| Wednesday, 20th March 2024, 1:08 pm

മുരുകാ നീ തീര്‍ന്നെടാ.... തെലുങ്കില്‍ മുരുകനെ വീഴ്ത്തി പ്രേമലു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റിലീസ് ചെയ്ത് 40ാം ദിവസവും ഗംഭീരമുന്നേറ്റം നടത്തുകയാണ് പ്രേമലു. കേരളത്തിന് പുറമേ ആന്ധ്രയിലും തെലങ്കാനയിലും മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഈ വര്‍ഷത്തെ രണ്ടാമത്തെ 100 കോടി ചിത്രമായി മാറിയ പ്രേമലുവിന്റെ തെലുങ്ക് ഡബ്ബും റിലീസായി. രാജമൗലിയുടെ മകന്‍ എസ്.എസ് കാര്‍ത്തികേയയാണ് തെലുങ്ക് റൈറ്റ്‌സ് നേടിയത്. പല തെലുങ്ക് ചിത്രങ്ങളെയും പിന്തള്ളി പ്രേമലു തെലുങ്കിലും ഹിറ്റായി.

ഇപ്പോഴിതാ പുലിമുരുകന്റെ തെലുങ്ക് റെക്കോഡും പ്രേമലു തകര്‍ത്തിരിക്കുകയാണ്. പുലിമുരുകന്റെ തെലുങ്ക് പതിപ്പായ മന്യം പുലി 2016ല്‍ ഇട്ട റെക്കോഡാണ് പ്രേമലു തകര്‍ത്തത്. 10 കോടി നേടിയ മന്യം പുലിയെ മറികടന്ന് 10.5 കോടിയാണ് പ്രേമലുവിന്റെ തെലുങ്ക് ഡബ്ബ് നേടിയത്. തെലുങ്കിലെ വമ്പന്‍ താരങ്ങളുടെ സിനിമകള്‍ റിലീസായ സമയത്തും പ്രേമലു മിക്ക തിയേറ്ററുകളിലും നിറഞ്ഞോടുകയാണ്.

തെലുങ്ക് പതിപ്പിന്റെ സക്‌സസ് മീറ്റില്‍ രാജമൗലി പ്രേമലുവിനെയും മലയാള സിനിമയെയും അഭിനന്ദിച്ച് സംസാരിച്ചിരുന്നു. ചിത്രം കണ്ട ശേഷം എക്‌സില്‍ ഇട്ട പോസ്റ്റില്‍ സിനിമ കണ്ട് ഒരുപാട് ചിരിച്ചെന്നും ശ്യാം മോഹന്‍ അവതരിപ്പിച്ച ആദിയെ വളരെയധികം ഇഷ്ടപ്പെട്ടെന്നും കുറിച്ചു.

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവും സിനിമയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ഒരുപാട് കാലത്തിന് ശേഷമാണ് ഇങ്ങനെ ചിരിച്ചുകൊണ്ട് ഒരു സിനിമ കാണുന്നതെന്നാണ് മഹേഷ് ബാബു പറഞ്ഞത്. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തില്‍ നസ്‌ലെനും മമിത ബൈജുവുമാണ് പ്രധാന താരങ്ങള്‍. ഏറെക്കാലത്തിന് ശേഷം മലയാളത്തിലെത്തിയ ഈ റോം കോം എന്റര്‍ടൈനര്‍ ഇതുവരെ ആഗോളതലത്തില്‍ 130 കോടിയിലധികം കളക്ട് ചെയ്തു.

Content Highlight: Premalu Telugu version beats the collection of Pulimurugan Telugu dub

We use cookies to give you the best possible experience. Learn more