ന്യൂദല്‍ഹി: മുന്‍ഷി പ്രേംചന്ദിന്റെ മികച്ച നോവലുകളിലൊന്നായ “ഗോദാന്‍” പാഠ്യപുസ്തകത്തില്‍ നിന്ന് നീക്കം ചെയ്ത് കേന്ദ്രീയ ഹിന്ദി സംസ്ഥാന്‍. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് കേന്ദ്രീയ ഹിന്ദി സംസ്ഥാന്റെ നടപടി. പശുവും ജാതിവിവേചനവും ആണ് നോവല്‍ ചര്‍ച്ചചെയ്യുന്നത്.
എന്നാല്‍ നോവലിന്റെ ദൈര്‍ഘ്യവും ഗ്രഹിക്കാനുള്ള ബുദ്ധിമുട്ടുമാണ് സിലബസില്‍ നിന്ന് ഗോദാന്‍ നീക്കം ചെയ്യാന്‍ കാരണമെന്നാണ് കെ.എച്ച്.എസ് നല്‍കുന്ന വിശദീകരണം. കെ.എച്ച്.എസിന്റെ പി.ജി. ഡിപ്ലോമ കോഴ്‌സുകളിലാണ് ഗോദാന്‍ പാഠ്യവിഷയമാക്കിയിരുന്നത്.
80 രൂപ കടം വാങ്ങി പശുവിനെ സ്വന്തമാക്കിയ ഹോരി മഹാതോയെന്ന കര്‍ഷകന്റെ കുടുംബത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ആണ് നോവലില്‍ പ്രേംചന്ദ് അവതരിപ്പിക്കുന്നത്. പശു ചാവുന്നതോടെ ഉണ്ടാകുന്ന വിഷയങ്ങള്‍ ഇന്ന് രാജ്യത്ത് നടക്കുന്ന സംഭവങ്ങളുമായി സാമ്യതയുള്ളതാണ്.
നേരത്തെ മുഗള്‍ സാമ്രാജ്യത്തെ ഇകഴ്ത്തിയും മുഗള്‍ കാലഘട്ടം ഒഴിവാക്കി പകരം റാണാ പ്രതാപിന്റെ ഭരണകാലം ഉള്‍പ്പെടുത്തിയും രാജസ്ഥാന്‍ സര്‍വകാലശാല സിലബസ് മാറ്റിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കെ.എച്ച്.എസിന്റെ നടപടിയെന്ന് അധ്യാപകര്‍ അഭിപ്രായപ്പെട്ടു.
Also Read: ലിംഗസമത്വം ഉറപ്പാക്കാന്‍ യു.എ.ഇ
1936 ലാണ് ഗോദാന്‍ പ്രസിദ്ധീകരിച്ചത്. ഇത് ഹിന്ദി സാഹിത്യത്തെ മുന്നോട്ടുനയിച്ച വെളിച്ചമായിരുന്നെന്ന് കവിയും എഴുത്തുകാരനുമായ മംഗള്‍ദേശ് ദര്‍ബാല്‍ പറഞ്ഞു. കെ.എച്ച്.എസ് ഗോദാനു പകരമായി കൊണ്ടുവരുന്ന പഞ്ചവടിയെന്ന് കാവ്യം സാമൂഹിക-സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് പരാമര്‍ശിക്കാത്ത ഒന്നാണെന്നും വിമര്‍ശനമുണ്ട്.