| Sunday, 30th January 2022, 3:21 pm

റിപ്പോര്‍ട്ടറിനെതിരായ കേസ്, മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ പൊലീസ് അതിക്രമമാണ് | പ്രേംചന്ദ് എഴുതുന്നു

പ്രേംചന്ദ്‌

റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ഇപ്പോള്‍ നടക്കുന്ന പോലീസ് നീക്കങ്ങള്‍ അപലപനീയമാണ്. മാധ്യമ സ്വാതന്ത്ര്യത്തെയും നീതിയെയും ഇരുട്ടിലാഴ്ത്തലാണത്. മാധ്യമ പ്രവര്‍ത്തനത്തിന്റെ പേരില്‍ നികേഷിനും ചാനലിനും എതിരെ പോലീസ് സ്വമേധയാ കേസെടുത്തിരിക്കുകയാണ്. അഞ്ച് കേസുകള്‍. ഇത് മാധ്യമലോകത്തെ ഞെട്ടിക്കേണ്ടതാണ്. എന്നാലത് സംഭവിച്ചു കാണുന്നില്ല.

അടിയന്തരാവസ്ഥക്ക് സമാനമായ മാധ്യമ അപചയത്തിന്റെ കൃത്യസൂചനയാണിത്. യു.പിയല്ല കേരളം എന്ന് നാം തെളിയിക്കേണ്ട സന്ദര്‍ഭമാണിത്. ക്വട്ടേഷന്‍ ബലാത്സംഗക്കേസ്സില്‍ തുറന്ന മാധ്യമചര്‍ച്ചകള്‍ നികേഷോ റിപ്പോര്‍ട്ടറോ മാത്രമല്ല നടത്തിയത്, പക്ഷപാതിത്വങ്ങളില്‍ വ്യത്യാസങ്ങളുണ്ടെങ്കിലും അത് എല്ലാവരും നടത്തിയിട്ടുണ്ട്. എന്നാല്‍ കേസ് റിപ്പോര്‍ട്ടര്‍ ചാനലിന് എതിരെ മാത്രമെന്നത് ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. അത് ഒറ്റതിരിച്ചുളള ഒരു നടയടിയാണ്. മറ്റെല്ലാവര്‍ക്കും അത് കൊള്ളും. അതിജീവിതക്കൊപ്പം നിലപാടെടുക്കുന്ന സ്ത്രീപക്ഷ മാധ്യമ പ്രവര്‍ത്തനം വേണ്ട എന്നാണ് ഈ നടയടിയുടെ ലക്ഷ്യം എന്ന് വ്യക്തം.

ചാനല്‍ ചര്‍ച്ചകളില്‍ കൗണ്ടര്‍ഡോസിന് സ്ഥിരമായി യുക്തിഹീനമായ ആണത്തങ്ങളെ എഴുന്നള്ളിക്കുന്നത് ചാനലുകളുടെ പതിവാണ്. എന്നാല്‍ അവരുടെ പുരുഷ ധാര്‍ഷ്ട്യങ്ങളെ മറുപടി പറയാതെ പൊതുസമൂഹത്തിലേക്ക് വിക്ഷേപിക്കുകയെന്നതാണ് കൃത്യമായും രോഗം പരത്തല്‍. അതൊരു അധികാര തന്ത്രമാണ്. ചില അവതാരകര്‍ വിഷവിവരങ്ങള്‍ ഇങ്ങിനെ പൊതു സമൂഹത്തിലേക്ക് നിക്ഷേപിക്കാനുള്ള പഴുതൊരുക്കുന്ന കാഴ്ച ഞെട്ടിക്കുന്നതാണ്. ആണ്‍ പെണ്‍ ഭേദമില്ല ഇതിന്, ഇടത് വലത് ഭേദവുമില്ല.

എം.വി. നികേഷ് കുമാര്‍

അവതാരക / അവതാരകന്‍ ഒരു ഏജന്റാണ്. ബലാത്സംഗത്തെ ന്യായീകരിക്കുന്ന തരം കടുത്ത സ്ത്രീവിരുദ്ധ പ്രത്യയശാസ്ത്ര അന്ധതകള്‍ അങ്ങിനെ പൊതു സമൂഹത്തിന് സ്വീകാര്യമാക്കപ്പെടുന്നു. ഇടത് പക്ഷത്ത് നില്‍ക്കുന്നതായി അഭിനയിക്കുന്ന ഇടത് അനുകൂല ശത്രുക്കളും ഇതില്‍ ഉണ്ട്. (ഇതില്‍ എം.എല്‍.എ.മാരും എം.എല്‍.എ., എം.പി. സ്ഥാനങ്ങള്‍ തരപ്പെടുത്തിയവരും ഉണ്ട് എന്നതിനെ ഇടത്പക്ഷത്തിന്റെ അപചയം എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്?).

മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ പോലീസ് അതിക്രമങ്ങളുടെ പട്ടികയില്‍ ഇടം പിടിയ്‌ക്കേണ്ട കേസ് തന്നെയാണ് റിപ്പോര്‍ട്ടര്‍ ചാനലിന് എതിരായ പോലീസിന്റെ സ്വമേധയാ ഉള്ള കേസ്. ഇത് മറ്റു മാധ്യമങ്ങള്‍ സംഘടിതമായി കണ്ടില്ല എന്ന് നടിക്കുന്നത് തന്നെ അടിയന്തരാവസ്ഥ. മാധ്യമ വിഷയം മാത്രമല്ല ഇത്. രാഷ്ട്രീയ പ്രശ്‌നം കൂടിയാണ്.

വിഷയത്തില്‍ ഇടപെട്ട് സര്‍ക്കാറിനെക്കൊണ്ട് പോലീസിനെ തിരുത്തിക്കാന്‍ നടപടിയുണ്ടാകണമെന്ന് സംസ്ഥാനം ഭരിക്കുന്ന ഇടത് മുന്നണിയുടെ ഭാഗമായ സഖാക്കള്‍ എം.എ. ബേബി, കാനം, ടി.എന്‍. സീമ, ബിനോയ് വിശ്വം, പന്ന്യന്‍ രവീന്ദ്രന്‍, കെ.ടി. കുഞ്ഞിക്കണ്ണന്‍, വി.ശിവദാസ്, എന്നിവരോട് അഭ്യര്‍ത്ഥിക്കുന്നു. നാണക്കേടാണ് സഖാക്കളേ ഇത്.

മറ്റു മാധ്യമങ്ങളും ഇത് ചര്‍ച്ച ചെയ്യണമെന്നും വിഷയം ഏറെറടുക്കണമെന്നും മാധ്യമ സുഹൃത്തുക്കളോടും അഭ്യര്‍ത്ഥിക്കുന്നു. എന്തൊരു നാണക്കേടാണിത് സഹപ്രവര്‍ത്തകരേ.
അന്ധതകള്‍ മഹാമാരിയായി പടര്‍ത്താതെ. ടി.എന്‍. ഗോപകുമാറിന്റെ ഓര്‍മ്മ ദിനത്തോട് നീതി പുലര്‍ത്താന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച നീതി കണ്ണാടിക്ക് പ്രണാമം.

Content Highlight: Premchand writes about  Police actions against Reporter Tv and MV Nikesh Kumar

പ്രേംചന്ദ്‌

പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, സിനിമാ നിരൂപകന്‍

We use cookies to give you the best possible experience. Learn more