| Friday, 11th December 2020, 5:54 pm

കഠാരയേന്തിയ ധ്യാനബുദ്ധന്‍ | പ്രേംചന്ദ്

പ്രേംചന്ദ്‌

ഇത്രമാത്രം സ്നേഹിക്കപ്പെടാന്‍ ആരാണ് ഈ കിം കി-ഡൂക്?
ഏറ്റവും പ്രശസ്തനായ മലയാളി നോവലിസ്റ്റ് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് ആണെന്നും പറയുന്നതുപോലെ ഏറ്റവും പ്രശസ്തനും പ്രിയങ്കരനുമായ മലയാളി ചലച്ചിത്ര സംവിധായകന്‍ ദക്ഷിണകൊറിയയില്‍ നിന്നുള്ള കിം കി-ഡൂക് ആണെന്നും പറയാം.

മാര്‍കേസിനെ മലയാളിക്ക് ഒരിക്കലും സ്വന്തം കൈയില്‍ കിട്ടിയിട്ടില്ല. എന്നാല്‍, കിമ്മിനെ കൈയില്‍ കിട്ടിയപ്പോള്‍ മലയാളി സ്നേഹിച്ച് കൊന്നില്ലെന്നേയുള്ളൂ. 2013-ലെ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേള ഇതിന്റെ സാക്ഷ്യമായിരുന്നു. ജന്മനാട്ടിലേക്ക് തിരിച്ചുവന്ന ധ്യാനബുദ്ധനെ എന്നപോലെ മലയാളി പ്രേക്ഷകര്‍ കിം കി-ഡൂക്കിനെ ആഘോഷിച്ചു.

എന്നാല്‍, അദ്ദേഹത്തോടൊപ്പമെത്തിയ ഏറ്റവും പുതിയ സിനിമ ‘മോബിയസ്’ കണ്ട് ഞെട്ടിത്തരിച്ചു, വിറങ്ങലിച്ചു. നാലുപേരെങ്കിലും ബോധം കെട്ടുവീണു. സിനിമ കണ്ട് പുറത്തിറങ്ങിയ പുരുഷാരം ഷോക്കേറ്റവരെപ്പോലെ തലകുനിച്ച് നടന്നു. കിം എളുപ്പത്തില്‍ കടിച്ചാല്‍ പൊട്ടുന്ന
ഒരു സിനിമാമുട്ടായി അല്ലെന്നുള്ള തിരിച്ചറിവായിരുന്നു അത്.

രക്തമിറ്റു വീഴുന്ന കഠാര കയ്യിലേന്തിയ ആ ധ്യാനബുദ്ധന്റെ വെളിപാടുകള്‍ക്ക് ഏത് സ്വാസ്ഥ്യത്തേയും വലിച്ചുകീറി പുറത്തിടാനുള്ള ശേഷി ജനം അബോധത്തില്‍ അറിയുകയായിരുന്നു. ചലച്ചിത്രോത്സവങ്ങളുടെ ഏറ്റവും വലിയ വിജയം അത് നല്‍കുന്ന മികച്ച സിനിമകളുടെ ഓര്‍മയാണ്. ആ നിലയ്ക്ക് കിം കി-ഡൂക്കിനെ മലയാളത്തിന് സമ്മാനിച്ചത് അദ്ദേഹത്തിന്റെ സിനിമകളുടെ ഒരു പാക്കേജ് തന്നെ.

2005-ലെ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനായി തിരഞ്ഞെടുത്ത ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാ പോളിന്റെ തീരുമാനമാണ്. അന്ന് ഫെസ്റ്റിവല്‍ പ്രതിനിധികള്‍ക്കിടയില്‍ കിം തരംഗം കത്തിപ്പടര്‍ന്നതിന് ശേഷമാണ് അദ്ദേഹത്തിന്റെ സിനിമകള്‍ക്കായുള്ള വേട്ട പലരും തുടങ്ങിയത്. പിന്നെ തിയേറ്ററുകളില്‍ ഇരിപ്പിടമില്ലാതായി.

