവറയില്‍ വെച്ച് ക്രൂരമായ ആക്രമണങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും വിധേയമാക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. യാതൊരുവിധ പ്രകോപനമുണ്ടാക്കുകയോ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യാത്ത ഇവരെ തീര്‍ത്തും ഏകപക്ഷീയമായാണ് ഖത്തര്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
സ്വവര്‍ഗാനുരാഗികളെയും ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളെയും അധികൃതര്‍ ക്രൂരമായ മര്‍ദനത്തിനും ലൈംഗിക പീഡനത്തിനും വിധേയരാക്കുന്നതായാണ് റിപ്പോര്‍ട്ട്.
എല്‍.ജി.ബി.ടി.ക്യു പ്ലസ് കമ്മ്യൂണിറ്റിയില്‍ പെട്ട ആറ് ഖത്തര്‍ സ്വദേശികളുമായി നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അഭിമുഖം നടത്തിയവരില്‍ നാല് പേര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീകളും ഒരാള്‍ ബൈസെക്ഷ്വല്‍ (Bisexual) സ്ത്രീയും ഒരാള്‍ സ്വവര്‍ഗാനുരാഗിയുമാണ്.
ഈ സാഹചര്യത്തിലാണ് യൂറോപ്യന്‍ ടീമുകള്‍ വണ്‍ ലവ് ക്യാമ്പെയ്‌നിന്റെ ഭാഗമാകുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്.
ഇതിന് പിന്നാലെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്‌സണല്‍, ചെല്‍സി, ടോട്ടന്‍ഹാം ഹോട്‌സ്പര്‍ അടക്കമുള്ള ടീമുകള്‍ ഈ ക്യാമ്പെയ്‌നിന് പിന്തുണയുമായി എത്തിയത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തങ്ങളുടെ ട്വിറ്റര്‍ ഡി.പി വണ്‍ ലവ് എന്ന് തന്നെയാക്കിയപ്പോള്‍ ടോട്ടന്‍ഹാമും ആഴ്‌സണലും തങ്ങളുടെ ലോഗോയെ മഴവില്‍ നിറത്തില്‍ മാറ്റിയിരിക്കുകയാണ്. ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയുമാകട്ടെ തങ്ങളുടെ ലോഗോക്ക് ചുറ്റും മഴവില്‍ നിറങ്ങള്‍ കൊണ്ടുള്ള ബോര്‍ഡറാണ് നല്‍കിയിരിക്കുന്നത്.