[]ന്യൂദല്‍ഹി: വിവാഹത്തിനു മുന്‍പുള്ള ലൈംഗിക ബന്ധം സദാചാര വിരുദ്ധവും മതങ്ങളുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരുമെന്ന് ദല്‍ഹി കോടതി.
എന്നാല്‍ വിവാഹം കഴിക്കുമെന്ന ഉറപ്പിന്‍ മേലുള്ള ലൈഗിംക ബന്ധം ബലാല്‍സംഗമാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസവും ജോലിയുമുള്ള ഒരു സ്ത്രീയ്ക്ക് സ്വന്തം ഉത്തരവാദിത്വത്തില്‍ വിവാഹം ഉറപ്പിച്ച ആളുമായി ശാരീരികബന്ധം ആവാം എന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് വിരേന്ദര്‍ ബട്ട് പറഞ്ഞു.
തന്റെ അഭിപ്രായത്തില്‍ വിവാഹ വാഗ്ദാനത്തിന്‍മേല്‍ രണ്ട് മുതിര്‍ന്ന വ്യക്തികള്‍ തമ്മിലുള്ള ലൈംഗികബന്ധം പിന്നീട് ആ വിവാഹം നടക്കാതിരുന്നാലും ബലാല്‍സംഗമാവില്ല എന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം ഉത്തരവാദിത്തത്തില്‍ വിദ്യാഭ്യാസവും ജോലിയുമുള്ള ഒരു സ്ത്രീ വിവാഹ വാഗ്ദാനം നല്‍കിയാളുമായി ലൈംഗിക ബന്ധം പുലര്‍ത്തുമ്പോള്‍ അവളുടെ പ്രവര്‍ത്തിയുടെ വരും വരായ്കകളെക്കുറിച്ച് അവള്‍ ബോധവതിയായിരിക്കണം.
വിവാഹം വാഗ്ദാനം ചെയ്ത ആള്‍ അത് നിറവേറ്റണമെന്നില്ല. ഇത് സദാചാരവിരുദ്ധമാണെന്നും മതങ്ങളുടെ തത്വങ്ങള്‍ക്ക് എതിരാണെന്നും മനസിലാക്കണം.
ലോകത്തിലെ ഒരു മതവും വിവാഹ പൂര്‍വ്വ ലൈംഗികത അനുവദിക്കുന്നില്ല- കോടതി പറഞ്ഞു.
ചാറ്റിങിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി വഞ്ചിക്കപ്പെട്ട ദല്‍ഹി സ്വദേശിനിയുടെ പരാതി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
കേസില്‍ കുറ്റാരോപിതനായ മള്‍ട്ടി നാഷണല്‍ കമ്പനി ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കിയതായും കോടതി അറിയിച്ചു.