2005-ല്‍ അതുവരെ താരതമ്യേന ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് അജ്ഞാതനായിരുന്ന ഒരു സംവിധായകനെ പെട്ടെന്നു തന്നെ മലയാളി പ്രേക്ഷകര്‍ സ്വന്തം ഹൃദയത്തോട് ചേര്‍ത്തു വെക്കുകയായിരുന്നു. സ്പ്രിങ്, സമ്മര്‍, ഫോള്‍, വിന്റര്‍… ആന്‍ഡ് സ്പ്രിങ് എന്ന സിനിമയിലൂടെ ഋതുക്കള്‍ എന്തെന്ന് അനുഭവിപ്പിക്കുകയായിരുന്നു കിം.

2005-ലെ ‘കിം സ്മൃതി ചിത്ര’വിഭാഗം ആ സംവിധായകന്‍ പറയുന്നതെന്തെന്ന് അനുഭവിക്കാന്‍ കാത്തിരിക്കുന്ന ഒരു ജനതയെ ഇവിടെ സൃഷ്ടിച്ചു. കിമ്മിനെ കാണാത്ത, അറിയാത്ത, ഒരു ഫെസ്റ്റിവല്‍ പ്രേമിയും ഇല്ലെന്ന നിലവന്നു. കിം ചിത്ര സീഡികള്‍ സുലഭമായി പാറിനടന്നു.
2012 നവംബറില്‍ ഗോവയില്‍ നടന്ന ചലച്ചിത്രോത്സവത്തിന്റെ ഒരു സന്ദര്‍ഭം ഓര്‍മവരിക യാണ്. ഉദ്ഘാടനം കലാ അക്കാദമിയിലായിരുന്നു. കനത്ത സുരക്ഷയില്‍ ബോളിവുഡ് താരം അക്ഷയ്കുമാറാണ് ഉദ്ഘാടകനായെത്തിയത്. ചടങ്ങില്‍ ഇന്ത്യയില്‍ തന്റെ ആദ്യ സന്ദര്‍ശനത്തിനെത്തിയ കിം കി-ഡൂക്കുമുണ്ടായിരുന്നു.

ചടങ്ങ് കഴിഞ്ഞ ഉടനെ ഗോവാ മുഖ്യമന്ത്രിയടക്കമുള്ള ഉന്നതസംഘത്തെ ഗോവന്‍ കടല്‍ത്തീരത്തെ പഞ്ചനക്ഷത്ര വിരുന്നിനായി എത്തിക്കാനുള്ള വാഹനങ്ങള്‍ കുതിക്കുന്നു. ഇതിനിടയില്‍ കലാ അക്കാദമിയില്‍ തന്നെയുള്ള കഫേയിലെ കാപ്പികുടി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് അമ്പരപ്പിക്കുന്ന ആ കാഴ്ച കണ്ടത്-ആളും ആരവവുമൊഴിഞ്ഞ കലാഅക്കാദമിക്ക് പുറത്തെ സിമന്റ് ഇരിപ്പിടങ്ങളിലൊന്നില്‍ തീര്‍ത്തും ഏകാകിയായി ധ്യാന ബുദ്ധനെപ്പോലെ കിം കി ഡൂക്ക്!

ഒരു നിമിഷം കണ്‍മുന്നില്‍ കണ്ടത് വിശ്വസിക്കാനാവാതെ നിന്നുപോയ നിമിഷം. കേരളം ഒരു നോക്ക് കാണാനും ഒരുവാക്ക് മിണ്ടാനും കൊതിയോടെ കാത്തിരിക്കുന്ന സംവിധായകനാണ് ഒരാളുടെയും അകമ്പടിയില്ലാതെ മുന്നില്‍ ഒറ്റയ്ക്കിരിക്കുന്നത്. ഒരു ഭാഷയിലുമല്ലാത്ത സംഭാഷണത്തിന്റെ നിമിഷങ്ങളായിരുന്നു പിന്നീട്. കൊറിയ അല്ലാതെ മറ്റൊന്നുമറിയാത്ത കിമ്മിനോട് മലയാളത്തിലും ഭംഗിയായി സംസാരിക്കാം എന്ന് തിരിച്ചറിഞ്ഞ നിമിഷം. ഒപ്പം എന്റെ സഹയാത്രികയായ ദീദി മാത്രം.

