ഹൈദരബാദിലെ പ്രേമത്തിന്റെ കഥയുമായി നസ്‌ലെന്‍: പുതിയ സിനിമയുടെ ട്രെയ്‌ലര്‍ പുറത്ത്
Entertainment
ഹൈദരബാദിലെ പ്രേമത്തിന്റെ കഥയുമായി നസ്‌ലെന്‍: പുതിയ സിനിമയുടെ ട്രെയ്‌ലര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 1st February 2024, 5:46 pm

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രേമലു. നസ്‌ലെന്‍ നായകനായെത്തുന്ന സിനിമയില്‍ മമിതാ ബൈജുവാണ് നായിക. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഹൈദരാബാദിനെ ചുറ്റിപ്പറ്റി നടക്കുന്ന പ്രണയകഥയാണ് സിനിമയുടേതെന്നാണ് ട്രെയ്‌ലര്‍ തരുന്ന സൂചനകള്‍.

സച്ചിന്‍ എന്ന ടീനേജുകാരന് സുഹൃത്ത് റീനുവിനോട് തോന്നുന്ന പ്രണയമാണ് സിനിമയുടെ കഥ. സച്ചിനായി നസ്‌ലെനും റീനുവായി മമിതാ ബൈജുവും എത്തുന്നു. ഗിരീഷ് എ.ഡി. യും നസ്‌ലെനും തുടര്‍ച്ചയായ മൂന്നാം തവണയാണ് ഒന്നിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനം ഓ കുഡിയെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

മീനാക്ഷി രവീന്ദ്രന്‍, ശ്യാം മോഹന്‍, അല്‍ത്താഫ് സലീം, എന്നിവരാണ് മറ്റു താരങ്ങള്‍. മാത്യൂ തോമസും സിനിമയില്‍ ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്. ഗിരീഷ് എ.ഡി. യും കിരണ്‍ ജോസിയും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. വിഷ്ണു വിജയ് സംഗീത സംവിധാനവും അജ്മല്‍ സാബു ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. കുമ്പളങ്ങി നൈറ്റ്‌സ്, പാല്‍തു ജാന്‍വര്‍, ജോജി, തങ്കം എന്നീ സിനിമകള്‍ക്ക് ശേഷം ഭാവന സ്റ്റുഡിയോസ് നിര്‍മിക്കുന്ന സിനിമ കൂടിയാണ് പ്രേമലു. ഫെബ്രുവരി ഒമ്പതിന് ചിത്രം തിയേറ്ററിലെത്തും.

Content Highlight: Premalu trailer released