ആംഗ്യഭാഷയില്‍ വിദഗ്ധനായ കിം നല്‍കിയ സൂചന ഇങ്ങനെ: സംഘാടകരും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കമുള്ളവര്‍ ഉദ്ഘാടനച്ചടങ്ങ് കഴിഞ്ഞ് ഒരുവഴിക്ക് പുറത്തിറങ്ങിയപ്പോള്‍ കിം മറ്റൊരു വഴിക്കാണ് പുറത്തിറങ്ങിയത്. കേരളത്തിലെന്നപോലെ കിമ്മിനെ പിന്‍തുടരാന്‍ അന്ന് ഗോവയില്‍ ആരുമുണ്ടായിരുന്നില്ലെന്നുമാത്രം. അറിയാവുന്ന ഫെസ്റ്റിവല്‍ സംഘടകരെയൊക്കെ വിളിച്ചു നോക്കി. ആരും ഫോണെടുക്കുന്നില്ല. എല്ലാവരും പാര്‍ട്ടിയിലാണ്. കിമ്മിനെ ‘മിസ്’ ചെയ്തതും തിരക്കില്‍ ആരുമറിഞ്ഞിട്ടില്ല. കിമ്മിനെ തിരിച്ചറിയുന്ന ആരെയെങ്കിലും ഓര്‍ത്തപ്പോള്‍ പെട്ടെന്ന് ഓര്‍മവന്നത് സുഹൃത്തായ നടന്‍ വിനീത്കുമാറിന്റെ മുഖമാണ്. ഒരൊറ്റ ഫോണില്‍ വിനീത് കുമാറും നടന്‍ നൂലുണ്ട വിജീഷും കലാഅക്കാദമിയിലേക്ക് തന്നെ തിരിച്ചെത്തി.

ഇതിനിടയില്‍ വിനീതിന്റെ ടാബില്‍ ഇംഗ്ലീഷില്‍ എഴുതിക്കൊടുത്ത പേര് ആവര്‍ത്തിച്ചെഴുതി കിം ഓട്ടോഗ്രാഫ് നല്‍കി. ഒന്നരമണിക്കൂറിലേറെ നീണ്ട ആ സൗഹൃദസംഗമം അവസാനിച്ചത് കിമ്മിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും ഫെസ്റ്റിവല്‍ സംഘാടകരും അദ്ദേഹത്തെ തേടി
കലാഅക്കാദമിയില്‍ തിരിച്ചെത്തിയപ്പോഴാണ്. ധ്യാനബുദ്ധനെപ്പോലെ കിം അവര്‍ക്കൊപ്പം പോയി, പരിഭവമോ പരാതിയോ ഇല്ലാതെ.

‘പിയാത്ത’ യായിരുന്നു ഗോവയില്‍ കിമ്മിന്റെ ചിത്രം. വെനീസില്‍ ഗോള്‍ഡന്‍ ലയണ്‍ നേടിക്കൊണ്ടായിരുന്നു 2008 മുതല്‍
അഞ്ചുവര്‍ഷം നീണ്ട പിന്‍വാങ്ങലിന്റെയും മൗനത്തിന്റെയും ഋതുവിന് കിം വിരാമമിട്ടത്. മുതലാളിത്തം മനുഷ്യരെക്കൊണ്ട് എത്രത്തോളം ക്രൂരത ചെയ്യിപ്പിക്കും എന്ന് കിം ‘പിയാത്ത’യില്‍ കാട്ടിത്തന്നു. പ്രിയകാമുകിയുടെ ആത്മഹത്യാശ്രമത്തെത്തുടര്‍ന്നുള്ള നീണ്ട പിന്‍വാങ്ങലില്‍ നിന്നുള്ള തിരിച്ചുവരവായിരുന്നു അത്. കിം സംസാരിക്കാനിടയില്ലെന്ന് സംഘാടകര്‍ നല്‍കിയ മുന്നറിയിപ്പ് മറികടന്ന് ‘പിയാത്ത’യുടെ പ്രദര്‍ശനത്തിന് ശേഷം പാട്ടുപാടി കിം കണ്ണുനനയിക്കുകയും ചെയ്തു.

തിരുവനന്തപുരത്ത് ‘മോബിയസു’മായി കിം തന്നെ നേരിട്ടുവന്നു. കൊറിയയില്‍ നിരോധനം നേരിട്ട ചിത്രം. ‘മോബിയസ്’ അതിഗഹനമായ പഠനവും വിചാരണയും അര്‍ഹിക്കുന്ന ഒരു നിശ്ശബ്ദ ചിത്രമാണ്. സംഭാഷണങ്ങള്‍ക്കതീതമായ ചിത്രം. ‘മോബിയസി’ല്‍ സംഭാഷണമില്ല എന്നുപോലും ഇന്ദ്രിയങ്ങള്‍ക്ക് തിരിച്ചറിയേണ്ട കാര്യമില്ല. ഏത് ഇന്ദ്രിയമാണോ ഈ ലോകത്ത് ഇത്രമാത്രം നിശ്ശബ്ദതയും അക്രമവും നാശവും വിതച്ചത് ആ ഇന്ദ്രിയത്തിന്റെ ചരിത്രവും ‘ആത്മകഥ’യുമാണ് കിം നമുക്ക് കാട്ടിത്തരുന്നത്. ഉദ്ധരിച്ച പൗരുഷത്തിന്റെ അഹങ്കാരങ്ങളുടെ
അപനിര്‍മാണമാണ് ആ ചിത്രം.

സ്വന്തം ലിംഗം വെടിവെച്ചു തകര്‍ത്ത് സിനിമയിലെ ഭാവിപുരുഷന്‍ ബുദ്ധ പ്രകാശത്തില്‍ സാഷ്ടാംഗം പ്രണമിക്കുമ്പോള്‍ കിം പ്രസരിപ്പിക്കുന്ന
സന്ദേശം വ്യക്തമാണ്. സര്‍വതിന്മകളുടെയും ഉന്മൂലനത്തിനുള്ള ഏക പോംവഴി ബുദ്ധന്റെ വെളിച്ചമാണ് എന്നതുമാത്രമല്ല, ലിംഗാധികാരത്തിന് അന്ത്യം കുറിക്കുക എന്നതുകൂടിയാണ് അത്.

ഗര്‍ഭപാത്രത്തിലേക്ക് കമ്പിപ്പാരകയറ്റി നാം കൊന്ന ‘നിര്‍ഭയ’യ്ക്ക് ഇനിയും നീതി കിട്ടാത്ത നാട്ടില്‍ കിം വിതയ്ക്കുന്നത് അക്രമാസക്തമായ ശാന്തത തന്നെയാണ്. അതേ, കഠാര കൈയിലേന്തിയ ധ്യാനബുദ്ധന്റെ ഉയര്‍ത്തെഴുന്നേല്പാണ് കിമ്മിന്റെ ഈ വരവില്‍ നാം കണ്ടത്. മലയാളം ചെയ്യാത്ത, ചെയ്യാന്‍ ധൈര്യപ്പെടാത്ത മലയാള സിനിമകള്‍ തന്നെയാണത്.

കടപ്പാട്: കാഴ്ചയുടെ ഭൂപടത്തില്‍ ഓര്‍മകളുടെ വസന്തം – പുസ്തക പ്രസാധക സംഘം, 2017

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Premchand Writes about Korean Director Kim Ki Duke

പ്രേംചന്ദ്‌

പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, സിനിമാ നിരൂപകന്‍

We use cookies to give you the best possible experience. Learn more